Sorry, you need to install flash to see this content.

view counter

പ്രശ്നങ്ങള്‍ പ്രതികരണങ്ങള്‍

ഫാഷിസത്തിലെ മഴു കാണാനില്ല

പത്താംക്ലാസിലെ നിലവിലുള്ള സാമൂഹികശാസ്ത്ര പാഠപുസ്തകത്തില്‍ ഫാഷിസത്തിന് നല്‍കിയ നിര്‍വചനം അപൂര്‍ണവും ചരിത്രവിരുദ്ധവുമാണ്. മുന്‍കാല പാഠപുസ്തകങ്ങളില്‍ 'ഫാസിയോഡി കൊമ്പാറ്റിമെന്‍േറാ' എന്ന പദത്തില്‍നിന്നാണ് ഫാഷിസം എന്ന പദമുദ്ഭവിച്ചത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
'ഒരു കെട്ട് ദണ്ഡുകളും ഒരു മഴുവും' എന്നാണിതിനര്‍ഥം. അധികാരംകൊണ്ടേ ഐക്യമുണ്ടാക്കാനാവൂ എന്നാണിതിന്റെ വിവക്ഷ. എന്നാല്‍, ഇപ്പോഴത്തെ പുസ്തകത്തില്‍നിന്ന് മഴു എടുത്തുമാറ്റി 'ഒരുമ' മാത്രം ചേര്‍ത്തിരിക്കുന്നു. ഈ തെറ്റ് അധികൃതര്‍ ഉടന്‍ തിരുത്തണം.
സുരേഷ്‌കുമാര്‍ കന്നൂര്,
കൊയിലാണ്ടി

ഹര്‍ത്താലിനും വേണം ചട്ടക്കൂട്

ഇന്ധന വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താല്‍ മറ്റൊരു ജനദ്രോഹമായി മാറി. വിലക്കയറ്റം കൂടുതല്‍ ബാധിക്കുന്ന സംസ്ഥാനമെന്ന നിലക്ക് ഹര്‍ത്താല്‍ എന്ന സമരരീതിയെ തള്ളിക്കളയുകയല്ല; പക്ഷേ, അതിനും വേേണ്ട ഒരു മര്യാദ! പ്രകടനം നടത്തുന്ന ലാഘവത്തോടെ അന്നുതന്നെ വേണമായിരുന്നോ ഹര്‍ത്താല്‍ ആഹ്വാനം. വിശേഷിച്ചും ശനിയാഴ്ച ദിവസമെന്നത് വിവാഹ ഒരുക്കങ്ങള്‍ കൂടുതല്‍ നടക്കുന്ന ദിവസമാണ്. ഞായര്‍ അവധി ദിനമായതിനാല്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും പ്രയാസങ്ങള്‍ ഏറെ. ഗള്‍ഫിലെത്തേണ്ട യാത്രക്കാര്‍ക്കും രോഗികള്‍ക്കും പെട്ടെന്നുള്ള ഹര്‍ത്താല്‍മൂലം ദുരിതം.

ശ്രീശാന്ത് ക്യാപ്റ്റന്‍സിക്ക് അര്‍ഹനോ?

ശ്രീശാന്ത്, ഇന്ത്യക്കുവേണ്ടി ഒരു കേരളീയന്‍ കളിച്ച് മുന്നേറിയപ്പോള്‍ ഏറെ അഭിമാനിച്ചവരാണ് ഞങ്ങള്‍. അത് നിങ്ങളായിട്ട് ഇല്ലാതാക്കരുതെന്ന അഭ്യര്‍ഥനയുണ്ട്. കേരള ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയതിനാല്‍ ഇനി കേരളത്തിനുവേണ്ടി കളിക്കില്ലെന്നു പറയുന്നു. അന്താരാഷ്ട്ര ടീമില്‍ നിരവധി കളികള്‍ കളിച്ച് മികവ് കാണിച്ചുവെന്നല്ലാതെ ഒരു ക്യാപ്റ്റനു വേണ്ട യോഗ്യതകള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. എന്തായാലും, തോല്‍വികള്‍ പരമ്പരയാക്കിയ കേരളത്തിന് താങ്കളുടെ തീരുമാനം മൂലം ഒന്നും നഷ്ടപ്പെടാനില്ല എന്നു തുറന്നുപറയട്ടെ.

ആരുടെ പക്ഷത്ത്?

നിഷ്‌കളങ്കരായ മനുഷ്യപ്പറ്റങ്ങളെ നിഷ്‌കരുണം കൊലപ്പെടുത്തുന്ന അമേരിക്കയെയും ഇസ്രായേലിനെയും എന്തിന്റെ പേരിലാണ് ഇന്ത്യ നെഞ്ചോട് ചേര്‍ക്കുന്നത്?
ഗസ്സ കൂട്ടക്കൊലക്കെതിരെ ലോകമൊട്ടുക്കും പ്രതിഷേധക്കടലിരമ്പിയപ്പോഴും അങ്ങ് അമേരിക്കയും ഇങ്ങ് ഇന്ത്യയും ഔപചാരിക വാക്കുകളില്‍ നിലപാട് ഒതുക്കിക്കളഞ്ഞത് എന്തുകൊണ്ട്?
അജ്മല്‍ പി. മമ്പാട്, മലപ്പുറം
Syndicate content
Share/Bookmark