Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമന്ത്രിസഭക്ക് പുതിയ...

മന്ത്രിസഭക്ക് പുതിയ മുഖം

text_fields
bookmark_border
മന്ത്രിസഭക്ക് പുതിയ മുഖം
cancel

ദുബൈ: യു.എ.ഇ രൂപവത്കരണത്തിന് ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭാ പുനസംഘടന പ്രഖ്യാപിച്ചു. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ട്വിറ്ററിലൂടെയാണ് ബുധനാഴ്ച 29 അംഗ മന്ത്രിസഭയുടെ പട്ടിക പുറത്തുവിട്ടത്. 
ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കിയാണ് മന്ത്രിസഭ പുനസംഘടിപ്പിച്ചിരിക്കുന്നത്. എട്ട് പുതിയ മന്ത്രിമാരെ നിയമിച്ചപ്പോള്‍ നിലവിലെ മൂന്നു പേരെ ഒഴിവാക്കി. പുതിയ മന്ത്രിമാരില്‍  അഞ്ചുപേര്‍ വനിതകളാണ്. ഇതോടെ മന്ത്രിസഭയിലെ മൊത്തം വനിതകളുടെ എണ്ണം എട്ടായി. വനിതകള്‍ക്ക് 27.5 ശതമാനം പ്രാതിനിധ്യം. പുതുതായി നിയമിതരായ മന്ത്രിമാരുടെ ശരാശരി പ്രായം 38 വയസ്സാണ്. സന്തോഷം, സഹിഷ്ണുത വകുപ്പുകള്‍ സൃഷ്ടിക്കുകയും സഹമന്ത്രിമാരെ നിയമിക്കുകയും ചെയ്തു. ഫെഡറല്‍ മന്ത്രിസഭാ ഘടനയില്‍ മാറ്റം വരുത്തുന്ന പ്രഖ്യാപനം കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉച്ചകോടിയില്‍ ശൈഖ് മുഹമ്മദ് നടത്തിയിരുന്നു. വകുപ്പുകളുടെ എണ്ണം കുറച്ചും മന്ത്രിമാരുടെ എണ്ണം കൂട്ടിയുമാണ് പുതിയ മന്ത്രിസഭ നിലവില്‍ വന്നിരിക്കുന്നത്. 
പ്രതിരോധ വകുപ്പിന്‍െറ ചുമതല കൂടി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വഹിക്കും. അന്താരാഷ്ട്ര സഹകരണ- വികസന വകുപ്പ് മന്ത്രിയായിരുന്ന ശൈഖ ലുബ്ന ആല്‍ ഖാസിമിയെ പുതുതായി രൂപവത്കരിച്ച സഹിഷ്ണുതാ വകുപ്പിന്‍െറ സഹമന്ത്രിയായി നിയമിച്ചു. കാബിനറ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന നജ്ല മുഹമ്മദ് അല്‍ അവാറാണ് സാമൂഹിക വികസന മന്ത്രി. ഡോ. ഥാനി അല്‍ സിയൂദിയാണ് കാലാവസ്ഥാ വ്യതിയാന- പരിസ്ഥിതി കാര്യ മന്ത്രി. ഐക്യരാഷ്ട്രസഭ പുനരുപയോഗ ഊര്‍ജ ഏജന്‍സിയുടെ യു.എ.ഇ പ്രതിനിധിയാണ് ഇദ്ദേഹമിപ്പോള്‍. 
32 വയസ്സുകാരനായ ഇദ്ദേഹത്തിന് പുനരുപയോഗ ഊര്‍ജ വിഷയത്തില്‍ ഡോക്ടറേറ്റുണ്ട്. മുഹമ്മദ് അല്‍ ബുവാരിദിയാണ് പുതിയ പ്രതിരോധ സഹമന്ത്രി. ജമീല സാലിം അല്‍ മുഹൈരി പൊതുവിദ്യാഭ്യാസ സഹമന്ത്രിയാകും. 
വിദ്യാഭ്യാസ രംഗത്ത് 20 വര്‍ഷത്തെ പരിചയമുള്ള ജമീലക്ക് പുതിയ ദൗത്യം ഏറ്റെടുക്കാനാകുമെന്ന് ശൈഖ് മുഹമ്മദ് പ്രത്യാശിച്ചു. മസ്ദര്‍ ചെയര്‍മാനും ഖലീഫ സര്‍വകലാശാല പ്രഫസറുമായ ഡോ. അഹ്മദ് ബല്‍ഹൂലാണ് ഉന്നത വിദ്യാഭ്യാസ സഹമന്ത്രി. ഉഹൂദ് അല്‍ റൂമിയാണ് സന്തോഷ കാര്യ സഹമന്ത്രി. നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഡയറക്ടര്‍ ജനറലായ അവര്‍ ആ പദവിയില്‍ തുടരും. നൂറ അല്‍ കഅബി ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കാര്യ സഹമന്ത്രി. നേരത്തെ എഫ്.എന്‍.സി അംഗമായിരുന്നു. 
22കാരിയായ ശമ്മ അല്‍ മസ്റൂയി യുവജന കാര്യ മന്ത്രിയാകും. ന്യൂയോര്‍ക് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഓക്സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദവുമെടുത്ത ഇവര്‍ യൂത്ത് കൗണ്‍സില്‍ പ്രസിഡന്‍റിന്‍െറ ചുമതല കൂടി വഹിക്കും.      മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകുന്ന ഉന്നതവിദ്യാഭ്യാസ- ശാസ്ത്രഗവേഷണ കാര്യ മന്ത്രി ശൈഖ് ഹംദാന്‍ ബിന്‍ മുബാറക്, സാമൂഹിക കാര്യ മന്ത്രി മറിയം അല്‍ റൂമി, കഴിഞ്ഞ രണ്ടുവര്‍ഷം സഹമന്ത്രിയായിരുന്ന അബ്ദുല്ല ഗോബാശ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. 

പുതിയ മന്ത്രിമാരും വകുപ്പുകളും

ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം: പ്രധാനമന്ത്രി, പ്രതിരോധം
ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍: ഉപപ്രധാനമന്ത്രി, ആഭ്യന്തരം
ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍: ഉപപ്രധാനമന്ത്രി, പ്രസിഡന്‍ഷ്യല്‍കാര്യം 
ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം: ധനകാര്യം
ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍: വിദേശകാര്യ- അന്താരാഷ്ട്ര സഹകരണം
ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍: സാംസ്കാരിക- വിജ്ഞാന വികസനം
ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് ആല്‍ ഖാസിമി: സഹിഷ്ണുതാ കാര്യം (സഹമന്ത്രി)
മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി: കാബിനറ്റ്- ഭാവി കാര്യം
സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി: സാമ്പത്തിക കാര്യം
ഡോ. അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ ഉവൈസ്: ആരോഗ്യ- രോഗപ്രതിരോധ കാര്യം 
സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ്: മനുഷ്യവിഭവശേഷി- സ്വദേശിവത്കരണം
ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാശ്: വിദേശകാര്യം (സഹമന്ത്രി) 
ഉബൈദ് ബിന്‍ ഹുമൈദ് അല്‍ തായിര്‍: സാമ്പത്തിക കാര്യം (സഹമന്ത്രി)
റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശിമി: അന്താരാഷ്ട്ര സഹകരണം (സഹമന്ത്രി) 
സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറജ് അല്‍ മസ്റൂഇ: ഊര്‍ജ കാര്യം 
ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദി: വിദ്യാഭ്യാസം 
ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബെല്‍ഹൈഫ് അല്‍ നുഐമി: അടിസ്ഥാന സൗകര്യവികസനം 
സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ ബാദി: നീതിന്യായം 
നജ്ല ബിന്‍ത് മുഹമ്മദ് അല്‍ അവാര്‍: സാമൂഹിക വികസനം 
മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ ബുവാരിദി: പ്രതിരോധം (സഹമന്ത്രി) 
ഡോ. ഥാനി ബിന്‍ അഹ്മദ് അല്‍ സിയൂദി: കാലാവസ്ഥാ വ്യതിയാന- പരിസ്ഥിതി കാര്യം 
ജമീല ബിന്‍ത് സാലിം അല്‍ മുഹൈരി: പൊതുവിദ്യാഭ്യാസം (സഹമന്ത്രി) 
ഡോ. അഹ്മദ് ബിന്‍ അബ്ദുല്ല ഹുമൈദ് ബല്‍ഹൂല്‍ അല്‍ ഫലാസി: ഉന്നത വിദ്യാഭ്യാസം (സഹമന്ത്രി)
ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ജാബിര്‍: സഹമന്ത്രി
ഡോ. മാഇത ബിന്‍ത് സാലിം അല്‍ ശംസി: സഹമന്ത്രി
ഡോ. റാശിദ് ബിന്‍ അഹ്മദ് ബിന്‍ ഫഹദ്: സഹമന്ത്രി 
ഉഹൂദ് ബിന്‍ത് ഖല്‍ഫാന്‍ അല്‍ റൂമി: സന്തോഷ കാര്യം (സഹമന്ത്രി) 
നൂറ ബിന്‍ത് മുഹമ്മദ് അല്‍ കഅബി: എഫ്.എന്‍.സി കാര്യം (സഹമന്ത്രി) 
ശമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്റൂഇ: യുവജന കാര്യം (സഹമന്ത്രി) 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new Cabinet of UAE
Next Story