Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightAyurvedachevron_rightവിളര്‍ച്ച തടയാന്‍...

വിളര്‍ച്ച തടയാന്‍ ആയുര്‍വ്വേദം

text_fields
bookmark_border
വിളര്‍ച്ച തടയാന്‍ ആയുര്‍വ്വേദം
cancel

രക്തത്തിലെ ഹീമോഗ്ളോബിന്‍െറയും ചുവന്ന രക്താണുക്കളുടേയും എണ്ണത്തിലും ഗുണത്തിലും കുറവ് വരുന്ന അവസ്ഥയാണ് വിളര്‍ച്ച അഥവാ അനീമിയ. ആയൂര്‍വ്വേദം ‘‘പാണ്ഡു’’ എന്നാണ് വിളര്‍ച്ചയെ പറയുക. ശരീരത്തില്‍ നിന്ന് രക്തം നഷ്ടപ്പെടുകയോ ഉത്പാദിപ്പിക്കപ്പെടുന്ന രക്തം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് മതിയാകാതെ വരികയോ ചെയ്യുമ്പോള്‍ വിളര്‍ച്ച ഉണ്ടാകുന്നു. ലോക ജനസംഖ്യയുടെ മുപ്പത് ശതമാനത്തോളം പേര്‍ക്ക് വിളര്‍ച്ചയുള്ളതായി കാണുന്നു.

വിളര്‍ച്ച ഉണ്ടാകുന്നതെങ്ങനെ ?

അസ്ഥികളിലെ മജ്ജയിലാണ് രക്തം ഉല്‍പാദിപ്പിക്കുന്നത്. ഏകദേശം അഞ്ചു ലക്ഷം കോടി ചുവന്ന രക്തകോശങ്ങളാണ് ഒരു ദിവസം മജ്ജയിലുണ്ടാകുന്നത്. ചുവന്ന രക്തകോശങ്ങളുടെ സ്വാഭാവികമായ ആയുസ്സ് 120 ദിവസമാണ്. അനാരോഗ്യമുള്ളവരില്‍ ഇത് വീണ്ടും കുറയും. ചില അവസ്ഥകളില്‍ നശിക്കപ്പെടുന്നതിന്‍െറയും നിര്‍മ്മിക്കപ്പെടുന്നതിന്‍െറയും അനുപാതം നഷ്ടപ്പെടുന്നത് ചുവന്ന രക്താണുക്കളുടെ അമിത നാശത്തിനിടയാക്കും. ഇത് വിളര്‍ച്ചയ്ക്കിടയാക്കുന്നു. ഇവരില്‍ മഞ്ഞപ്പിത്തത്തിന്‍െറ ലക്ഷണങ്ങളും കാണാറുണ്ട്.

വിളര്‍ച്ച പ്രധാനമായും നാലു തരം

കാരണങ്ങളുടെയും സ്വഭാവത്തിന്‍െറയും അടിസ്ഥാനത്തില്‍ വിളര്‍ച്ചയെ പ്രധാനമായും നാലായി തരംതിരിക്കാം.

1. രക്തകോശങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ പോഷകങ്ങളുടെ കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ച

ഏറ്റവും സാധാരണമായി കണ്ട് വരുന്ന വിളര്‍ച്ചയാണിത്. ഇരുമ്പിന്‍െറ കുറവാണ് ഇതിനിടയാക്കുക. വളര്‍ച്ചാവേഗം കൂടുന്ന ബാല്യത്തിലും കൗമാരത്തിലും ഇരുമ്പിന്‍െറ ആവശ്യകത വളരെ കൂടുതലാണ്. ഗര്‍ഭകാലത്തും ഇരുമ്പടങ്ങിയ ഭക്ഷണം ധാരാളം കഴിക്കേണ്ടതുണ്ട്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് രക്തം നഷ്ടപ്പെടുന്നതിനാല്‍ ഇരുമ്പിന്‍െറ കുറവ് മൂലമുള്ള വിളര്‍ച്ച സ്ത്രീകളിലുണ്ടാകാറുണ്ട്.

2. അസ്ഥിമജ്ജക്ക് വേണ്ടത്ര രക്തകോശങ്ങളെ ഉല്‍പാദിപ്പിക്കാന്‍  കഴിയാതെ വരുന്നത് മൂലമുണ്ടാകുന്ന വിളര്‍ച്ച

ദീര്‍ഘനാളായുള്ള കരള്‍ വൃക്കരോഗങ്ങള്‍, അര്‍ബുദം, ക്ഷയം, തൈറോയ്ഡ് തകരാറുകള്‍ ഇവയൊക്കെ മജ്ജയുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കും.

3. ജന്മനായുള്ള ഹീമോഗ്ളോബീന്‍െറ ഉത്പാദനത്തിലെ തകരാറുകള്‍ മൂലമുള്ള വിളര്‍ച്ച

ഈ അവസ്ഥയില്‍ ചുവന്ന രക്തകോശങ്ങള്‍ മജ്ജയില്‍ നിര്‍മ്മിക്കപ്പെടുന്നതിനേക്കാള്‍ വേഗത്തില്‍ നശിച്ച് പോകുന്നു. ചുവന്ന രക്തകോശങ്ങളുടെ ഘടനാപരമായ തകരാറുകളും വിളര്‍ച്ചക്കിടയാക്കും.

4. അപകടങ്ങള്‍ മൂലമുള്ള രക്തസ്രാവം കൊണ്ടുണ്ടാകുന്ന വിളര്‍ച്ച

വിളര്‍ച്ച പ്രധാനലക്ഷണങ്ങള്‍

ചെറിയ ആയാസങ്ങള്‍ പോലും കഠിനമായ ക്ഷീണത്തിനും കിതപ്പിനും ഇടയാക്കുന്നത് വിളര്‍ച്ചയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ദേഷ്യം, ശ്വാസം മുട്ടല്‍, തണുപ്പ് സഹിക്കാന്‍ വയ്യാതാവുക, ഹൃദയമിടിപ്പ് കൂടുക, മുടികൊഴിച്ചില്‍, തലകറക്കം, വിളറിയ വെളുപ്പുനിറം പ്രത്യേകിച്ച് കണ്ണിന് താഴെയുള്ള ശ്ളേഷ്മ സ്തരത്തിലും  ചര്‍മ്മത്തിലും നാക്കിലും തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങള്‍. കല്ല്, മണ്‍കട്ട, അരി, പേപ്പര്‍, പെയിന്‍റ്, തടി, തലമുടി ഇവ കഴിക്കാന്‍ തോന്നുന്നതും വിളര്‍ച്ചയുടെ പ്രത്യേക ലക്ഷണമാണ്. കാലില്‍ രൂപപ്പെടുന്ന നീരും ശ്രദ്ധയോടെ കാണണം. മലം കറുത്ത നിറത്തില്‍ പോകുന്നത് ആന്തരിക രക്തസ്രാവത്തിന്‍െറ മുഖ്യ ലക്ഷണമാണ്.


വിളര്‍ച്ച -സാധ്യതകള്‍ ആര്‍ക്കൊക്കെ ?

ബാഹ്യമായും ആന്തരികമായും അമിതമായുണ്ടാകുന്ന രക്തസ്രാവങ്ങളൊക്കെ വിളര്‍ച്ചക്ക് വഴിയൊരുക്കാറുണ്ട്. അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലെ അര്‍ബുദം, അര്‍ശ്ശസ്, രക്തപിത്തം, കുടലിലും ആമാശയത്തിലുമുണ്ടാകുന്ന രക്തസ്രാവം ഇവയൊക്കെ കഠിനമായ വിളര്‍ച്ചിക്കിടയാക്കാറുണ്ട്.  ദീര്‍ഘകാല കരള്‍ രോഗങ്ങളത്തെുടര്‍ന്ന് അന്നനാളത്തില്‍ രക്തക്കുഴലുകള്‍ വീര്‍ത്ത് പൊട്ടുന്നതും, ഗുരുതരമായ രക്തസ്രാവത്തിനും വിളര്‍ച്ചക്കുമിടയാക്കും. കൂടാതെ ബാഹ്യമായുണ്ടാകുന്ന ആഘാതങ്ങള്‍, ഭക്ഷ്യവിഷബാധ ഇവയും  വിളര്‍ച്ചക്കിടയാക്കും. ചില കാരണങ്ങളാല്‍ ആഹാരത്തില്‍നിന്ന് ഇരുമ്പിനെ വലിച്ചെടുക്കാനുള്ള ശേഷി ചിലര്‍ക്ക് കുറവായിരിക്കും. ഇതും വിളര്‍ച്ചക്കിടയാക്കും. കൊക്കപ്പുഴുബാധ വിളര്‍ച്ചക്കിടയാക്കുന്ന മറ്റൊരു ഘടകമാണ്. മുലപ്പാലിന് പകരണം പശുവിന്‍പാല്‍ മാത്രം കുടിച്ച് വളരുന്ന കുട്ടികളിലും വിളര്‍ച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

സ്ത്രീകളില്‍ വിളര്‍ച്ച കൂടുതല്‍

പുരുഷന്മാരെ അപേക്ഷിച്ച്  സ്ത്രീകളിലാണ്  വിളര്‍ച്ച കൂടുതലായി കാണുന്നത്. സ്ത്രീകളില്‍  ആര്‍ത്തവകാലത്തെ അമിത രക്തസ്രാവത്തിന് പുറമേ ഗര്‍ഭാശയമുഴകള്‍, ഗര്‍ഭാശായാര്‍ബുദം,  അണ്ഡാശയങ്ങളിലും ഫലോപ്പിയന്‍ നാളികളിലുമുണ്ടാകുന്ന മുഴകള്‍ തുടങ്ങിയവയും രക്തസ്രാവത്തിനും വിളര്‍ച്ചക്കുമിടയാക്കും. പുരുഷന്മാരില്‍ ഹീമോഗ്ളോബിന്‍െറ നില 13 gm-d കുറവാണെങ്കില്‍  വിളര്‍ച്ചയുള്ളതായി കണക്കാക്കാം. സ്ത്രീകളില്‍ 12 gm-d ലും  ഗര്‍ഭകാലത്ത് 11.5 ഗ്രാം -dl ലും കുറയുന്നത് വിളര്‍ച്ചയുടെ സൂചനയാണ്. പ്രസവസമയത്തും, ഗര്‍ഭഥകാലങ്ങളിലും വിളര്‍ച്ച വിവിധതരത്തിലുള്ള സങ്കീര്‍ണ്ണതകള്‍ക്കുമിടയാക്കുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധയുണ്ടാവണം.

പരിഹാരങ്ങള്‍

വിളര്‍ച്ചക്കിടയാക്കുന്ന കാരണങ്ങള്‍ വ്യത്യസ്തമായതിനാല്‍ ചികിത്സയും ഓരോരുത്തരിലും വ്യത്യസ്ഥമായിരിക്കും. മുന്തിരി, ഈന്തപ്പഴം, നെല്ലിക്ക, ഇലവിന്‍ പശ, ഇരട്ടി മധുരം, ഞാഴല്‍പ്പൂവ്, ചീറ്റിന്തല്‍, പാച്ചോറ്റിത്തൊലി, മുരല്‍വിത്ത്, ലന്തപ്പഴം, മാതളം, അത്തിപ്പഴം, കരിമ്പ്, യവം, മുത്തുച്ചിപ്പി, മൈലാഞ്ചി ഇവ വിളര്‍ച്ചയുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്താറുണ്ട്. ഒൗഷധത്തോടൊപ്പം ഇരുമ്പടങ്ങിയ ഭക്ഷണങ്ങളും വിളര്‍ച്ചയുടെ  നിയന്ത്രണത്തിന് അനിവാര്യമാണ്.

  • പച്ചക്കറികള്‍- തക്കാളി, പാവയ്ക്ക, ബ്രോക്കോളി, ബീറ്റ്റൂട്ട്, കോവയ്ക്ക, പടവലങ്ങ, ബീന്‍സ്.
  • പയര്‍വര്‍ഗ്ഗങ്ങള്‍ -ചെറുപയര്‍, തുവര
  • ധാന്യങ്ങള്‍ -തവിട് കളയാത്ത അരി, ഗോതമ്പ്
  • പഴങ്ങള്‍ -ആപ്പിള്‍, നേന്ത്രപ്പഴം, പ്പം, മാതളം, നെല്ലിക്ക, പപ്പായ, പേരക്ക, മുന്തിരിങ്ങ
  • ഇലക്കറികള്‍ -വിവിധയിനം ചീരകള്‍, മുരിങ്ങയില
  • മത്സ്യങ്ങള്‍ -മത്തി, അയല, നെയ്മീന്‍
  • ഉണക്കപ്പഴങ്ങള്‍ -കപ്പലണ്ടി, ഉണങ്ങിയ ഈന്തപ്പഴം, ബദാം.

ഇവ ഭക്ഷണത്തില്‍ മാറിമാറി ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ച തടയും. കരിപ്പെട്ടി, എള്ള് ഇവയും നല്ല ഫലം തരും. അതുപോലെ ഭക്ഷണം തെരെഞ്ഞെടുക്കുന്നതിലെ അപാകതകളും വിളര്‍ച്ചക്കിടയാക്കാറുണ്ട്. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം ഇരുമ്പടങ്ങിയ ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നത് ഇരുമ്പിന്‍െറ ആഗീകരണത്തെ തടസ്സപ്പെടുത്താറുണ്ട്. പാല്‍, പാല്‍ക്കട്ടി, മറ്റു പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ കാത്സ്യത്തിന്‍െറ ഉറവിടങ്ങള്‍ക്കൊപ്പം ഇരുമ്പടങ്ങിയ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

drpriyamannar@gmail.com

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthanemia
Next Story