Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightരക്തസമ്മര്‍ദം...

രക്തസമ്മര്‍ദം നിയന്ത്രിക്കാം

text_fields
bookmark_border
രക്തസമ്മര്‍ദം നിയന്ത്രിക്കാം
cancel

രക്തക്കുഴലുകളിലൂടെ രക്തം ഒഴുകുമ്പോള്‍ കുഴലിന്‍െറ ഉള്‍വശങ്ങളില്‍ സ്വാഭാവികമായി ചെലുത്തുന്ന മര്‍ദം ആണ് രക്തമര്‍ദം. 120/80mm hg എന്നതാണ് അനുയോജ്യമായ രക്ത മര്‍ദം. എന്നാല്‍ പ്രഷര്‍ നിലയില്‍ കാര്യമായ മാറ്റം ഉണ്ടാവുകയും അത് സ്ഥായിയായി നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ‘രക്തതിമര്‍ദം’ എന്ന രോഗാവസ്ഥയായി മാറും. മാരകമായ ആക്രമണത്തിന് തൊട്ട് മുമ്പ് വരെ പതുങ്ങിയിരിക്കുന്ന ഒരു രോഗമാണ് രക്താതിമര്‍ദം. രക്തസമ്മര്‍ദം വളരെ കൂടുന്നത് വരെ കാര്യമായ ലക്ഷണങ്ങള്‍ പ്രകടമല്ലാത്തിനാല്‍ ഏറിയ പങ്ക് രോഗികളും രോഗമുണ്ടെന്ന് അറിയുന്നില്ല.

പ്രതിരോധിക്കാനും നിയന്ത്രിക്കാനും കഴിയുന്ന രോഗമാണ് അമിത രക്തസമ്മര്‍ദം. ജീവിതശൈലിയില്‍ വരുത്തുന്ന അനുയോജ്യമായ ക്രമീകരണങ്ങളിലൂടെ തന്നെ രക്താതിമര്‍ദത്തിന്‍െറ ആരംഭഘട്ടത്തെ നിയന്ത്രിക്കാനാവും. കണ്ടുപിടിക്കാന്‍ ഏറ്റവും എളുപ്പമുള്ള രോഗമാണെങ്കിലും പകുതിയിലധികം പേര്‍ക്കും രോഗമുള്ളതായി അറിയാറില്ല. മസ്തിഷ്കാഘാതത്തിന്‍െറയോ ഹൃദയാഘാതത്തിന്‍െറയും രൂപത്തില്‍ രക്തസമ്മര്‍ദം കടന്നുവരുമ്പോഴാണ് പലരും രോഗത്തെ തിരിച്ചറിയുക.

പ്രത്യാഘാതങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദം വരുത്തുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്

  • ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയത്തിന്‍െറ പേശികള്‍ക്ക് ആയാസവും ഹൃദയത്തിന് വീക്കവും ഉണ്ടാക്കി ഹൃദയാഘാതത്തിനിടയാക്കും.
  • പക്ഷാഘാതത്തിനുള്ള പ്രധാന കാരണവും അമിത രക്തസമ്മര്‍ദമാണ്
  • വൃക്കയിലെ രക്തയോട്ടം കുറക്കുന്നു.
  • തലച്ചോറിലെ രക്തസ്രാവം മൂലമുള്ള ഓര്‍മക്കുറവിന് ഇടയാക്കും
  • അമിത രക്തസമ്മര്‍ദം തലച്ചോറിലെ രക്തം കട്ടപിടിക്കാനോ പൊട്ടിയൊലിക്കാനോ ഇടയാക്കും.

രക്താതി മര്‍ദം ^ സാധ്യതകള്‍ ആര്‍ക്കൊക്കെ?
പൊണ്ണത്തടി, പുകവലി, മദ്യപാനം, അമിത ഭക്ഷണം, ഹീനഭക്ഷണം ഇവക്ക് രക്താതി മര്‍ദവുമായി അടുത്ത ബന്ധമാണുള്ളത്. പ്രായം കൂടുന്തോറും രക്തക്കുഴലുകളുടെ ഇലാസ്തികത കുറയുകയും കൂടുതല്‍ മുറുക്കമുള്ളതാകുകയും ചെയ്യുന്നത് ചിലരില്‍ രക്താതിമര്‍ദത്തിനിടയാക്കും. കളികള്‍, വ്യായാമം, ഇവയില്‍ നിന്നകന്നതും നാടന്‍ ഭക്ഷണശീലങ്ങള്‍ ഒഴിവാക്കുന്നതും കുട്ടികളില്‍ രക്തസമ്മര്‍ദം കൂട്ടാറുണ്ട്. കൂടാതെ വൃക്കരോഗങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയ ഘടകങ്ങളും രക്താതിമര്‍ദം കൂട്ടുന്നുണ്ട്. പാരമ്പര്യവും രക്താതിമര്‍ദത്തിന് വഴിയൊരുക്കാറുണ്ട്.
പൊതുവേ ലക്ഷണങ്ങള്‍ പ്രകടമാക്കാറില്ളെങ്കിലും തലകറക്കം, തലക്ക് പുറകില്‍ വേദന, കിതപ്പ് ഇവ ചിലരില്‍ കാണാറുണ്ട്.

സ്ത്രീകളും രക്താതി മര്‍ദവും
സ്ത്രീകളില്‍ ഗര്‍ഭകാലത്തും ആര്‍ത്തവ വിരാമകാലത്തും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യത ചിലരില്‍ കൂടാറുണ്ട്. ഗര്‍ഭിണികളുടെ പ്രായം 18 വയസ്സില്‍ താഴെയാകുന്നതും 35 വയസ്സിന് മുകളിലാകുന്നതും രക്തസമ്മര്‍ദ സാധ്യതയെ വര്‍ധിപ്പിക്കാറുണ്ട്. കൂടാതെ അമിതവണ്ണം, പ്രമേഹം, വൃക്കരോഗങ്ങള്‍, പോഷകക്കുറവ്, മാനസിക സമ്മര്‍ദം തുടങ്ങിയ ഘടകങ്ങളും ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദം ഉയര്‍ത്താറുണ്ട്. കൂടാതെ ഒന്നില്‍ കൂടുതല്‍ കുട്ടികളെ ഗര്‍ഭത്തില്‍ വഹിക്കുന്നവര്‍ക്കും രക്താതിമര്‍ദ സാധ്യത ഉണ്ട്.

ഭക്ഷണ സമ്മര്‍ദം അമിത രക്തസമ്മര്‍ദത്തിന് വഴിയൊരുക്കും
ഭക്ഷണശീലങ്ങളില്‍ വന്ന ഗുണകരമല്ലാത്ത മാറ്റങ്ങള്‍ രക്തസമ്മര്‍ദത്തെ ഉയര്‍ത്തുന്ന പ്രധാനഘടകമാണ്. ഉപ്പും കൊഴുപ്പും മധുരവും ചേര്‍ന്ന ബേക്കറി വിഭവങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, അച്ചാര്‍, പപ്പടം, ചുവന്ന മാംസം, സംസ്‌കരിച്ച വിഭവം
, ഉണക്കമീന്‍ ഇവ അനിയന്ത്രിതമായ രക്തസമ്മര്‍ദത്തതിന് വഴിയൊരുക്കുമെന്നതിനാല്‍ ഉപേക്ഷിക്കേണ്ടതാണ്. കഴിച്ച ഭക്ഷണം ദഹിക്കുന്നതിന് മുമ്പേ അടുത്ത ഭക്ഷണം കഴിക്കുക, അമിതമായി കഴിക്കുക തുടങ്ങിയവയും രക്തസമ്മര്‍ദം ഉയര്‍ത്തും. ഉപ്പിന്‍െറ ഉപയോഗം പരിമിതപ്പെടുത്താനും ശ്രദ്ധിക്കേണ്ടതാണ്.

മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, അയല, മത്തി, ചൂര, കിളിമീന്‍, ഇവ ഉള്‍പ്പെട്ട നാടന്‍ ഭക്ഷണ ശീലങ്ങള്‍ രക്താതി മര്‍ദത്തെ നിയന്ത്രിച്ച് നിര്‍ത്തും. പൊട്ടാസ്യം അടങ്ങിയ വാഴപ്പഴം, തക്കാളി, ഓറഞ്ച്, ഉരുളക്കിഴങ്ങ് ഇവയും ഗുണകരമാണ്. മുരിങ്ങയില, ചീരയില, തഴുതാമയില, പാലക്, ചീര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ബീറ്റ്റൂട്ട് ഇവ രക്താതിമര്‍ദത്തെ കുറക്കുന്നതോടൊപ്പം നിയന്ത്രിച്ച് നിര്‍ത്തുകയും ചെയ്യും.

വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ (ഓര്‍ഗാനോ സള്‍ഫര്‍ സംയുക്തങ്ങള്‍) രക്തക്കുഴലുകളിലെ പേശികളെ ഭാഗികമായി അയച്ച് രക്തക്കുഴലുകളെ വികസിപ്പിക്കുകയും ഉയര്‍ന്ന രക്തസമ്മര്‍ദവും കൊളസ്ട്രോളും നിയന്ത്രിക്കുകയും ചെയ്യും. വെളുത്തുള്ളി പച്ചക്ക് കഴിക്കുന്നത് അള്‍സര്‍ പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ കറികളില്‍ ചേര്‍ത്തുപയോഗിക്കണം. അരച്ച് 10 മിനിട്ടിന് ശേഷം കറികളില്‍ ചേര്‍ക്കുന്നതാണ് ഗുണകരം. നെല്ലിക്ക, മഞ്ഞള്‍, പാട നീക്കിയ മോര്, ചുമന്നുള്ളി, ഇവയും ഏറെ ഗുണകരമാണ്.

വ്യായാമം ശീലമാക്കാം
നിത്യവും ശീലമാക്കുന്ന ലഘുവ്യായാമങ്ങള്‍ക്ക് രക്താതിമര്‍ദത്തെ നിയന്ത്രിക്കാനാകും. നടത്തം, ജോഗിങ്, സൈക്ളിങ്, നീന്തല്‍ തുടങ്ങിയവയില്‍ യോജിച്ചത് ഡോക്ടറുടെ നിര്‍ദേശാനുസരണം തെരഞ്ഞെടുക്കാം. സൂര്യ നമസ്കാരം, ഭുജംഗാസനം ഇവയും ഗുണകരമാണ്. രക്തസമ്മര്‍ദത്തെ കൂട്ടുന്ന ഘടകങ്ങളിലൊന്നായ മാനസിക സമ്മര്‍ദത്തെ കുറക്കാനും വ്യായാമത്തിന് കഴിയും.

ചികിത്സ
രക്തസമ്മര്‍ദത്തെ നിയന്ത്രണത്തിലാക്കാന്‍ ഒൗഷധത്തോടൊപ്പം തക്രധാര, തളം, പിചു തുടങ്ങിയ ചികിത്സകളും ചില ഘട്ടത്തില്‍ അനിവാര്യമാണ്. വെളുത്തുള്ളി, ചുക്ക്, സര്‍പഗന്ധി, നെല്ലിക്ക, തഴുതാമ, ചെറുവഴുതിന, വെണ്‍ വഴുതിന, ഓരില, മൂവില, നിര്‍മരുത്, ഗുഗ്ഗുലു, മുരിങ്ങ, വയല്‍ച്ചുള്ളി ഇവ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുന്നതില്‍ പ്രധാനപ്പെട്ടവയാണ്. കൃത്യമായ ഇടവേളകളില്‍ രക്തസമ്മര്‍ദത്തിന്‍െറ തോത് നിര്‍ണയിക്കുകയും ജീവിതശൈലിയില്‍ ശരിയായ മാറ്റങ്ങള്‍ വരുത്തുകയും വേണം.

drpriyamannar@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health
Next Story