Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightപ്രമേഹബാധിതരിലെ...

പ്രമേഹബാധിതരിലെ മാനസികപ്രശ്നങ്ങള്‍

text_fields
bookmark_border
പ്രമേഹബാധിതരിലെ മാനസികപ്രശ്നങ്ങള്‍
cancel

പ്രമേഹബാധിതരില്‍ നാനാവിധത്തിലുള്ള മാനസികപ്രശ്നങ്ങളും മനോരോഗങ്ങളും സാധാരണമാണ്. പ്രമേഹത്തിന്‍െറ സങ്കീര്‍ണതകള്‍ ബാധിച്ചവരിലും ചികിത്സാര്‍ഥം നിരന്തരം കിടത്തിച്ചികിത്സ ആവശ്യംവരുന്നവരിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഈ പ്രശ്നങ്ങള്‍ രോഗിക്ക് അവയുടെതായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതിനൊപ്പം പ്രമേഹചികിത്സയുടെ ഫലപ്രാപ്തിയെയും പ്രതികൂലമായി ബാധിക്കാറുണ്ട്. മാനസികസമ്മര്‍ദം, വിഷാദരോഗം, അമിതമായ ഉത്കണ്ഠ, ലൈംഗികപ്രശ്നങ്ങള്‍, ഡയബറ്റിസ് ബേണ്‍ഒൗട്ട് തുടങ്ങിയവ പ്രമേഹബാധിതരില്‍ സാധാരണ കണ്ടുവരുന്ന മാനസിക അസ്വാസ്ഥ്യങ്ങളാണ്.

മാനസിക സമ്മര്‍ദം
രോഗം ആവശ്യപ്പെടുന്ന കടുത്ത ദിനചര്യകളും ഷുഗര്‍നിലയിലെ  ഏറ്റക്കുറച്ചിലുകളെക്കുറിച്ചുള്ള ആശങ്കകളുമൊക്കെ പ്രമേഹരോഗികളില്‍ കടുത്ത മാനസികസമ്മര്‍ദത്തിന് വഴിവെക്കാറുണ്ട്. ഈ മാനസികസമ്മര്‍ദം എപിനെഫ്രിന്‍, നോര്‍എപിനെഫ്രിന്‍, കോര്‍ട്ടിസോള്‍, ഗ്രോത്ത് ഹോര്‍മോണ്‍ തുടങ്ങിയവയുടെ അളവ് കൂടാനും അതുവഴി ഷുഗര്‍നില വഷളാവാനും കാരണമാവാറുമുണ്ട്.
പ്രമേഹത്തിന്‍െറ സങ്കീര്‍ണതകളുടെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള ഉത്കണ്ഠകളും ജീവിതത്തിന്‍െറ നിയന്ത്രണം കൈവിട്ടുപോകുമോ എന്ന ഭയവും അസുഖവിവരം എല്ലാവരും അറിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന സംശയങ്ങളുമൊക്കെ പ്രമേഹരോഗികളില്‍ സാധാരണമാണ്. പക്ഷേ, ഒരു ന്യൂനപക്ഷം മാത്രമേ ഈ മാനസികസംഘര്‍ഷം തുറന്നു വെളിപ്പെടുത്താറുള്ളൂ. മിക്ക രോഗികളിലും പെരുമാറ്റത്തില്‍ വരുന്ന ചില മാറ്റങ്ങളായാണ് മാനസികസമ്മര്‍ദം  പ്രകടമാകാറുള്ളത്. ഷുഗര്‍നില പരിശോധിക്കുന്നത് കുറക്കുകയോ പൂര്‍ണമായും നിര്‍ത്തിവെക്കുകയോ ചെയ്യുക, ഇന്‍സുലിന്‍ എടുക്കാന്‍ നിരന്തരം വിട്ടുപോവുക, ആഹാരക്രമത്തില്‍ പഥ്യങ്ങള്‍ പാലിക്കുന്നത് അവസാനിപ്പിക്കുക, ഷുഗര്‍ കൂടുന്നതിന്‍െറയും കുറയുന്നതിന്‍െറയുമൊക്കെ സൂചനകളെ അവഗണിക്കാന്‍ തുടങ്ങുക, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് തിരിയുക മുതലായവ മാനസികസമ്മര്‍ദത്തിന്‍െറ ലക്ഷണങ്ങളാകാം.
ചിട്ടയായ വ്യായാമം, നല്ല ആഹാരശീലങ്ങള്‍, റിലാക്സേഷന്‍ വിദ്യകളുടെയും ഉറക്കം കിട്ടാന്‍ സഹായിക്കുന്ന പൊടിക്കൈകളുടെയും ഉപയോഗം തുടങ്ങിയവ മാനസികസമ്മര്‍ദത്തെ അതിജീവിക്കാനുള്ള നല്ല മാര്‍ഗങ്ങളാണ്. പ്രമേഹത്തെയും അതിന്‍െറ സങ്കീര്‍ണതകളെയും കുറിച്ച് ശാസ്ത്രീയമായ അറിവുകള്‍ നേടുന്നത് അനാവശ്യ ആശങ്കകളെയും അതുവഴിയുണ്ടാകുന്ന മാനസികസമ്മര്‍ദത്തെയും പടിക്കുപുറത്തുനിര്‍ത്താന്‍ സഹായിക്കും.
കടുത്ത മാനസികസമ്മര്‍ദമനുഭവിക്കുന്ന വ്യക്തികള്‍ക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. തലച്ചോറിന് ഗ്ളൂക്കോസിനെ ശരിയായ രീതിയില്‍ ദഹിപ്പിക്കാന്‍പറ്റാതെ വരുന്നതും മാനസികസമ്മര്‍ദമുള്ളവരുടെ വ്യാപകമായ പുകവലി, വ്യായാമമില്ലായ്മ തുടങ്ങിയ ശീലങ്ങളുമൊക്കെയാണ് ഇതിലേക്കു നയിക്കുന്നത്.

വിഷാദരോഗം
പലപ്പോഴും പ്രമേഹബാധിതരിലെ വിഷാദരോഗം തിരിച്ചറിയപ്പെടാതെപോകാറുണ്ട്. പ്രമേഹം ഒരാള്‍ക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യത ഇരട്ടിയാക്കുന്നുണ്ട്. ടൈപ്പ് 1 പ്രമേഹമുള്ളവരില്‍ പകുതിയോളം പേരെ വിഷാദരോഗമോ ഉത്ക്കണ്ഠരോഗങ്ങളോ ബാധിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗം കൂടുതലായും പിടികൂടുന്നത് സ്ത്രീകളെയാണ്.

നിര്‍ഭാഗ്യവശാല്‍ പലപ്പോഴും പ്രമേഹബാധിതരിലെ വിഷാദരോഗം തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളായ തളര്‍ച്ച, മെലിച്ചില്‍, ലൈംഗികകാര്യങ്ങളിലുള്ള വിരക്തി തുടങ്ങിയവ ഷുഗര്‍ കൂടുന്നതിന്‍റെ ലക്ഷണങ്ങളായും, അമിത ഉത്കണ്ഠയുടെ ബഹിര്‍സ്ഫുരണങ്ങളായ തലകറക്കം, അമിതവിയര്‍പ്പ് എന്നിവ ഷുഗര്‍ കുറയുന്നത്തിന്‍െറ സൂചനകളായും തെറ്റിദ്ധരിക്കപ്പെട്ടുപോകാറുണ്ട്. സ്ഥായിയായ നൈരാശ്യം, നിരന്തരമായ ദുഃഖചിന്തകള്‍ തുടങ്ങിയ വിഷാദരോഗ ലക്ഷണങ്ങളെ  പ്രമേഹത്തോടുള്ള ‘സ്വാഭാവിക’ പ്രതികരണങ്ങളായി അവഗണിച്ചുതള്ളുന്നതും സാധാരണമാണ്. പലവിധ ശാരീരികവൈഷമ്യങ്ങള്‍ വിട്ടുമാറാതെ നിലനില്‍ക്കുമ്പോഴും ദേഹപരിശോധനകളിലും രക്തപരിശോധനകളിലും കുഴപ്പങ്ങളൊന്നും കണ്ടുപിടിക്കാനാകാതിരിക്കുന്നത് വിഷാദരോഗത്തിന്‍റെ സൂചനയാവാം.
കൗണ്‍സലിങ്, സൈക്കോതെറപ്പി, ഒൗഷധചികിത്സ എന്നിവയുടെ ആവശ്യാനുസരണമുള്ള ഉപയോഗത്തിലൂടെ വിഷാദരോഗം മാറ്റിയെടുക്കുന്നത് രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും പ്രമേഹനിയന്ത്രണം കാര്യക്ഷമമാക്കാനും വളരെയധികം സഹായിക്കാറുണ്ട്.

മറ്റു ചില പ്രശ്നങ്ങള്‍
തലച്ചോറിലെ രക്തക്കുഴലുകളെയും നാഡീവ്യൂഹങ്ങളെയും ബാധിക്കുകവഴി പലപ്പോഴും പ്രമേഹം ഏകാഗ്രത, ഓര്‍മ, കാര്യങ്ങള്‍ പെട്ടെന്ന് തീരുമാനിച്ച് ചെയ്യാനുള്ള കഴിവ് എന്നിവയെ ദുര്‍ബലപ്പെടുത്താറുണ്ട്.
പ്രമേഹബാധിതരായ പുരുഷന്മാരില്‍ പകുതിയോളം പേര്‍ക്ക് ഉദ്ധാരണശേഷിക്കുറവ് കണ്ടുവരാറുണ്ട്. ഇതിന്‍െറ പ്രധാനകാരണം പ്രമേഹം നാഡികളിലും രക്തക്കുഴലുകളിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണെങ്കിലും അമിത ഉത്കണ്ഠ പോലുള്ള മാനസികപ്രശ്നങ്ങള്‍ക്കും ഇതിന്‍െറ ആവിര്‍ഭാവത്തില്‍ പങ്കുണ്ടാവാറുണ്ട്.
മാനസികരോഗങ്ങള്‍ക്കുള്ള ചില മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടത്തെിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം രോഗികള്‍, പ്രത്യേകിച്ച് പതിറ്റാണ്ടുകളായി ഒരു സൈക്യാട്രിസ്റ്റിനെയും നേരില്‍കാണാതെ മരുന്നുകടകളില്‍നിന്ന് നേരിട്ട് ഗുളികകള്‍ വാങ്ങിക്കഴിച്ച് ജീവിക്കുന്നവര്‍, ഇടക്കിടെ മരുന്നെഴുതിയ ഡോക്ടറെ കാണേണ്ടതും നിര്‍ദേശിക്കപ്പെടുന്ന പരിശോധനകള്‍ക്ക് വിധേയരാവേണ്ടതുമാണ്.

(ലേഖകന്‍ ചങ്ങനാശ്ശേരി സെന്‍റ് തോമസ് ഹോസ്പിറ്റലില്‍ മനോരോഗ വിദഗ്ധനാണ് www.mind.in)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story