ക്ഷയരോഗദിനാചരണ ചിന്തകള്‍

ക്ഷയരോഗദിനാചരണ ചിന്തകള്‍

മാര്‍ച്ച് 24 ലോക ക്ഷയരോഗദിനാചരണം

‘I am stopping TB in my life’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്‍െറ സന്ദേശം. വലുപ്പച്ചെറുപ്പമില്ലാതെ
എല്ലാവരും അവരുടെ ജീവിതത്തില്‍ ക്ഷയരോഗ നിയന്ത്രണ പരിപാടിയിലെ കണ്ണിയാണെന്നോര്‍ക്കുക. അതാണ് ഈ സന്ദേശത്തിന്‍െറ ലക്ഷ്യവും.

ക്ഷയരോഗത്തിന് കാരണമായ മൈകോ ബാക്ടീരിയം ട്യൂബര്‍കുലോസിസ് രോഗാണുക്കളെ ലോകത്തിന് കാട്ടിക്കൊടുത്തിട്ട് മാര്‍ച്ച് 24ന് 131 വര്‍ഷം പിന്നിടുന്നു. ബര്‍ലിന്‍ ഫിസിയോളജി സൊസൈറ്റിയുടെ ക്ഷണിക്കപ്പെട്ട വൈദ്യശാസ്ത്ര പ്രമുഖരുടെ മുന്നില്‍ 1882 മാര്‍ച്ച് 24നായിരുന്നു ലോകാരോഗ്യ മേഖലക്ക് നാഴികക്കല്ലായി മാറിയ ഈ സംഭവം.
ക്ഷയരോഗാണുക്കളെ പ്രത്യേക സംവിധാനത്തിലൂടെ ചായംതേച്ച് എളുപ്പത്തില്‍ കാണാന്‍ കഴിയുന്ന സൈ്ളഡുകള്‍ നിരത്തിയ സൂക്ഷ്മദര്‍ശിനിയിലൂടെ റോബര്‍ട്ട് കോക് എന്ന ജര്‍മന്‍കാരനായ ഗ്രാമീണ ഡോക്ടര്‍ കാട്ടിയ കാഴ്ച കണ്ട് വൈദ്യശാസ്ത്രലോകം ഞെട്ടി. വര്‍ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ പരീക്ഷണങ്ങള്‍ക്ക് ഫലപ്രാപ്തി കാണുമെന്നുപോലും അദ്ദേഹം കരുതിയില്ല. കാരണം, ക്ഷയരോഗങ്ങളുമായി ബന്ധപ്പെട്ട് അത്രമാത്രം മിഥ്യാധാരണകള്‍ ഭൂമുഖത്ത് നിലനിന്നിരുന്നു. തന്‍െറ സഹധര്‍മിണി പിറന്നാള്‍ സമ്മാനമായി നല്‍കിയ മൈക്രോസ്കോപ്പിലൂടെ സൂക്ഷ്മ വ്യാപാരം നടത്തി കണ്ടെത്തിയ മൈകോ ബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ക്ഷയരോഗാണുവിനെക്കുറിച്ച് റോബര്‍ട്ട് കോക് പറഞ്ഞുനിര്‍ത്തിയ വാക്കുകള്‍ ഇതാണ്: ‘പ്ളേഗ്, കോളറ തുടങ്ങിയ രോഗങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം ക്ഷയരോഗത്തിന് കൊടുക്കണം. രാഷ്ട്രത്തെ കെട്ടിപ്പടുക്കേണ്ട ചെറുപ്പക്കാരില്‍ മൂന്നില്‍ ഒരാളെ വീതം ഈ മാരകരോഗം നിര്‍ദയമായി കൊല്ലുന്നു.’
130 വര്‍ഷത്തിനുശേഷമുള്ള ഇന്നത്തെ സാഹചര്യം വിലയിരുത്തിയാല്‍ ഓരോ സെക്കന്‍ഡിലും പുതുതായി ഒരാളെവീതം ക്ഷയരോഗം പിടികൂടുന്നു. ലോക ജനസംഖ്യയില്‍ മൂന്നിലൊരു ഭാഗത്തെ ഈ രോഗം ബാധിച്ചിട്ടുണ്ട്. വര്‍ഷംതോറും 80 ലക്ഷം പേര്‍ രോഗബാധിതരാകുന്നു. ലോകത്താകമാനം ഏതാണ്ട് 20 ലക്ഷം പേര്‍ ക്ഷയരോഗം മൂലം പ്രതിവര്‍ഷം മരിക്കുന്നു.
നമുക്ക് മുന്നിലുള്ള ഈ യാഥാര്‍ഥ്യവും റോബര്‍ട്ട് കോക് പറഞ്ഞുനിര്‍ത്തിയ അവസാന വാക്കുകളും ചേര്‍ത്ത് വായിക്കുമ്പോള്‍ മൈകോബാക്ടീരിയം എന്ന ക്ഷയരോഗാണുവിനും രോഗപ്രതിരോധശേഷിയുടെ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് മനുഷ്യരിലേക്ക് എത്താന്‍ കൂടുതല്‍ സാധ്യതകളുണ്ടെന്ന കാര്യം മറക്കേണ്ട. ഇതിന് അനുകൂലമായ ഹോട്ട് സ്പോട്ടുകള്‍ നമുക്ക് ചുറ്റും ഒളിഞ്ഞിരിപ്പുണ്ടെന്ന യാഥാര്‍ഥ്യം ഈ ക്ഷയരോഗദിനത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. അതുകൊണ്ടുതന്നെ, ഈ വര്‍ഷത്തെ ക്ഷയരോഗ ദിനാചരണത്തിന്‍െറ ഭാഗമായുള്ള സന്ദേശത്തിനും പ്രാധാന്യമുണ്ട്: ‘I am stopping TB in my life’. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരും അവരുടെ ജീവിതത്തില്‍ ക്ഷയരോഗ നിയന്ത്രണ പരിപാടിയിലെ കണ്ണിയാണെന്നും ഓര്‍ക്കുക. അതാണ് ഈ സന്ദേശത്തിന്‍െറ ലക്ഷ്യവും.
ദേശീയ തലത്തിലാവിഷ്കരിച്ച് നടപ്പാക്കിയ പ്രതിരോധ നടപടികളിലൂടെ പല രോഗങ്ങളെയും നിയന്ത്രണവിധേയമാക്കാനും നിര്‍മാര്‍ജനം ചെയ്യാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഉദാ: പോളിയോ, വസൂരി, മലേറിയ. എന്നാല്‍, ക്ഷയരോഗത്തിന്‍െറ കാര്യത്തില്‍ അതത്ര ഫലവത്തായിട്ടില്ല. ഇതിന് പല കാരണങ്ങളുണ്ട്.

ചില്ലറക്കാരനല്ല രോഗാണു
വായുവിലൂടെ പകരുന്ന അസുഖമായതിനാല്‍ ഓക്സിജന്‍െറ യഥേഷ്ടമായ സാന്നിധ്യത്തില്‍ മാത്രം ജീവിക്കാവുന്ന മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന അണുജീവി മനുഷ്യന്‍െറ ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ട അവയവങ്ങളാണ് ആവാസത്തിനായി തെരഞ്ഞെടുക്കുന്നത്. സവിശേഷമായ ഒരുതരം കൊഴുപ്പുകൊണ്ട് നിര്‍മിച്ച കട്ടിയായ ആവരണമുള്ളതിനാല്‍ ശരീരത്തിന്‍െറ സ്വാഭാവികമായ രോഗാണുനശീകരണ സംവിധാനത്തിനുപോലും ക്ഷയരോഗാണുവിനെ നശിപ്പിക്കാന്‍ കഴിയില്ല.
മാത്രമല്ല, അന്തരീക്ഷത്തിലെ വരണ്ട കാലാവസ്ഥയെപ്പോലും അതിജീവിക്കാനുള്ള കഴിവ് ഇവക്കുണ്ട്. ഇതാണ് ക്ഷയരോഗത്തെ അനിയന്ത്രിത ദിശയിലേക്ക് നയിക്കുന്നതിനുള്ള വസ്തുതകളിലൊന്ന്.

അറിവില്ലായ്മയും അനാസ്ഥയും

ക്ഷയരോഗികളില്‍ മഹാഭൂരിപക്ഷവും ദാരിദ്ര്യരേഖക്കു താഴെയുള്ളവരാണ്. രോഗലക്ഷണമുള്ളവര്‍പോലും പലപ്പോഴും സ്വയം ആശുപത്രിയെ സമീപിക്കാറില്ല. മിക്കപ്പോഴും ക്ഷയരോഗിയാണ് താനെന്ന് ഒരു സാധാരണക്കാരന്‍ തിരിച്ചറിയപ്പെടുന്നത് മറ്റുപല രോഗങ്ങളുമായി ഡോക്ടറെ സമീപിക്കുമ്പോഴാണ്. കൂടാതെ, നിശ്ചയിക്കപ്പെട്ട ചികിത്സാ കാലയളവ് പൂര്‍ത്തീകരിക്കാതെ ക്ഷയരോഗ നിയന്ത്രണ പദ്ധതിയില്‍നിന്ന് പുറത്തുപോകുന്നവരിലും മദ്യപാനം, പുകവലി, എയ്ഡ്സ്, അതിലുപരി ജീവിതശൈലീരോഗങ്ങളില്‍ പ്രധാനിയായ പ്രമേഹം എന്നിവക്ക് അടിപ്പെട്ടവരിലും ഈ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമാണ്. ഇത് ഔധപ്രതിരോധിയായ (Multi Drug Resistance TB MDR TB) ക്ഷയരോഗത്തിന്‍െറ ഭീകരമുഖത്തിലേക്ക് രോഗിയെ എത്തിക്കുന്നതിനോടൊപ്പം സമൂഹത്തില്‍ രോഗപ്പകര്‍ച്ചനിരക്ക് കൂട്ടുകയും ചെയ്യും.
ഒരു നിശ്ചിത ശതമാനം രോഗികള്‍ ചികിത്സ തേടി സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കുന്നു. രോഗികളുടെ കൃത്യമായ കണക്കോ തുടര്‍ചികിത്സാ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങളോ പലപ്പോഴും ഇവിടെ രേഖപ്പെടുത്താറില്ല. സ്വകാര്യ സംവിധാനത്തില്‍ ചികിത്സാ ചെലവ് കൂടുതലായതിനാല്‍ ദീര്‍ഘകാല ചികിത്സക്ക് മുതിരാതെ പലരും ഇടക്കുവെച്ച് മരുന്ന് ഉപേക്ഷിക്കുന്നു. ഇതിന്‍െറ ഫലമായി ചികിത്സക്ക് വഴങ്ങാന്‍ വിസമ്മതിക്കുന്ന രോഗാണുവാഹകരുടെ നിര ഒരു വശത്തും അതിനു പരിഹാരമായി തീരേണ്ട സമ്പ്രദായത്തോടുള്ള അവഗണന മറുവശത്തും നിലനില്‍ക്കുന്നു. ഇതാണ് പലപ്പോഴും ക്ഷയരോഗ നിയന്ത്രണ പരിപാടികള്‍ വേണ്ടത്ര നേട്ടം കൈവരിക്കാത്തതിന്‍െറ പ്രധാന കാരണം.
ഇന്ത്യയില്‍ ഓരോ മൂന്നു മിനിറ്റിലും രണ്ടുപേര്‍ വീതം ക്ഷയരോഗം മൂലം മരിക്കുന്നു. പുതുക്കിയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ Revised National Tuberculosis Control Programme- RNTCP) കാതലായ ഡോട്സിന്‍െറ കാര്യക്ഷമമായ നടത്തിപ്പിലൂടെ മാത്രമേ ഇതിനൊരു പരിഹാരം കണ്ടെത്താന്‍ കഴിയൂ.

എന്താണ് ഡോട്സ്?

നേരിട്ടുള്ള നിരീക്ഷണത്തിന് വിധേയമായുള്ള ചികിത്സാരീതിയാണ് ഡോട്സ്. ഇതുവഴി രോഗി കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടെന്ന് ഉത്തരവാദിത്തമുള്ള മറ്റൊരാള്‍ ഉറപ്പുവരുത്തുന്നു.
- കഫപരിശോധനയിലൂടെ രോഗനിര്‍ണയം
- മരുന്നുവിതരണം
- ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടം
- വിലയിരുത്തല്‍
- രോഗനിവാരണ പുരോഗതി എന്നീ അഞ്ചു ഘട്ടങ്ങളുള്ള ചികിത്സാ രീതിയാണ് ഡോട്സ് (DOTS) .
ആറുമാസം മുതല്‍ എട്ടുമാസം വരെ ശരിയായ രീതിയില്‍ മരുന്നു കഴിച്ചാല്‍ പൂര്‍ണമായും ക്ഷയരോഗം ചികിത്സിച്ചുമാറ്റാം. ഡോക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബം, സമൂഹം തുടങ്ങിയ ഘടകങ്ങളുടെ കൂട്ടായ്മയാണ് ഡോട്സ് സമ്പ്രദായത്തില്‍ ഒരു രോഗിയുടെ രോഗവിമുക്തിക്ക് അവശ്യം വേണ്ടത്. ഡോട്സ് ചികിത്സാ പദ്ധതിയില്‍ നിശ്ചിത ഇടവേളകളില്‍ നടത്തുന്ന കഫപരിശോധനയില്‍ അണുക്കള്‍ കുറയുന്നതിനുപകരം കൂടുകയോ അണുക്കള്‍ ഇല്ലാതിരുന്നവരുടെ കഫത്തില്‍ അണുക്കള്‍ ഉണ്ടാവുകയോ ശരീരഭാരം കൂടുന്നതിനുപകരം കുറയുകയോ ക്ളിനിക്കല്‍ പരിശോധനയില്‍ രോഗിയുടെ അവസ്ഥ മോശമായിക്കാണുകയോ ചെയ്താല്‍ നല്‍കിവരുന്ന മരുന്നുകള്‍ ഫലിക്കുന്നില്ലെന്നര്‍ഥം. ദാരിദ്ര്യം, മരുന്ന് മുടക്കം, ശാരീരികക്ഷമത, പലതരം രോഗങ്ങള്‍, മദ്യപാനം, പോഷണക്കുറവ് തുടങ്ങിയ കാര്യങ്ങള്‍കൊണ്ടൊക്കെ ഇങ്ങനെ സംഭവിക്കാം. ക്ഷയരോഗി ശരിയായ രീതിയില്‍ മരുന്ന് കഴിക്കുന്നതുമൂലം ആ വ്യക്തിക്കു മാത്രമല്ല പ്രയോജനം ഉണ്ടാകുന്നത്. അയാളെയും അയാളില്‍നിന്ന് രോഗം പകരാന്‍ സാധ്യതയുള്ള 15ഓളം പേരെയും ക്ഷയരോഗത്തില്‍നിന്ന് രക്ഷിക്കാന്‍ കഴിയും.
രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന കഫമുള്ള ചുമ, വൈകുന്നേരങ്ങളിലുണ്ടാകുന്ന പനി, ഭാരം കുറയുക, വിശപ്പില്ലായ്മ, നെഞ്ചുവേദന, രക്തം ചുമച്ചുതുപ്പുക തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കോ സമൂഹത്തിലെ ആര്‍ക്കെങ്കിലുമോ ഉണ്ടെങ്കില്‍ അത് ക്ഷയരോഗമല്ലെന്ന് ഉറപ്പുവരുത്തണം. കാരണം, രോഗലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മമൂലവും രോഗനിര്‍ണയത്തിനുള്ള കാലതാമസവും ശരിയായ ചികിത്സ മതിയായ കാലയളവില്‍ എടുക്കാത്തതുമൂലവും ഇന്നും ക്ഷയരോഗത്തെ വരുതിയില്‍ നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട്, ക്ഷയരോഗം വരാതിരിക്കാന്‍ ഏകമാര്‍ഗം ക്ഷയരോഗിയെ കണ്ടുപിടിക്കുകയും ശരിയായ രീതിയില്‍ ചികിത്സ നല്‍കുകയുമാണ്. ക്ഷയരോഗികളെ ഡോട്സ് ചികിത്സയുടെ മാര്‍ഗത്തിലേക്ക് കൊണ്ടുവരാതെ അകറ്റിനിര്‍ത്തിയാല്‍ നമ്മുടെ ഓരോ ശ്വാസത്തിലും ക്ഷയരോഗാണുക്കള്‍ നിറയാനുള്ള സാധ്യത നാംതന്നെ കൂട്ടുകയാണ്.

(പത്തനംതിട്ട ചന്ദനപ്പള്ളി പി.എച്ച്.സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് ലേഖകന്‍)

comments powered by Disqus
 
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com