പകര്‍ച്ചപ്പനി

പകര്‍ച്ചപ്പനി

സമൂഹത്തില്‍ എപ്പോഴും കണ്ടുവരുന്ന ഒരു പ്രശ്നമാണ് പനി. വാസ്തവത്തില്‍, ഒരു രോഗമെന്നതിനേക്കാള്‍ രോഗലക്ഷണമാണെന്ന വസ്തുത പലരും അറിയില്ല. വിവിധ രോഗങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം പനിയായിരിക്കും. വൈറസുകള്‍, ബാക്ടീരിയകള്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന രോഗാണുക്കളിലും ചിലതരം കാന്‍സറുകളിലുമൊക്കെ ഇങ്ങനെ പനിയുണ്ടാകാം. ടൈഫോയ്ഡ് അഥവാ സന്നിപാതജ്വരം, ന്യൂമോണിയ, തലച്ചോറില്‍ പഴുപ്പ് തുടങ്ങിയ അപകടകാരികളായ രോഗങ്ങള്‍ മുതല്‍ ക്ഷയരോഗം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളില്‍വരെ പനി ശക്തമായി വരുന്നത് പലര്‍ക്കും അറിയുന്ന കാര്യമാണ്. ഈ രോഗങ്ങള്‍ക്കു പുറമെ പ്രായേണ നിരുപദ്രവകാരികളായ വൈറല്‍പനികളും ഏറിയും കുറഞ്ഞും സമൂഹത്തിലുണ്ടാകും. ഇവ സാധാരണ നിലയില്‍ വാര്‍ത്താപ്രാധാന്യം നേടാറില്ല. മഴക്കാലത്തും അതിനുശേഷവും വൈറല്‍പനികള്‍ സരളമായി ഉണ്ടാകാറുണ്ടെങ്കിലും പ്രതീക്ഷിക്കുന്ന നിരക്കിലുപരിയായി (Greater Than Normal Expectation) ഒരു പ്രത്യേക പ്രദേശത്ത് ഒരു പ്രത്യേക കാലയളവില്‍ പ്രതീക്ഷിക്കുന്ന പനി എത്രമാത്രമെന്ന് തിരിച്ചറിയാനുള്ള സാങ്കേതികജ്ഞാനം മാധ്യമങ്ങള്‍ക്കില്ലാത്തതിനാല്‍ പനിയെക്കുറിച്ചുള്ള പേടി പരത്തുന്നതില്‍ മാധ്യമങ്ങള്‍ തെറ്റായ പങ്കുവഹിക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

പരിസര ശുചിത്വം,
രോഗാണു വാഹകര്‍

എലിപ്പനി, ഡെങ്കിപ്പനി, ചികുന്‍ ഗുനിയ എന്നിവയിലും സ്ഥിതി വ്യത്യസ്തമല്ല. വൃത്തിഹീനമായ സാഹചര്യങ്ങള്‍ ഈ രോഗസംക്രമണത്തില്‍ കാര്യമായ പങ്കുവഹിക്കുന്നു. എലിപ്പനി എന്ന പേരില്‍ അറിയപ്പെടുന്ന Leptospirosisന്‍െറ കാര്യമെടുക്കുക. തുടക്കത്തിലേ ചികിത്സിച്ചാല്‍ ഭേദമാകുന്ന ഈ രോഗം തടയുന്നതിനും ഒരു പരിധിവരെ എളുപ്പംതന്നെ. എലി തുടങ്ങിയ, കരണ്ടുതിന്നുന്ന ജീവികളുടെ (Rodents) മൂത്രത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ ശരീരത്തിലെ മുറിപ്പാടുകളില്‍ക്കൂടി അകത്തുകടന്നാണ് രോഗമുണ്ടാക്കുന്നത്. കേരളത്തില്‍ പലയിടത്തും വൃത്തിഹീനങ്ങളായി കിടന്നിരുന്ന തോടുകളും കാനകളും ഓടകളുമൊക്കെ വൃത്തിയാക്കാനിറങ്ങിയവരില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത് അറിയാവുന്ന കാര്യമാണല്ലോ. ഇത്തരം പ്രദേശങ്ങളില്‍ എലികളും മറ്റും ധാരാളമായി കാണുന്നുവെന്നതും ജോലി ചെയ്തിരുന്നവര്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നില്ലെന്നതും ഇതിനു കാരണമാണ്. പാശ്ചാത്യരാജ്യങ്ങളിലെപ്പോലെ കൈയുറയും കാലുറയും ഒന്നും ധരിച്ചല്ലല്ലോ നമ്മുടെ സാധാരണക്കാര്‍ ജോലിക്കിറങ്ങുന്നത്. ഇതൊക്കെ ധരിച്ചാല്‍ ഒരു പരിധിവരെ രോഗം തടയാന്‍ കഴിഞ്ഞെന്നുവരും. പിന്നെ ഒരു മാര്‍ഗം തേടാം, വരാതിരിക്കാന്‍ മരുന്നു കഴിക്കുക (Chemo Pro Phylaxis) എന്നതാണ്. ഇതിനായി കഴിക്കേണ്ട മരുന്ന് വിലകുറഞ്ഞതും മിക്കവാറും സുലഭമായതുമാണ്- Doxycyline. ദിവസത്തില്‍ രണ്ടുതവണ വീതം 3-5 ദിവസം കഴിച്ചാല്‍ ഏകദേശം പൂര്‍ണമായി തടയാമെന്നിരിക്കെ ഈ രോഗം പടരുന്നതിന്‍െറ കാരണം അവബോധമില്ലായ്മ തന്നെയാണല്ലോ! അതുപോലെ Pencilline, Tetracycline, Doxycycline തുടങ്ങിയ മരുന്നുകളുള്ളപ്പോള്‍ ഈ മരുന്നുകള്‍ രോഗാരംഭത്തില്‍തന്നെ രോഗികള്‍ക്ക് കൊടുക്കാതിരിക്കുന്നത് ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ വേണ്ടത്ര അറിവില്ലായ്മ കൊണ്ടുതന്നെയാണല്ലോ. എലിപ്പനി വരാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും വ്യക്തികളിലും പനിയുടെ ആദ്യലക്ഷണത്തില്‍ മറ്റു പരിശോധനകള്‍ കൂടാതെ ഇത്തരം മരുന്നുകള്‍ സുരക്ഷിതമായി ഉപയോഗിക്കുകയും രോഗം നിയന്ത്രണവിധേയമാക്കുകയും ചെയ്യാം. ഇതിനുപകരം വിലകൂടിയ ആന്‍റിബയോട്ടിക്കുകള്‍ തുടങ്ങി പുതുതലമുറ ധനനഷ്ടം വരുത്തുകയും സീറോളജി പരിശോധനകളും മറ്റും നടത്തി സമയനഷ്ടം വരുത്തുകയും ചെയ്യുന്നത് സാധാരണയായിരിക്കുന്നു. സീറോളജി പരിശോധനവഴി രോഗനിര്‍ണയം പൂര്‍ത്തിയാക്കിയശേഷം ചികിത്സ തുടരാതിരുന്നാല്‍ Leptosprosis രോഗിയെ ഒരിക്കലും രക്ഷിക്കാന്‍ കഴിയില്ലെന്നുതന്നെ പറയാം. പകരം രോഗത്തിന്‍െറ ആദ്യദശയില്‍തന്നെ Leptosprosis സംശയിക്കുകയും നേരത്തേതന്നെ ലഘുവായ ഔധചികിത്സ നല്‍കുകയും ചെയ്താല്‍ ഏറിയകൂറും രോഗികളെ രക്ഷപ്പെടുത്താം. അതുപോലെ രോഗികള്‍ സ്വയം ചികിത്സക്കു മുതിരാതെ പനിയുടെ ആദ്യഘട്ടത്തില്‍തന്നെ ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്. ഐബുപ്രോഫന്‍ (Ibuprofen) തുടങ്ങി സാധാരണയായി ഉപയോഗിക്കുന്ന ഔധങ്ങളും രോഗിയില്‍ അതീവഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതും അവര്‍ അറിയണം.
കൊതുകുകള്‍ വഴി പകരുന്ന ചികുന്‍ ഗുനിയ, ഡെങ്കിപ്പനി എന്നിവ സമാനമായ ചില സവിശേഷതകളുള്ള പനികളാണ്. ഇവ രണ്ടും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. രോഗം പ്രത്യക്ഷപ്പെടുന്നത് വളരെ പെട്ടെന്നായതിനാല്‍ ചികുന്‍ ഗുനിയ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. പകല്‍ കടിക്കുന്നവയും ശുദ്ധജലത്തില്‍ മുട്ടയിട്ടുപെരുക്കുന്നവയും ആവാസസ്ഥലങ്ങളുടെ പരിസരത്ത് കാണുന്നവയുമായ ഈഡിസ് കൊതുകുകളാണ് രോഗങ്ങള്‍ രണ്ടും പരത്തുന്നത്. രോഗസംക്രമണം തടയുന്നതിന് കൊതുകുനശീകരണം, കൊതുക് പെരുകുന്ന ഉറവിടങ്ങള്‍ നശിപ്പിക്കല്‍, വ്യക്തി സംരക്ഷണമെന്ന നിലയില്‍ കൊതുകുവലകള്‍, മറ്റുപാധികള്‍ എന്നിവ സ്വീകരിക്കല്‍ തുടങ്ങിയ വിപുലമായ പരിപാടികള്‍തന്നെ ഈ പനികള്‍ നിയന്ത്രിക്കുന്നതിലേക്കായി അനുവര്‍ത്തിച്ചുവരുന്നു. ശക്തമായ ബോധവത്കരണ പരിപാടികള്‍ ഈ രോഗങ്ങളുടെ കാര്യത്തില്‍ നടന്നുവരുന്നുവെന്നതില്‍ സംശയമില്ല. ഇവയില്‍ ഡെങ്കിപ്പനി മറ്റേതൊരു സാധാരണ വൈറല്‍പനി പോലെതന്നെ പ്രത്യക്ഷപ്പെടുന്നതാണ്. രോഗം കൂടുന്നതിനനുസരിച്ച് രക്തത്തിലെ ശ്വേതരക്താണുക്കളുടെയും മുഖ്യമായും പ്ളേറ്റ്ലെറ്റുകളുടെയും (Platelets) അളവില്‍ ക്രമാതീതമായ ശോഷണം സംഭവിക്കുകയും രോഗി വിവിധതരത്തിലുള്ള രക്തസമ്മര്‍ദങ്ങള്‍ക്ക് വിധേയനാകുകയും ചെയ്യുന്നതാണ് രോഗത്തിന്‍െറ ഭീതിദമായ പരിണാമം. ഇത്തരം സങ്കീര്‍ണതകളുടെ ആദ്യലക്ഷണത്തില്‍തന്നെ ചികിത്സിക്കാന്‍ സൗകര്യമുള്ള തരത്തിലുള്ള ആശുപത്രിയില്‍ രോഗിയെ എത്തിക്കുകയെന്നതാണ് ഏറ്റവും മുഖ്യം. നേരത്തേ പറഞ്ഞതുപോലെ ആസ്പിരിന്‍ (Aspirin) ഐബുപ്രോഫന്‍ (Ibuprofen) തുടങ്ങിയ മരുന്നുകള്‍ ഒഴിവാക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ആവശ്യത്തിന് വിശ്രമവും പാനീയങ്ങളും ലഭ്യമായാല്‍ ഒരു സങ്കീര്‍ണതയുമില്ലാതെ ശരിയായി പോകാവുന്നതേയുള്ളൂ. രക്തത്തിലെ ഖരഘടകങ്ങളുടെ അളവ് നിര്‍ണയിക്കുന്ന Packed Cell Volume (PCV), Platelet Count എന്നിങ്ങനെ ഏതു സാധാരണ ലബോറട്ടറിയിലും ചെയ്യാവുന്ന ലഘുവായ പരിശോധനകള്‍ മതി രോഗനിര്‍ണയത്തിന്. ഇവിടെയും സീറോളജി പരിശോധനയെന്ന വിലകൂടിയ പരിശോധനക്കും ചികിത്സക്കും ചികിത്സയില്‍ വലിയ സ്വാധീനമില്ല. സീറോളജി പരിശോധനാഫലം വരുന്നതിനു മുമ്പുതന്നെ രോഗത്തിന്‍െറ അപകടാവസ്ഥ വന്നുകഴിഞ്ഞിരിക്കുമെന്നര്‍ഥം. ഒരു പ്രദേശത്ത് പടരുന്നത് ഡെങ്കിപ്പനിയാണോ എന്നറിയാന്‍ മാത്രമേ സീറോളജി പരിശോധന ഉപകരിക്കൂ. ഒന്നോ രണ്ടോ രോഗികളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ പിന്നെ എല്ലാ രോഗികളിലും ഈ പരിശോധന നടത്തേണ്ട ആവശ്യമില്ല. സമാന രോഗലക്ഷണങ്ങളുള്ളവരെ രോഗത്തിന്‍െറ പട്ടികയില്‍പെടുത്തി ചികിത്സ നല്‍കാം. ആവശ്യത്തിന് വിശ്രമമെടുക്കാതെയും മതിയായ അളവില്‍ പാനീയങ്ങള്‍ കഴിക്കാതെയും ചെയ്യുന്നതാണ് ഈ രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കുന്നതിന് കാരണമാകുന്നത്. രോഗം തുടങ്ങി രണ്ടുമൂന്നു ദിവസം കഴിയുമ്പോള്‍ പനി മാറുകയും രോഗിക്ക് ഉന്മേഷം തോന്നുകയും ചെയ്യുന്ന ഘട്ടം വരുന്നു. വാസ്തവത്തില്‍, ഈ ഘട്ടമാണ് ഏറ്റവും ആപത്കരമായി കണ്ടുവരുന്നത്. രോഗി വിശ്രമമൊക്കെ അവസാനിപ്പിച്ച് പ്രവര്‍ത്തനങ്ങളിലേക്കു മടങ്ങാന്‍ തുടങ്ങുമ്പോള്‍ പൊടുന്നനെ രോഗം മൂര്‍ച്ഛിക്കുന്നതായി കണ്ടുവരുന്നു. ഇതു മനസ്സിലാക്കി രോഗം പൂര്‍ണമായി മാറുന്നതുവരെ ആവശ്യമായ വിശ്രമമെടുക്കുകമാത്രമാണ് ഈ അവസ്ഥ തടയുന്നതിനുള്ള ഏക മാര്‍ഗം. ഈ രോഗത്തിന്‍െറ കാര്യത്തിലും ആവശ്യമായ മുന്‍കരുതലുകള്‍ മാത്രമാണ് രോഗം മൂര്‍ച്ഛിക്കാതിരിക്കാന്‍ സഹായിക്കുന്ന ഘടകം.
ചികുന്‍ഗുനിയ കുറേക്കൂടി വ്യക്തമായ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിനാല്‍ എളുപ്പത്തില്‍ തിരിച്ചറിയപ്പെടുന്നു. പനിയും കടുത്ത സന്ധിവേദനയുമായി പ്രത്യക്ഷപ്പെടുന്ന രോഗം വിശ്രമവും സാധാരണ വേദന/പനി സംഹാരിയായ പാരസെറ്റമോള്‍ മരുന്നും വിശ്രമവുമായി ഒരു പരിധിവരെ നിയന്ത്രിക്കാം. കലശലായ സന്ധിവേദനയുള്ളവരില്‍ മറ്റു മരുന്നുകള്‍ ഉപയോഗിക്കുന്നു. പനി മാറിയാലും മാസങ്ങളോളം തുടരുന്ന സന്ധിവേദനയും അതിന്‍െറ അനന്തരഫലമായുണ്ടാകുന്ന രോഗാതുരത (Morbidity)യുമാണ് ഈ രോഗത്തെ വേറിട്ടുനിര്‍ത്തുന്നത്. രോഗം മാരകമല്ലെങ്കിലും അതു നല്‍കുന്ന രോഗാതുരത അസഹനീയമാണ്. വളരെ എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്ന രോഗം തടയാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൊതുകുനശീകരണവും ഉറവിട നശീകരണവും ആവശ്യമായി വരും.

എന്തു ചെയ്യാന്‍ കഴിയും?
l പനി ഒരു പുതിയ പ്രതിഭാസമല്ലെന്നും സമൂഹത്തില്‍ ഏറിയും കുറഞ്ഞും എപ്പോഴും പനിയുണ്ടാകുമെന്നും അറിയുക.
l ഒരു പ്രത്യേക പ്രദേശത്ത് നിയതമായ കാലയളവില്‍ പ്രതീക്ഷിക്കുന്നതിലുപരിയായി പനി പ്രത്യക്ഷപ്പെട്ടാല്‍ അതിനെ Outbreak അഥവാ Epidemic ആയി കണക്കാക്കം. പക്ഷേ, ഇതു തീരുമാനിക്കേണ്ടത് പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധരാണ്. ഓരോ പേര്‍ക്ക് പനിവരുന്നതിനെ ‘ആഘോഷിക്കുന്ന’ പ്രവണത നന്നല്ല. മാധ്യമ റിപ്പോര്‍ട്ടുകള്‍ സാങ്കേതികമായി കുറ്റമറ്റതാക്കാന്‍ പൊതുജനാരോഗ്യരംഗത്തെ വിദഗ്ധരുമായി സഹകരിച്ച് ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനം നടത്താന്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രത്യേകം ശ്രദ്ധിക്കണം.
l ഊന്നല്‍ നല്‍കേണ്ടത് രോഗത്തിനെതിരായ ബോധവത്കരണത്തിനും രോഗപ്രതിരോധ നടപടികള്‍ക്കുമാണ്. Sensational ആയും ചാനല്‍ ചര്‍ച്ചകളും മറ്റും വഴിതെറ്റി ‘രാഷ്ട്രീയ മുതലെടുപ്പ്’ ചര്‍ച്ചകളായി അധഃപതിക്കാന്‍ അനുവദിക്കരുത്.
l ശക്തമായ ബോധവത്കരണത്തിലൂടെയും ഇടപെടലുകളിലൂടെയും വ്യക്തിശുചിത്വം, പരിസരശുചിത്വം, കൊതുകുനിര്‍മാര്‍ജനം, കൂത്താടികളുടെ ഉറവിട നിര്‍മാര്‍ജനം തുടങ്ങിയവ ഉറപ്പാക്കുക.
l ഈ രോഗങ്ങള്‍ക്കാവശ്യമായ ബോധവത്കരണം സര്‍ക്കാറാശുപത്രികളില്‍ ലഭ്യമാണ്. എച്ച്1 എന്‍1 തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്ന് സര്‍ക്കാറാശുപത്രികളില്‍ മാത്രമാണ് മുഖ്യമായും ലഭ്യമായിരിക്കുന്നത്. ഈ വിവരം ജനങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കണം.
l അന്യസംസ്ഥാനങ്ങളില്‍നിന്നും മറ്റും വരുന്ന തൊഴിലാളികളെ കാര്യമായ വൈദ്യപരിശോധനകള്‍ക്ക് വിധേയമാക്കുകയും രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ നല്‍കാന്‍ ശ്രദ്ധിക്കുകയും വേണം.
l ആരോഗ്യവകുപ്പിന് ഈ രോഗങ്ങളുടെ കാര്യത്തില്‍ പലതും ചെയ്യാന്‍ കഴിയുമെങ്കിലും അവ ഒരിക്കലും പൂര്‍ണമല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ്, കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, റവന്യൂ വകുപ്പ്, സാമൂഹികക്ഷേമ വകുപ്പ് തുടങ്ങിയ അനവധി വകുപ്പുകള്‍ ഏകോപിപ്പിച്ചു നടത്തുന്ന പ്രവര്‍ത്തനം വഴി മാത്രമേ ഈ രോഗങ്ങളെ നേരിടാന്‍ കഴിയൂ.
l ഏറ്റവും പ്രധാനമായ പങ്കാളിത്തം വേണ്ടത് വ്യക്തികളില്‍നിന്നും കുടുംബങ്ങളില്‍നിന്നുമാണ്. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കുന്നതിലും രോഗാരംഭത്തില്‍തന്നെ ചികിത്സ നേടുന്നതിലും വ്യക്തികളും കുടുംബങ്ങളും ബദ്ധശ്രദ്ധരാകേണ്ടിയിരിക്കുന്നു.
l മാധ്യമങ്ങള്‍ ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി ശക്തമായ ബോധവത്കരണം, വസ്തുതകളുടെ വിശകലനം എന്നിവ വഴി സമൂഹത്തോട് പ്രതിബദ്ധത കാണിക്കുകയും പൊതുജനാരോഗ്യരംഗത്തെ തങ്ങളുടെ മഹനീയസാന്നിധ്യം ഉറപ്പിക്കുകയും വേണം.
ഇനിയും പനി വരുമെന്നതില്‍ സംശയമില്ല. പക്ഷേ, എല്ലാമറിഞ്ഞിരിക്കുന്നത് നന്നായി ഒരുങ്ങിയിരിക്കാന്‍ സാധിക്കും. തയാറായിരിക്കുന്നവന് ശത്രു ഒരു പ്രശ്നമല്ലെന്നോര്‍ക്കുക.

comments powered by Disqus
 
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com