രക്തസമ്മര്‍ദം ഉയരുകയാണെങ്കില്‍

രക്തസമ്മര്‍ദം ഉയരുകയാണെങ്കില്‍

രക്തസമ്മര്‍ദം ഉയരുകയാണ് എന്നറിയുമ്പോള്‍, അക്കാര്യത്തില്‍ ശ്രദ്ധപതിപ്പിച്ചു തുടങ്ങണം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന പരിശോധനകള്‍ നടത്തണം. മരുന്നു കഴിക്കാന്‍ പറഞ്ഞാല്‍ അതനുസരിക്കണം. വര്‍ധിച്ച രക്തസമ്മര്‍ദത്തിന്‍െറ തുടര്‍ച്ചയായി വരാന്‍ സാധ്യതയുള്ള എല്ലാ സങ്കീര്‍ണതകളും അകറ്റിനിര്‍ത്താന്‍ അതൊക്കെയാണ് ആദ്യമായി രോഗികള്‍ അറിയേണ്ടത്.
രോഗംവരാതെ സൂക്ഷിക്കുന്ന കാര്യത്തില്‍ നാം ഇപ്പോഴും വേണ്ടത്ര ശ്രദ്ധിക്കാറില്ല. രോഗം വരുമ്പോള്‍ മാത്രമാണ് കൂടുതല്‍ പേരും വൈദ്യശാസ്ത്രത്തെക്കുറിച്ച് ചിന്തിക്കാറുള്ളത്. സത്യത്തില്‍ ഇവരൊക്കെ ചിന്തിക്കാറുള്ളത് വളരെ എളുപ്പത്തില്‍ എങ്ങനെ രോഗശമനം നേടാമെന്ന് മാത്രമായിരിക്കും. രോഗലക്ഷണങ്ങള്‍ ഒന്നും അനുഭവപ്പെടുന്നില്ലെങ്കില്‍ ആരോഗ്യത്തിന് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് ഒരുപാടുപേര്‍ ഇപ്പോഴും വിശ്വസിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‍െറ കാര്യത്തിലാണെങ്കില്‍ ഈ വിശ്വാസം നൂറുശതമാനം അബദ്ധമായിരിക്കും.
രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ് എന്ന പഴമൊഴിക്ക് എന്നും പ്രസക്തിയുണ്ട്. ഹൃദയവും രക്തക്കുഴലുകളും ബന്ധപ്പെടുന്ന രോഗങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഈ പ്രസക്തിക്കുള്ള ഗൗരവം കൂടുതലുമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം മുന്നോട്ടു പോകുംതോറും ഗുരുതരമാകാവുന്ന ആരോഗ്യ പ്രശ്നങ്ങളായിരിക്കും സംഭവിക്കുക. തുടക്കത്തില്‍ ഈ സങ്കീര്‍ണതകളുടെ ലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെടണമെന്നില്ല. പലപ്പോഴും ലക്ഷണങ്ങള്‍ പ്രത്യക്ഷമാകുന്ന അവസ്ഥ, ചികിത്സയിലൂടെ ഫലം കാണാന്‍ കഴിയാത്ത നിലയിലെത്തിയിരിക്കുകയും ചെയ്യും. രക്തസമ്മര്‍ദം എത്ര ഉയരുന്നുവോ, അതിനനുസരിച്ച് ആയുസ്സ് കുറയാനുള്ള സാധ്യത തള്ളിക്കളയാനാവുകയില്ല. ഉയര്‍ന്ന രക്തസമ്മര്‍ദം നിലനില്‍ക്കുകയും ശരിയായ രീതിയില്‍ ചികിത്സിക്കാതിരിക്കുകയുമാണെങ്കില്‍ ആയുസ്സില്‍ ഏതാനും വര്‍ഷങ്ങള്‍ കുറയുകയായിരിക്കും ഫലം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരില്‍ എണ്‍പതു ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങള്‍ കാണപ്പെടാറില്ല. ഗുരുതരാവസ്ഥയിലെത്തിയ ശേഷമായിരിക്കും പലരും ഉയര്‍ന്ന രസ്തസമ്മര്‍ദത്തെക്കുറിച്ച് അറിയുന്നതു തന്നെ. അപ്പോഴേക്കും സങ്കീര്‍ണതകള്‍ പലതും രൂപംകൊണ്ടിട്ടുമുണ്ടായിരിക്കും. തലച്ചോറിലെ ധമനികള്‍ പൊട്ടുക, ഹൃദയാഘാതം, ഹൃദ്രോഗം, വൃക്കകളില്‍ തകരാറുകള്‍ തുടങ്ങിയവയാണ് അവ.
ഇങ്ങനെ ദുരിതപൂര്‍ണമാകാവുന്ന പല അവസ്ഥകളിലും എത്തിക്കുന്ന ഉയര്‍ന്ന രക്തസമ്മര്‍ദത്തെ ശ്രദ്ധിക്കുക തന്നെ വേണം. അതിന് രക്തസമ്മര്‍ദത്തിന്‍െറ നില എത്രയാണെന്ന് ഇടക്കിടെ നോക്കണം. രക്തസമ്മര്‍ദം ഉയരുകയാണ് എന്നറിയുകയാണെങ്കില്‍ ചികിത്സ തുടങ്ങണം.
രക്തസമ്മര്‍ദം എപ്പോഴും ഒരേനില സൂക്ഷിക്കണമെന്നില്ല. ദേഷ്യം വരുമ്പോഴും അധ്വാനിക്കുമ്പോഴും മാനസിക പിരിമുറുക്കമുണ്ടാകുമ്പോഴും രക്തസമ്മര്‍ദം ഉയരും. സുഖകരമായി തോന്നുന്ന അവസരങ്ങളിലും വിശ്രമിക്കുമ്പോഴും ഉറങ്ങുമ്പോഴും രക്തസമ്മര്‍ദം കുറയുന്നു. പ്രായം കൂടുംതോറും രക്തസമ്മര്‍ദം ഉയര്‍ന്നുകൊണ്ടിരിക്കും. ജീവിതവ്യഗ്രതകള്‍, അമിതമായ ആഗ്രഹങ്ങള്‍, സാഹചര്യങ്ങളുണ്ടാക്കുന്ന സമ്മര്‍ദം, ആഹാരശീലം, വ്യായാമം ചൊയ്യാതിരിക്കല്‍, നാഗരികത തുടങ്ങിയവ രക്തസമ്മര്‍ദം ഉയര്‍ത്തുന്ന ഘടകങ്ങളില്‍പെടുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരില്‍ കൂടുതല്‍ പേര്‍ക്കും അസ്വസ്ഥതകള്‍ കാണുകയില്ല. ഇതൊരു ദൗര്‍ഭാഗ്യമാണ്. തലവേദനയും തലകറക്കവുമാണ് സാധാരണ കാണാറുള്ള ലക്ഷണങ്ങള്‍. തലയുടെ പിറകുവശത്ത് വേദന, പ്രത്യേകിച്ച് രാവിലെ അനുഭവപ്പെടുക, ഇടക്കിടെ അനുഭവപ്പെടുന്ന തലകറക്കം എന്നിവ പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‍െറ അറിയിപ്പുകളായിരിക്കും. രക്തസമ്മര്‍ദം വളരെ ഉയര്‍ന്നിരിക്കുകയോ കുറേക്കാലം കൂടിയ നിലയില്‍ തുടരുകയോ ചെയ്താല്‍ ചില ലക്ഷണങ്ങള്‍ അനുഭവപ്പെടും. നെഞ്ചിന് ഭാരം, തളര്‍ച്ച, നെഞ്ചിടിപ്പ്, ഉറക്കക്കുറവ്, കണ്ണുകളുടെ അടിയില്‍ ഒരു അസ്വസ്ഥത, അധ്വാനിക്കുമ്പോള്‍ നെഞ്ചുവേദനയുണ്ടാകുക തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ചിലരില്‍ ഒരു മുന്നറിയിപ്പും കൂടാതെ രക്തസമ്മര്‍ദം ഉയരുകയോ ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കുകയും ചെയ്യും. ചിലപ്പോള്‍ മരണവും. അതുകൊണ്ടാണ് ഉയര്‍ന്ന രക്തസമ്മര്‍ദം ഇംഗ്ളീഷില്‍ ‘സൈലന്‍റ് കില്ലര്‍’ എന്നറിയപ്പെടുന്നത്.
ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവിക്കുന്നവരില്‍ ഏഴു ശതമാനത്തോളം പേരുടെ കാര്യത്തില്‍ മാത്രമാണ് വ്യക്തമായ കാരണം മനസ്സിലാക്കാന്‍ കഴിയാറുള്ളത്. ഇത് വളരെ നിര്‍ഭാഗ്യകരമാണ്. വൃക്കകളിലുണ്ടാകുന്ന രോഗങ്ങള്‍, തൈറോയ്ഡ്, അഡ്രിനല്‍ എന്നീ ഗ്രന്ഥികളെയും തലച്ചോറിനെയും ബാധിക്കുന്ന ട്യൂമര്‍, രക്തക്കുഴലുകളിലെ വ്യാസം കുറയുക തുടങ്ങിയവ ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടാകാന്‍ അറിയപ്പെടുന്ന കാരണങ്ങളാണ്. ചില ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദം ഉയരുന്നതായി കാണാറുണ്ട്. അത് മിക്കവാറും താല്‍ക്കാലികമായിരിക്കുകയും ചെയ്യും.
എന്നാല്‍, ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവിക്കുന്ന ബഹുഭൂരിപക്ഷം പേരിലും ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‍െറ കാരണം കണ്ടുപിടിക്കാന്‍ എളുപ്പമല്ല. എന്നിരുന്നാലും ഇവരില്‍ പാരമ്പര്യത്തിന്‍െറ സ്വാധീനമോ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് സാധ്യത വര്‍ധിപ്പിക്കുന്ന എന്തെങ്കിലും ഘടകങ്ങളോ ഉണ്ടായിരിക്കും. മാതാപിതാക്കള്‍ രണ്ടുപേര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെങ്കില്‍ മക്കളുടെ രക്തസമ്മര്‍ദം ഉയരാനുള്ള സാധ്യത അമ്പത് ശതമാനമാണ്. ഇവരില്‍ പലപ്പോഴും യുവത്വത്തില്‍തന്നെ രക്തസമ്മര്‍ദം ഉയര്‍ന്ന് തുടങ്ങുകയും ചെയ്യും. ആര്‍ത്തവ വിരാമശേഷവും രക്തസമ്മര്‍ദം ഉയരാനുള്ള സാധ്യത സ്ത്രീകളില്‍ കൂടുതലാണ്.
രക്തസമ്മര്‍ദം ഉയര്‍ന്ന നിലയിലാണ് എന്നറിയുമ്പോള്‍ ആകുലപ്പെടേണ്ട കാര്യമില്ല. അത് വേണ്ടപോലെ കൈകാര്യം ചെയ്താല്‍ മതി. ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള ചികിത്സയില്‍ വൈദ്യശാസ്ത്രം ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ട്. അതിന്‍െറ ഫലമായി സങ്കീര്‍ണതകള്‍ ഒരു പരിധിവരെ ഒഴിവാക്കാമെന്നായിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്ന് മാത്രം. ആഹാരത്തില്‍ ക്രമീകരണം ആവശ്യമാണ്. വ്യായാമം പതിവാക്കണം. എന്നാല്‍, ക്രമേണ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‍െറ ഫലമായി ഉണ്ടാകാനിടയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയില്ല. തലച്ചോറ്, ഹൃദയം, വൃക്കകള്‍, കണ്ണുകള്‍ എന്നീ അവയവങ്ങള്‍ സുരക്ഷിതമായിരിക്കുകയും ചെയ്യും.

comments powered by Disqus
 
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com