മരുന്നുകള്‍ ചര്‍മരോഗങ്ങള്‍ക്ക് കാരണമായേക്കാം

മരുന്നുകള്‍ ചര്‍മരോഗങ്ങള്‍ക്ക് കാരണമായേക്കാം

കുത്തിവെക്കുന്നതോ ഉള്ളിലേക്ക് കഴിക്കുന്നതോ ആയ ഔധങ്ങള്‍ മുഖേന ചര്‍മത്തില്‍ തടിപ്പുകളോ തകരാറുകളോ കണ്ടേക്കാം. ചര്‍മത്തില്‍ പുറമെ പുരട്ടുന്ന മരുന്നുകള്‍കൊണ്ടുണ്ടാകുന്ന വ്യത്യാസങ്ങള്‍ക്ക് പുറമെയാണിത്.
പല ചര്‍മരോഗങ്ങള്‍ക്കും സമാനമായ മാറ്റങ്ങള്‍, ശരീരത്തിന്‍െറ അകത്തുചെല്ലുന്ന മരുന്നുകള്‍ ചര്‍മത്തില്‍ തീര്‍ത്തേക്കാം- ചിലപ്പോള്‍ അവ സങ്കീര്‍ണവുമായേക്കാം. അതിനാല്‍, മരുന്നുകളില്‍നിന്നുണ്ടായവയെയും മറ്റുള്ളവയെയും വേര്‍തിരിച്ചറിയല്‍ ശരിയായ ചികിത്സക്ക് അത്യാവശ്യമാണ്.
ഡോക്ടറെ സമീപിക്കുമ്പോള്‍ കഴിച്ച എല്ലാവിധ മരുന്നുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കണം. ചെറിയ മരുന്നുകളാണെങ്കില്‍പോലും അവ കഴിച്ച വിവരം ഡോക്ടറെ ധരിപ്പിക്കണം.
ചര്‍മത്തിലെ വ്യത്യാസങ്ങളില്‍നിന്ന് ഏതു മരുന്നുകൊണ്ടാണ് കുഴപ്പം ഉണ്ടായതെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, ചര്‍മത്തിലെ വ്യത്യാസങ്ങളുടെ രൂപഭാവങ്ങള്‍ ചില പ്രത്യേകയിനം ഔധങ്ങളെപ്പറ്റി സൂചന നല്‍കിയേക്കാം.

ചൊറിച്ചിലോടുകൂടിയ തടിപ്പും നീര്‍ക്കെട്ടും
ചൊറിയണം എന്ന ചെടി ദേഹത്ത് തട്ടിയാലുണ്ടാകുന്നയിനം തടിപ്പുകളും നീര്‍ക്കെട്ടും ചര്‍മത്തിലുണ്ടാകുന്നതുപോലെയുള്ള പ്രതികരണമാണിത് (urticaria angioneurotic oedema). പെന്‍സിലിന്‍, ആസ്പിരിന്‍ മുതലായ മരുന്നുകള്‍ ഇത്തരം പ്രതികരണം ചര്‍മത്തിലുണ്ടാക്കിയേക്കാം.
ചുവന്ന തടിപ്പുകള്‍
വളരെ വ്യാപകമായി ശരീരത്തിലുണ്ടാകുന്ന ചുവന്നു പടര്‍ന്ന ചെറിയ തടിപ്പുകളാണിവ (Morbilliform). അവ ക്രമേണ ഉണങ്ങി പൊളിഞ്ഞ് ചെതുമ്പലുകള്‍പോലെ ഇളകിപ്പോകും.
ആംപിസില്ലിന്‍, ഫീനോ തയാസിന്‍, ബാര്‍ബിച്ചുറേറ്റ്സ് തുടങ്ങിയ ഔധങ്ങള്‍ ഇത്തരം തടിപ്പുകള്‍ ഉണ്ടാക്കിയേക്കാം.

വട്ടത്തിലുള്ള തടിപ്പുകള്‍
ചുവന്ന വട്ടത്തിലുള്ള പാടുകളോ ചെറിയ കുമിളകള്‍പോലുള്ളവയോ കാല്‍പാദങ്ങളിലും കൈപ്പത്തിയിലും മറ്റും കാണാം (Erythema multiforme). ചിലപ്പോള്‍, ചുണ്ടുകളിലും വായ്ക്കുള്ളിലെ ശ്ളേഷ്മസ്തരങ്ങളിലും ഈ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഇത്തരം മാറ്റങ്ങള്‍ ചര്‍മത്തിലുണ്ടാക്കുന്നത് സാധാരണ സള്‍ഫാ ഔധങ്ങളോ പെന്‍സിലിന്‍ ഔധങ്ങളോ ഉപയോഗിക്കുമ്പോഴാണ്.

ചൊറിച്ചില്‍
ചില മരുന്നുകളുടെ ഉപയോഗം ശരീരത്തില്‍ ചൊറിച്ചിലുണ്ടാക്കുന്നു (Pruritus). ബ്രോഷ്സ്പെക്ട്രം ആന്‍റിബയോട്ടിക് ഔധങ്ങള്‍ ഇത്തരം ചൊറിച്ചിലുണ്ടാക്കാന്‍പോന്നവയാണ്.

കുമിളത്തടിപ്പുകള്‍
ശരീരത്തില്‍ ചെറിയ കുമിളകള്‍പോലെ തടിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നതാണിത് (Blistering Eruptions). സള്‍ഫാ ഔധങ്ങള്‍, പെന്‍സിലിന്‍, ഫീനൈല്‍ ബൂട്ടസോണ്‍ മുതലായ ഔധങ്ങളുടെ ഉപയോഗം ചര്‍മത്തില്‍ കുമിളത്തടിപ്പുകള്‍ ഉണ്ടാക്കിയേക്കാം.

സൂചിക്കുത്തുപോലുള്ള ചുവന്ന പാടുകള്‍
ചില ഔധങ്ങള്‍ കഴിക്കുന്നതുമൂലം ശരീരത്തില്‍ സൂചിക്കുത്തുപോലുള്ള ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടും (Purpuric Rash). ക്വിനിഡിന്‍, ക്ളോറാസിനിക്കോള്‍ മുതലായ മരുന്നുകള്‍ സൂചിക്കുത്തുപോലുള്ള ചുവന്ന പാടുകള്‍ ചര്‍മത്തില്‍ വരുത്തിയേക്കാന്‍ സാധ്യതയുള്ളവയാണ്.

ചുവന്നുരുണ്ട തടിപ്പുകള്‍
വേദനയുള്ള, ചുവന്ന നിറത്തോടുകൂടിയ ഉരുണ്ട തടിപ്പുകളാണിവ (Erythema Nodosum). സാധാരണ ഇവ കാലുകളില്‍ മുന്‍ഭാഗത്തായിട്ടാണ് കൂടുതല്‍ കാണപ്പെടുക. സള്‍ഫാ ഔധങ്ങള്‍ ഇത്തരം തടിപ്പുകള്‍ ചര്‍മത്തില്‍ തീര്‍ത്തേക്കാം.

കറുത്തനിറമായി മാറല്‍
ചില മരുന്നുകള്‍ കഴിക്കുന്നതുമൂലം നെറ്റിയിലും കവിളത്തും മറ്റും ചര്‍മത്തിന്‍െറ നിറം കൂടുതല്‍ കറുത്തതായി മാറുന്നു (Hyper Pigmentation). ഗര്‍ഭനിരോധ ഗുളികകള്‍ കഴിക്കുന്നവരില്‍ ഇത്തരം വ്യത്യാസങ്ങള്‍ കണ്ടേക്കാം.

ഫോട്ടോ സെന്‍സിറ്റിവിറ്റി
ചിലയിനം മരുന്നുകള്‍ കഴിക്കുന്നവരില്‍ സൂര്യപ്രകാശം തട്ടുന്ന, വസ്ത്രങ്ങളില്ലാത്ത ശരീരഭാഗങ്ങളിലുണ്ടാകുന്ന ചുവപ്പ് നിറമോ കൂടൂതലായി ഉണ്ടാകുന്ന കറുപ്പ് നിറമോ ആണിത് (Photo Sensitivity).
ഫീനോ തയാസിന്‍ ഇനത്തില്‍പെട്ട ഔധങ്ങള്‍, പ്രത്യേകിച്ചും, ക്ളോര്‍പ്രമാസിന്‍ പോലുള്ളവ കഴിക്കുമ്പോള്‍ ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകാം.

ചികിത്സ
ഔധങ്ങള്‍ ചര്‍മത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ‘അലര്‍ജി’ എന്ന് സാധാരണയായി വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍, ചര്‍മത്തില്‍ മാറ്റമുണ്ടാക്കുന്ന ഔധങ്ങളുടെ ആന്‍റി ബോഡികളെ ശരീരത്തില്‍ പലപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.അതിനാല്‍, അലര്‍ജിയാണ് ശരീരത്തില്‍ മാറ്റമുണ്ടാക്കുന്നതെന്ന് പറയാനാവില്ല.
ഔധങ്ങള്‍ ഇപ്രകാരം ചര്‍മത്തിലുണ്ടാക്കുന്ന പ്രതികരണങ്ങളെ അല്ലെങ്കില്‍ തകരാറുകളെ പലപ്പോഴും ചികിത്സിക്കേണ്ടതായി വരും. ചര്‍മത്തില്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്ന മരുന്നുകള്‍ അറിവുണ്ടെങ്കില്‍ അത് ഒഴിവാക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. അത് രോഗം വരാതിരിക്കുവാന്‍ സഹായിക്കും. ചര്‍മത്തില്‍ ഔധങ്ങളുടെ ഉപയോഗത്താല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നുവെങ്കില്‍ ആന്‍റി ഹിസ്റ്റമിന്‍ ഉപയോഗിച്ച് ഇതിന് ശാന്തത വരുത്താം.
ചര്‍മത്തില്‍ നീര്‍ക്കെട്ടും തടിപ്പും മറ്റുമായി പ്രത്യക്ഷപ്പെടുന്ന തകരാറുകളില്‍ സ്റ്റിറോയിഡ് ഔധങ്ങള്‍ നല്‍കി അവക്ക് ശമനമുണ്ടാക്കാം. പ്രതികരണമുണ്ടാക്കിയ ഔധങ്ങള്‍ ഏതെന്ന് വ്യക്തമായി മനസ്സിലാക്കിയാല്‍ അത് കുറിച്ചെടുത്ത് സൂക്ഷിക്കണം. എപ്പോഴെങ്കിലും ഡോക്ടറെ കാണുകയും മരുന്ന് കഴിക്കേണ്ടി വരുകയും ചെയ്യുമ്പോള്‍ ഈ വിവരം ഡോക്ടറെ അറിയിച്ച് അപ്രകാരമുള്ള മരുന്നുകള്‍ വീണ്ടും കഴിക്കുവാനിടവരാതെ സൂക്ഷിക്കുകയും വേണം.

comments powered by Disqus
 
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com