സ്തനാര്‍ബുദം വീണ്ടും വരാതെ സൂക്ഷിക്കുക

സ്തനാര്‍ബുദം വീണ്ടും വരാതെ സൂക്ഷിക്കുക

വനിതകളുടെ ആരോഗ്യപ്രശ്നങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രോഗമാണ് സ്തനാര്‍ബുദം. തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായി ചികിത്സിച്ചുമാറ്റാമെങ്കിലും തുടര്‍ന്നുള്ള ജീവിതം ശ്രദ്ധാപൂര്‍വം ക്രമപ്പെടുത്തിയില്ലെങ്കില്‍ രോഗം തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. മാറിയ ജീവിതശൈലിയും അമിതവണ്ണവും അമിതഭാരവും സ്തനാര്‍ബുദം തിരിച്ചുവരാന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിന്‍്റെ നേട്ടങ്ങളുടെ ഭാഗമായി സ്തനാര്‍ബുദം ഇന്ന് ജീവന് ഭീഷണിയുയര്‍ത്തുന്ന ഒരു രോഗമല്ല. വിദഗ്ധ ചികിത്സയും ശ്രദ്ധാപൂര്‍വമായ പരിചരണവും വഴി രോഗത്തെ അതിജീവിക്കാമെങ്കിലും പിന്നീടുള്ള ജീവിതത്തില്‍ രോഗി നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒരിക്കല്‍ വന്ന രോഗം വീണ്ടും വരുമോ എന്ന ഭീതിയാണ് ഇതില്‍ പ്രധാനം. ഈ ഭീതിയോടെയാണ് രോഗത്തില്‍നിന്ന് വിമുക്തി നേടിയ ഭൂരിഭാഗം പേരും ജീവിക്കുന്നത്. മറ്റെല്ലാ ദുഖങ്ങളെക്കാളും വലുതാണ് ഈ ഭയം.
രോഗം തിരികെവരുമെന്ന ആശങ്ക വിജയകരമായി തരണം ചെയ്യുകയാണ് ആദ്യം വേണ്ടത്. രോഗ നിര്‍ണയത്തിന്‍്റെയും ചികിത്സയുടെയും ഫലമായി ശരീരം നിരവധി മാറ്റങ്ങളിലൂടെ കടന്നുപോകുമെങ്കിലും ഭൂരിഭാഗം സ്ത്രീകളും ആരോഗ്യവതികളും ശക്തരും ശുഭപ്രതീക്ഷയുള്ളവരുമായിരിക്കും.
രോഗത്തില്‍നിന്ന് രക്ഷപ്പെടുന്നവരുടെ നിരക്ക് മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അനുയോജ്യമായ ജീവിതശൈലിയെ കുറിച്ചും ഇന്ന് ഗവേഷണങ്ങള്‍ നടന്നുവരുകയാണ്. രോഗം തിരികെവരാനുള്ള സാധ്യത, രോഗവിമുക്തി എന്നിവയില്‍ ജീവിതശൈലി ഘടകങ്ങളുടെ സ്വാധീനം വിശകലനം ചെയ്യാന്‍ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഭാരനിയന്ത്രണത്തിനും വ്യായാമത്തിനും ഇതിനെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് അവരുടെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ ഒരിക്കല്‍ രോഗബാധിതരായവര്‍ ചിലകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
വൈകാരികമായ ഉണര്‍വുനേടുകയാണ് ഇതില്‍ പ്രധാനം. സപ്പോര്‍ട്ട് ഗ്രൂപ്പിന്‍െറ പരിപാടികളില്‍ പങ്കെടുക്കുകയും രോഗത്തില്‍നിന്ന് രക്ഷപ്രാപിച്ചവരുമായി സംസാരിക്കുകയും ചെയ്യുകയാണ് ഇതിന് വേണ്ടത്. സ്തനാര്‍ബുദത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ എപ്പോഴും അറിഞ്ഞുകൊണ്ടിരിക്കണം. രോഗഭീതിയോ മറ്റെന്തങ്കിലും കാരണങ്ങളോ മൂലം വിഷാദാവസ്ഥയിലുള്ള രോഗികള്‍ ആവശ്യമെങ്കില്‍ ഒരു മനോരോഗ വിദഗ്ധനെ സമീപിച്ച് വിഷാദത്തിനുള്ള മരുന്നുകള്‍ കഴിക്കണം. രോഗബാധ സംബന്ധിച്ച ഭയവും ആശങ്കയും ഡോക്ടറുമായി പങ്കുവെക്കുകയും നേരത്തേ രോഗം ബാധിച്ച വിവരം ഡോക്ടറെ അറിയിക്കുകയും വേണം. രോഗവിമുക്തര്‍ രോഗം ബാധിച്ചവരെ സഹായിക്കാനും ഉപദേശങ്ങളും ആത്മവിശ്വാസവും നല്‍കാനും തയാറാവണം.
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയാണ് മറ്റൊരു പ്രധാന കാര്യം. കൊഴുപ്പും കലോറിയും കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം. ഇവ രക്തത്തിലെ ഈസ്ട്രോജെന്‍ ചംക്രമണത്തെ വര്‍ധിപ്പിക്കുന്നതായി ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രോഗം വന്നതിനുശേഷം കുറഞ്ഞ കൊഴുപ്പും കലോറിയുമുള്ള ഭക്ഷ്യവസ്തുക്കള്‍ ശീലമാക്കിയാല്‍ സമ്പൂര്‍ണമായ ആരോഗ്യവും അതുവഴി ആയുരാരോഗ്യവും വര്‍ധിക്കും.
മനസ്സിന്‍്റെ സംഘര്‍ഷം കുറക്കുന്നതും രോഗപ്രതിരോധത്തിന്‍്റെ ഭാഗമാണ്. രോഗവിമുക്തി നേടിയാലും കുറച്ചുനാള്‍ രോഗിയുടെ ജീവിതത്തില്‍ സംഘര്‍ഷം നിറഞ്ഞുനില്‍ക്കും. ഇതിനെ അതിജീവിക്കാനുള്ള വഴികള്‍ തേടുകയാണ് ചെയ്യേണ്ടത്. ഓരോ വ്യക്തിയുടെയും ശരീരവും മാനസികാവസ്ഥയും ജീവിതരീതികളും വ്യത്യസ്തമാകയാല്‍ മനസ്സിന്‍്റെ സമ്മര്‍ദങ്ങളെ നേരിടാനുള്ള ശേഷിയും വ്യത്യസ്തമായിരിക്കും. ഓരോരുത്തരും അവരുടെ ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിലുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്.
ഓരോ വ്യക്തിയും അവരവരുടെ അഭിരുചിക്ക് അനുസരിച്ച് വിനോദങ്ങളില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്. പൂന്തോട്ട നിര്‍മാണം, കരകൗശല നിര്‍മാണം, ചിത്രരചന, എഴുത്ത്, വായന, പാട്ട് കേള്‍ക്കല്‍ തുടങ്ങി മനസ്സിന്‍െറ ഭാരം ലഘൂകരിക്കുന്ന വിനോദങ്ങളിലാണ് ഏര്‍പ്പെടേണ്ടത്.
ശരീരഭാരം കുറക്കുന്നതിന്‍്റെ ഭാഗമായി പതിവായി വ്യായാമം ചെയ്യുകയാണ് രോഗത്തെ മാറ്റിനിര്‍ത്താനുള്ള മറ്റൊരു മാര്‍ഗം.
ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായ ഇടവേളകളില്‍ എല്ലാ തരം ശാരീരിക പരിശോധനകളും നടത്തി രോഗത്തിന്‍െറ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തണം.
ജീവകം-ഡിയുടെ കുറവും സ്തനാര്‍ബുദ ബാധയും തമ്മില്‍ ബന്ധമുണ്ടെന്ന് നഴ്സസ് ഹെല്‍ത്ത് സ്റ്റഡിയുടെ കണ്ടെത്തലിന്‍െറ അടിസ്ഥാനത്തില്‍ ജീവകം- ഡി സപ്ളിമെന്‍റുകള്‍ കഴിക്കുന്നത് ഭാവിയില്‍ വീണ്ടും രോഗബാധ ഉണ്ടാകാനുള്ള സാധ്യത കുറക്കുമെന്ന് കരുതേണ്ടിയിരിക്കുന്നു. ദിവസവും അല്‍പസമയം ഇളംവെയില്‍ കൊള്ളുന്നത് ശരീരത്തില്‍ ജീവകം-ഡിയുടെ അളവ് കൂട്ടാന്‍ സഹായിക്കും.
ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതുപ്രകാരം മാത്രം എന്‍ഡോക്രിന്‍ തെറപ്പി മരുന്ന് എടുക്കുന്നതും പ്രധാനമാണ്.

comments powered by Disqus
 
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com