അറിഞ്ഞിരിക്കാം പ്രഥമശുശ്രൂഷ

അറിഞ്ഞിരിക്കാം പ്രഥമശുശ്രൂഷ

നിത്യജീവിതത്തില്‍ ഉണ്ടാകാവുന്ന ആകസ്മിക സംഭവങ്ങളെ കാണാതെ കടന്നുപോകാന്‍ സാമൂഹികജീവിയായ മനുഷ്യന് സാധ്യമല്ല. ഏതെങ്കിലും സാഹചര്യത്തില്‍ ദുരന്തമുഖത്ത് ആരും എപ്പോഴും അകപ്പെടാം. വീടുമുതല്‍ ജോലിസ്ഥലംവരെ എവിടെയും അപകടസാധ്യതയുണ്ട്.
ഒരാളുടെ ആരോഗ്യാവസ്ഥ മോശമാകുന്ന സാഹചര്യത്തില്‍ അയാളെ ഡോക്ടറുടെ അടുക്കല്‍ എത്തിക്കുന്നതുവരെയുള്ള സമയം വളരെ വിലപ്പെട്ടതാണ്. ഈ ഘട്ടത്തില്‍ ചെയ്യാവുന്ന പ്രഥമശുശ്രൂഷ അറിയുന്നത് മരണമുഖത്തുള്ളയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നേക്കാം. അതുകൊണ്ടുതന്നെ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ് പ്രഥമശുശ്രൂഷ.

പ്രഥമശുശ്രൂഷ എങ്ങനെ?
ഒരാളുടെ ആരോഗ്യനില അപകടകരമാകുന്ന അവസ്ഥയിലാണ് പ്രഥമശുശ്രൂഷ വേണ്ടിവരുന്നത്. ഇത് അപകടംമൂലമോ രോഗംമൂലമോ ആകാം. അപകടത്തില്‍പെട്ടയാളുടെ ജീവന്‍ നിലനിര്‍ത്തുകയെന്നതാണ് പ്രധാനം. അയാളുടെ അവസ്ഥ മോശമാകാതിരിക്കാനും ആരോഗ്യം വീണ്ടെടുക്കാനും ആദ്യപരിചരണംകൊണ്ട് കഴിയും.
പരിക്കുപറ്റിയതോ അബോധാവസ്ഥയിലായതോ ആയ വ്യക്തിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ അയാളുടെ ശ്വാസോച്ഛ്വാസം (Breathing) സാധാരണ നിലയിലാണോയെന്നും ഉറപ്പുവരുത്തണം. ശ്വസനം ശരിയല്ലെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കേണ്ടിവരും. രക്തസ്രാവമുണ്ടെങ്കില്‍ അടിയന്തരമായി തടയണം.
രക്തചംക്രമണം അഥവാ രക്തയോട്ടം പരിശോധിക്കലാണ് അടുത്ത പടി. ഹൃദയം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതുവഴി മസ്തിഷ്കത്തിലേക്കും ശരീരത്തിന്‍െറ മറ്റു ഭാഗങ്ങളിലേക്കും രക്തം പമ്പ്ചെയ്യുന്നുണ്ടോ എന്നറിയാന്‍ ശ്വാസനാളത്തിന്‍െറ അഥവാ തൊണ്ടയുടെ വശങ്ങളില്‍ കൈകൊണ്ട് നാഡിമിടിപ്പ് പരിശോധിക്കണം.
നട്ടെല്ലിനോ കഴുത്തിലോ അപകടകരമാംവിധം പരിക്കേറ്റയാളെ ഒട്ടും ചലിപ്പിക്കരുത്. ശ്വാസതടസ്സം ഒഴിവാക്കാന്‍ തിരിച്ചുകിടത്താം. ശരീരത്തിലെ ചൂട് നിലനിര്‍ത്താന്‍ കട്ടിയുള്ള വസ്ത്രംകൊണ്ട് മൂടുന്നത് നല്ലതാണ്.
എല്ലാറ്റിലുമുപരി രോഗിക്ക് ധൈര്യംകൊടുക്കാന്‍ പ്രഥമ ശുശ്രൂഷകന്‍ സമചിത്തതയോടെ കാര്യങ്ങള്‍ ചെയ്യണം. ശാന്തനായി രോഗിയെ ആശ്വസിപ്പിച്ചുവേണം കര്‍ത്തവ്യം നിര്‍വഹിക്കേണ്ടത്. ഈ സമയം വിദഗ്ധ ചികിത്സക്കുവേണ്ട ഏര്‍പ്പാടുകളും ഒരുക്കണം.
അബോധാവസ്ഥയിലായ ആളെ കുലുക്കി ഉണര്‍ത്തുകയോ വെള്ളമോ മറ്റോ നല്‍കുകയോ ചെയ്യരുത്. ദ്രാവകം ശ്വാസനാളത്തില്‍ കടന്ന് ശ്വാസതടസ്സത്തിന് കാരണമാകും. അയാളുടെ പക്കല്‍ ചികിത്സാസംബന്ധമായ രേഖകളോ മറ്റോ ഉണ്ടോയെന്നും പരിശോധിക്കാം. ഇത് വിദഗ്ധ ചികിത്സക്ക് ഗുണംചെയ്യും.

വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍
കൂടുതല്‍ അത്യാഹിതം ഉണ്ടാകുന്നത് തടയാന്‍ വാഹനത്തിന്‍െറ ഇന്ധനചോര്‍ച്ച തടഞ്ഞ് ബാറ്ററി ബന്ധം വിച്ഛേദിക്കണം. പരിക്കേറ്റയാളുടെ നാഡിമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അസ്ഥിക്ക് ക്ഷതം ഏറ്റിട്ടുണ്ടോയെന്നും പരിശോധിക്കണം. പരിക്കേറ്റവരെ വാഹനത്തില്‍നിന്ന് കരുതലോടെയാകണം പുറത്തെടുക്കേണ്ടത്. ശരീരം നിവര്‍ന്ന വിധത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകണം. അയാളുടെ അവസ്ഥ കൂടുതല്‍ മോശമാകാതിരിക്കാനാണ് ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടത്.

തീപിടിത്തത്തില്‍നിന്നുള്ള രക്ഷ
തീ, തിളച്ചവെള്ളം, സൂര്യതാപം, രാസപദാര്‍ഥങ്ങള്‍ തുടങ്ങിയവ മൂലം ശരീരത്തിന് പൊള്ളലേല്‍ക്കാം. തീപിടിത്തത്തില്‍പെട്ടാല്‍ പെട്ടെന്ന് തറയില്‍ കിടന്ന് ഉരുളുന്നത് തീ പടരാതിരിക്കാന്‍ സഹായിക്കും. സഹായത്തിനെത്തുന്ന വ്യക്തി സ്വയംസുരക്ഷ ഉറപ്പാക്കി വേണം അപകടാവസ്ഥ നേരിടാന്‍. പൊള്ളലേറ്റ ഭാഗം നല്ലവണ്ണം വെള്ളമൊഴിച്ച് തണുപ്പിച്ചശേഷം വൈദ്യസഹായം ലഭ്യമാക്കണം. തൊലി പൊട്ടിയാല്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. അണുബാധക്ക് സാധ്യതയുള്ളതിനാല്‍ ഡ്രസ് ചെയ്യുന്നത് നല്ലതാണ്. ശരീരത്തോട് ഒട്ടിപ്പിടിച്ച വസ്ത്രങ്ങള്‍ വലിച്ചുമാറ്റാന്‍ പാടില്ല.

വെള്ളത്തില്‍ മുങ്ങിയയാളെ രക്ഷിക്കുമ്പോള്‍
ആദ്യം ഉള്ളില്‍ചെന്ന വെള്ളം പുറത്തുകളയണം. കാല്‍ ഉയര്‍ത്തിയും തല താഴ്ത്തിയും കമിഴ്ത്തി കിടത്തി, വയര്‍ അമര്‍ത്തിയാല്‍ വെള്ളം പുറത്തുകളയാനാകും. മൂക്കിലൂടെ ശ്വാസം നല്‍കുന്നത് ശ്വാസനാളിയിലോ ശ്വാസകോശത്തിലോ വെള്ളം തടഞ്ഞുനില്‍ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. വെള്ളം പുറത്തുപോകുന്നതിനനുസരിച്ച് ആളുടെ നില മെച്ചപ്പെടുമെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകണം. ശ്വാസംമുട്ടിന് സാധ്യതയുള്ളതിനാല്‍ ഏതാനും മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയുന്നത് നല്ലതാണ്.

മിന്നലും വൈദ്യുതാഘാതവും
വീട്ടിലും പുറത്തും വൈദ്യുതാഘാതം സംഭവിക്കാം. വീട്ടിലാണെങ്കില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ച് ആളെ ആഘാതത്തില്‍നിന്ന് മോചിപ്പിക്കണം. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്നും മറ്റും ഷോക്കേറ്റാല്‍ വടി ഉപയോഗിച്ച് രക്ഷപ്പെടുത്താം. അയാളുടെ നാഡിമിടിപ്പും ശ്വാസോച്ഛ്വാസവും പരിശോധിച്ച് ആവശ്യമെങ്കില്‍ കൃത്രിമശ്വാസോച്ഛ്വാസം നല്‍കണം.
മിന്നലേറ്റ വ്യക്തിക്ക് ചലനമുണ്ടോയെന്നാണ് ആദ്യം നോക്കേണ്ടത്. അയാള്‍ക്ക് ചലിക്കാനാകുമെങ്കില്‍ ആരോഗ്യാവസ്ഥ തൃപ്തികരമാണ്. അല്ലാത്തപക്ഷം ഹൃദയത്തിന്‍െറ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ നെഞ്ച് ശക്തിയായി അമര്‍ത്തണം. അതുപോലെ, ശ്വാസം കഴിക്കുന്നില്ലെങ്കില്‍ മൂക്കിലൂടെ ശ്വാസം കൊടുത്ത് നെഞ്ച് അമര്‍ത്തി പുറത്തുകളയണം. രോഗി സ്വയം ശ്വാസം എടുക്കുന്നതുവരെ ഇത് ആവര്‍ത്തിക്കണം.

വിഷബാധ
ജീവന്‍ അപകടത്തിലാകുന്ന തരത്തില്‍ ശരീരത്തിനേല്‍ക്കുന്ന വിഷബാധയില്‍ പ്രധാനം പാമ്പുകടിയാണ്. കടിയേറ്റ വ്യക്തിയില്‍ രക്തം വ്യാപിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അയാളെ അനങ്ങാനോ നടക്കാനോ അനുവദിക്കരുത്. കടിയേറ്റ ഭാഗത്തെ മുറിവിന് മുകളില്‍ ചരടോ കട്ടിയുള്ള നൂലോ ഉപയോഗിച്ച് മുറുക്കിക്കെട്ടി രക്തയോട്ടം തടയണം. കെട്ട് കൈകാല്‍ മുട്ടുകള്‍, കഴുത്ത്, തല എന്നിവിടങ്ങളില്‍ ആകരുത്. കടിച്ച പാമ്പിനെ തിരിച്ചറിയുന്നത് ചികിത്സക്ക് പ്രധാനമാണ്.
പട്ടി, പൂച്ച തുടങ്ങിയ ജീവികള്‍ കടിച്ചാലും തേനീച്ച ഉള്‍പ്പെടെയുള്ള പ്രാണികള്‍ കുത്തിയാലും സൂക്ഷിക്കണം. കടിയേറ്റ ഭാഗം സോപ്പുപയോഗിച്ച് വൃത്തിയാക്കുകയും രക്തസ്രാവം നിര്‍ത്തുകയും വേണം. പട്ടിയോ പൂച്ചയോ ആണ് കടിച്ചതെങ്കില്‍ ആശുപത്രിയിലെത്തിച്ച് പേവിഷ പരിശോധന നടത്തേണ്ടതാണ്.
തേനീച്ചയുടെ കൊമ്പ് തറഞ്ഞിരുന്നാല്‍ നീര് വെക്കാന്‍ സാധ്യതയുണ്ട്. കുത്തേറ്റ ഭാഗം സോപ്പുപയോഗിച്ച് കഴുകിയശേഷം ഐസ് കട്ടകള്‍ വെക്കുന്നത് വേദനയും നീരും കുറയാന്‍ സഹായിക്കും.

പ്രഥമശുശ്രൂഷ കിറ്റ്
ഒട്ടിക്കാവുന്ന തരത്തിലുള്ളതും ഇലാസ്റ്റിക്കായതുമായ ബാന്‍ഡേജുകള്‍, പഞ്ഞി, കത്രിക, ടോര്‍ച്ച്ലൈറ്റ്, കലാമിന്‍ ലോഷന്‍, കൈയുറകള്‍, മുറിവില്‍നിന്ന് സൂക്ഷ്മവസ്തുക്കള്‍ മാറ്റാന്‍ കഴിയുന്ന ചവണ, ആന്‍റിബയോട്ടിക് ലേപനങ്ങള്‍, ആന്‍റിസെപ്റ്റിക് മരുന്നുകള്‍ എന്നിവ അടങ്ങിയതാണ് പ്രഥമശുശ്രൂഷ കിറ്റ്. വീട്ടിലും ജോലിസ്ഥലത്തും ഇവ അത്യാവശ്യമാണ്.

തയാറാക്കിയത്: പി.ബി. കുഞ്ഞുമോന്‍

comments powered by Disqus
 
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com