HOME FILM NEWS PREVIEWS REVIEWS STAR TALK SPECIALS ENTERTAINMENT PHOTOS VIDEOS

തനിച്ചല്ല ബാബു; തിരുവല്ലക്കാരുമുണ്ട് കൂടെ...

തനിച്ചല്ല ബാബു; തിരുവല്ലക്കാരുമുണ്ട് കൂടെ...
ബാബു തിരുവല്ല

എപ്പോഴും ഒരു തിരുവല്ല ടച്ചുണ്ട് ബാബുവിന്. തന്‍െറ നാടിന്‍െറ നന്മ, സൗഹൃദം, സംഘാടനം ഒക്കെ തന്‍െറ ഏതൊരു സര്‍ഗാത്മക പ്രവൃത്തിയിലും ഉണ്ടാകും എന്നാണ് അദ്ദേഹത്തിന്‍െറ വിശ്വാസം. ഇപ്പോഴിതാ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ‘തനിച്ചല്ല ഞാന്‍’ ഒരുക്കിയതും തിരുവല്ലക്കാരുടെ ഹൃദയംഗമമായ പിന്തുണയും കരുത്തും കൊണ്ടാണ്. നാല്‍പതോളം തിരുവല്ലക്കാര്‍ അതില്‍ അഭിനയിച്ചിട്ടുണ്ട്. ‘തനിച്ചല്ല ഞാന്‍’ എന്ന സിനിമ ചിത്രീകരിച്ചതും തിരുവല്ലയിലും ചങ്ങനാശ്ശേരിയിലുമൊക്കെയായാണ്.
തിരുവല്ലയിലെ പുഴയും ഈ ചിത്രത്തില്‍ ഒരു കഥാപാത്രംപോലെ കടന്നുവരുന്നുണ്ട്. ഈ ചിത്രത്തിലെ കഥ സംഭവകഥയാണെന്ന് ഇപ്പോള്‍ പുറംലോകം അറിഞ്ഞുതുടങ്ങിയിരിക്കുന്നു. അതില്‍ സന്തോഷമുണ്ട്. കാരണം ആ യാഥാര്‍ഥ്യം നാടറിയണം. അതിന്‍െറ ആവേശം മറ്റുള്ളവര്‍ക്കെല്ലാം ഉണ്ടാകണം. ആരോരുമില്ലാതെ അനാഥത്വത്തില്‍ മനംമടുത്ത് റെയില്‍പാളത്തിലേക്ക് തലവെക്കാന്‍ പോകുന്ന ലക്ഷ്മി അന്തര്‍ജനത്തെ മരണത്തില്‍നിന്നും പിന്തിരിപ്പിക്കുന്ന ഒരു മുസ്ലിംസ്ത്രീ. അവര്‍ അന്തര്‍ജനത്തെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. സ്വന്തം അമ്മയെപ്പോലെ അവരോട് പെരുമാറുന്നു. മാത്രമല്ല, അവരെ തന്‍െറ വീട്ടില്‍ സ്നേഹപൂര്‍വം താമസിപ്പിക്കുകയും ചെയ്യുന്നു. ഈ കഥ അറിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു കുളിരുകോരിയിട്ട അനുഭവമുണ്ടായതായി ബാബു തിരുവല്ല പറയുന്നു.
മതത്തിന്‍െറ വേര്‍തിരിവുകള്‍ ഇല്ലാതാകുകയും മനുഷ്യത്വത്തിന്‍െറ മഹത്തായ മാതൃകകള്‍ ഉണ്ടാകുകയും ചെയ്യുന്ന സന്ദര്‍ഭം. അത് ചലച്ചിത്രമാക്കണമെന്നും സമൂഹം ചര്‍ച്ചചെയ്യണമെന്നും ആഗ്രഹിച്ച സംവിധായകന്‍ അവിടേക്കു പോയി. ഒപ്പം നടി കല്‍പനയും ഉണ്ടായിരുന്നു. തന്‍െറ സിനിമയിലെ നായികയായ റസിയയെ അഭിനയിക്കുന്നത് കല്‍പനയായിരിക്കണം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കല്‍പന ഞെട്ടി. പിന്നെ അവര്‍ സ്നേഹപൂര്‍വം വിസമ്മതമറിയിച്ചു. ഒരു തമാശക്കാരിയായേ തന്‍െറ കഥാപാത്രത്തെ മറ്റുള്ളവര്‍ നോക്കിക്കാണൂ എന്നവര്‍ ഭയന്നിരുന്നു. മാത്രമല്ല, ഈ ഉജ്ജ്വല കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തന്‍െറ സഹോദരി ഉര്‍വശിക്കാകും എന്നവര്‍ ഉപദേശിക്കുകയും ചെയ്തു.
എന്നാല്‍, കല്‍പന മതിയെന്നായിരുന്നു സംവിധായകന്‍െറ നിര്‍ബന്ധം. ഇമേജുകളില്‍ പേടിക്കേണ്ടെന്നും, ഹാസ്യം കൈകാര്യം ചെയ്യുന്നയാള്‍ക്ക് ഏതുതരം കഥാപാത്രത്തെയും ഗംഭീരമാക്കാന്‍ കഴിയുമെന്നും ബാബു തിരുവല്ല കല്‍പനയോട് പറഞ്ഞു. അങ്ങനെയാണ് കല്‍പന റസിയ ആകുന്നത്. ഈ വേഷത്തിലൂടെ സഹനടിക്കുള്ള ദേശീയ അവാര്‍ഡും കല്‍പന കരസ്ഥമാക്കി.
വീടിന്‍െറ ഒരു മുറിയില്‍ ഇരുന്ന് അന്തര്‍ജനം നാമം ജപിക്കുന്നതും അതിന്‍െറയടുത്തായി റസിയ നമസ്കരിക്കുന്നതും നേരിട്ടുകണ്ട ഞാന്‍ എന്‍െറ സിനിമയിലും അത് അതേപടി പകര്‍ത്തിയിട്ടുണ്ട്. പ്രാര്‍ഥന കഴിഞ്ഞ് അന്യമതസ്ഥനെ ആക്രമിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യരുള്ള ഇക്കാലത്ത് ഈ കാഴ്ച ഏത് മനുഷ്യനിലും മതേതരത്വം ദൃഢമാക്കുമെന്നും ബാബു പറയുന്നു.
‘തനിച്ചല്ല ഞാന്‍’ നിര്‍മിച്ചിരിക്കുന്നത് ബോബി അവഗാമയും ഹീര ഫിലിപ്പുമാണ്. ബോബി സുഹൃത്താണ്. ഹീര ഫിലിപ്പ് ബാബുവിന്‍െറ ഭാര്യയും. ഹീര ഫിലിപ്പിന്‍െറ മുത്തച്ഛന്‍ സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍ ആദ്യകാല കാഥികന്‍ ആണെന്നത് ബാബുവിന്‍െറ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബത്തിന്‍െറ പിന്തുണ ഉണ്ടാകാനും കാരണമായിട്ടുണ്ട്.
ഗള്‍ഫില്‍നിന്ന് സിനിമയോടുള്ള പ്രണയം നിമിത്തം നാട്ടിലെത്തി 25ാം വയസ്സിലാണ് ഭരതന്‍ സംവിധാനം ചെയ്ത ’ഒരു മിന്നാമിനുങ്ങിന്‍െറ നുറുങ്ങുവെട്ടം’ നിര്‍മിച്ചത്. 29ാം വയസ്സില്‍ അമരം നിര്‍മിച്ചു, പിന്നെ സവിധം, കണ്ണകി, സമാഗമം, അറേബ്യ. 2007ല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘തനിയെ’ അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്തു. നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
l