HOME FILM NEWS PREVIEWS REVIEWS STAR TALK SPECIALS ENTERTAINMENT PHOTOS VIDEOS

കാടിന്‍െറ വന്യത; കാമറയുടെയും

കാടിന്‍െറ വന്യത;  കാമറയുടെയും

കേരളത്തില്‍ 1950 അടി ഉയരത്തിലുള്ള രാമക്കല്‍ പാറയില്‍നിന്ന് സംവിധായകന്‍ ജോഷി മാത്യുവും കാമറാമാനും തമിഴ്നാട്ടിലെ 1200 അടി ഉയരമുള്ള ചിന്നരാമക്കല്‍ പാറയിലെ അഭിനേതാക്കളിലേക്ക് കാമറ സൂം ചെയ്യുകയാണ്. മലയാള സിനിമയില്‍ ഇത് പരീക്ഷണ കാലമാണ്. ഇത്തരത്തില്‍ ഒരു പുതിയ പരീക്ഷണവുമായി എത്തുകയാണ് സംവിധായകന്‍ ജോഷി മാത്യു. ജോഷി മാത്യുവിന്‍െറ പുതിയ ചിത്രമായ ‘ബ്ളാക് ഫോറസ്റ്റി’ലാണ് ഈ അപൂര്‍വരംഗം.
പൂര്‍ണമായും കാടിന്‍െറ പശ്ചാത്തലത്തിലെടുത്ത ബ്ളാക് ഫോറസ്റ്റ്, മലയാളത്തിലെ ആദ്യ പൂര്‍ണ പരിസ്ഥിതി ചിത്രവും കേരളത്തില്‍ കാമറ വെച്ച് തമിഴ്നാട്ടില്‍ ചിത്രീകരിക്കുന്ന ആദ്യ സിനിമയുമാണെന്ന് ജോഷി മാത്യു പറയുന്നു. ദേശീയ സിനിമാ അവാര്‍ഡില്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരമാണ് ജോഷി മാത്യുവിലൂടെ ഇത്തവണ കേരളത്തിലെത്തിയത്.
മനോജ് കെ.ജയനാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. മൂന്നു കുട്ടികളിലൂടെ വനത്തിന്‍െറ കഥ പറയുന്ന ചിത്രം കാട് സംരക്ഷിക്കുകയെന്ന പ്രമേയമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ജോഷി മാത്യുവിന്‍െറ സംവിധാനത്തില്‍ തയാറായ ചിത്രത്തിന്‍െറ തിരക്കഥ മകന്‍ സുദീപും ഭാര്യ ഗീതിക സുദീപും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ചേതന്‍, അരുണ്‍, പാര്‍വതി എന്നീ ബാലതാരങ്ങള്‍ക്കൊപ്പം മനോജ് കെ. ജയന്‍, മീരാ നന്ദന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.
ശബരിമല വനമേഖലയില്‍പെട്ട സത്രം, തേക്കടി, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങളിലായായിരുന്നു ചിത്രീകരണമെന്നു ജോഷി മാത്യു പറഞ്ഞു. നേരത്തേ, ജോഷി മാത്യുവിന്‍െറ ‘പത്താംനിലയിലെ തീവണ്ടി’ എന്ന ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം നേടിയിരുന്നു.