HOME FILM NEWS PREVIEWS REVIEWS STAR TALK SPECIALS ENTERTAINMENT PHOTOS VIDEOS

കൈപ്പാടത്തിനും ഹൈറേഞ്ചിനും ഇടയിലെ ‘പച്ച’ ജീവിതം

കൈപ്പാടത്തിനും ഹൈറേഞ്ചിനും ഇടയിലെ ‘പച്ച’ ജീവിതം

പ്രകൃതിയെ കാണാന്‍ കാട്ടിലേക്ക് പോകേണ്ടതില്ലെന്നും, നാട്ടിലെ പ്രകൃതിയെ കണ്ടില്ലെങ്കില്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാന്‍ കഴിയില്ലെന്നുമാണ് ബാബു കാമ്പ്രത്ത് എന്ന ചലച്ചിത്രകാരന്‍െറ കാമറ പറയുന്നത്.
ജോലി ആവശ്യാര്‍ഥം ബാബു മൂന്നാറിലേക്ക് വണ്ടി കയറുമ്പോള്‍, ഏതൊരു വിനോദസഞ്ചാരിയും ചിന്തിക്കുന്നതു തന്നെയായിരുന്നു ചിന്തിച്ചത്. മൂന്നാറിന്‍െറ കാല്‍പനിക സൗന്ദര്യം തന്‍െറ വ്യൂ ഫൈന്‍ഡറിലൂടെ കാണുക എന്നതായിരുന്നു ആ മോഹം.
എന്നാല്‍, മുമ്പ് എവിടെയോ പറയാതെ ബാക്കിവെച്ച എന്തോ ഒന്നിലാണ് ആ മനസ്സും കാമറയും കൊരുത്തുനിന്നത്. ‘കാനം’, ‘കൈപ്പാട്’ എന്നീ രണ്ട് ഡോക്യുമെന്‍ററികളിലൂടെ നാട്ടിലെ കാടിനെയും അതിന്‍െറ സംഗീതത്തെയും കുറിച്ച് പറഞ്ഞ കാമറ ഇത്തവണ പക്ഷേ, കാട്ടിലെ ജീവിതത്തിലേക്കു തിരിയുകയായിരുന്നു. ദേശീയ ചലച്ചിത്ര പുരസ്കാര പട്ടികയില്‍ സാമൂഹിക പ്രസക്തമായ മികച്ച നോണ്‍ഫീച്ചര്‍ സിനിമക്കുള്ള പുരസ്കാരം നേടിയ ‘മഞ്ഞുമറക്കപ്പുറം’ (behind the mist) എന്ന ചിത്രത്തിലൂടെയാണ് ബാബു മൂന്നാറിലെ തേയില ത്തോട്ടങ്ങളിലെ പച്ച ജീവിതം തിരയുന്നത്.
പ്രകൃതിയും മനുഷ്യനും കൊണ്ടും കൊടുത്തും ജീവിക്കുന്നത് എങ്ങനെ എന്നായിരുന്നു ‘കൈപ്പാട്’ എന്ന ചിത്രത്തിലൂടെ അന്വേഷിച്ചതെന്ന് ബാബു പറയുന്നു. കണ്ണൂരിലെ കൈപ്പാട് പാടങ്ങള്‍ക്കിടയിലെ കര്‍ഷകരുടെ ജീവിതം അന്നേ ഉള്ളില്‍ പതിഞ്ഞിരുന്നു. എന്നാല്‍, വിഷയത്തില്‍നിന്ന് മാറിപ്പോകുമെന്ന ഭയത്താല്‍ കൈപ്പാടില്‍ പ്രകൃതിയെ മാത്രമാണ് കേന്ദ്രീകരിച്ചത്. കൈപ്പാടത്തൊരു അസ്സല്‍ കഥയുണ്ടെന്നത് അന്നേ ഉള്ളില്‍ പതിഞ്ഞിരുന്നു. ആ കഥയാണ് മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍നിന്ന് ഫ്രെയിമിലേക്ക് കയറിവന്നത്.
മൂന്നാറിലെ മഞ്ഞുമലകള്‍ക്ക് ഹരിതകാന്തി നല്‍കുന്ന തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ മഞ്ഞുമറക്കപ്പുറത്തെ ജീവിതമാണ് സിനിമയില്‍. മലയുടെ സൗന്ദര്യം നുകരാനെത്തിയ സായിപ് അവിടെയുണ്ടായിരുന്ന ആദിവാസികളെ മലമുകളിലേക്ക് ആട്ടിയോടിച്ച് മരങ്ങള്‍ വെട്ടി തേയിലകൃഷിയിറക്കുന്നു. തമിഴ്നാട്ടിലെ ദലിതരെ കൊണ്ടുവന്ന് ലായങ്ങള്‍ നിര്‍മിച്ച് നല്‍കി തലമുറകളോളം അടിമകളാക്കിയ ഉള്ളുപൊള്ളുന്ന കഥ. സ്വന്തമായി വീടില്ലാത്ത ആ തൊഴിലാളികള്‍ തേയിലത്തോട്ടങ്ങളില്‍ ജോലിചെയ്തായിരുന്നു തലമുറകളോളം ആ ലായങ്ങളില്‍ രാപ്പാര്‍ത്തത്. മലയാളികള്‍ക്ക് അത്രയൊന്നും പരിചയമില്ലാത്ത വീട്ടിടത്തിന്‍െറ കോളനിവത്കരണം ബാബുവിന്‍െറ കാമറയില്‍ പതിയുന്നു. ഒരേസമയം പ്രകൃതിക്കും മനുഷ്യനും വേണ്ടി ഒച്ചവെക്കുന്നു ബാബു.
എല്‍.ഐ.സി ഉദ്യോഗസ്ഥനായ ബാബുവിന് മൂന്നാറിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോഴാണ് മഞ്ഞുപെയ്യുന്ന മലകളിലെ അടിമജീവിതം അടുത്തറിയാനായത്. ചിത്രത്തിന്‍െറ രചനയും സംവിധാനവും കാമറയും ബാബുവാണ്. ലിജോ തോമസാണ് എഡിറ്റിങ്. അലിയാറിന്‍െറ ശബ്ദസാന്നിധ്യവും ഡോക്യുമെന്‍ററിയെ അതുല്യമാക്കാന്‍ സഹായിച്ചു.