HOME FILM NEWS PREVIEWS REVIEWS STAR TALK SPECIALS ENTERTAINMENT PHOTOS VIDEOS

മഞ്ജുവാര്യര്‍ അഭിനയ രംഗത്ത് തിരിച്ചെത്തി

മഞ്ജുവാര്യര്‍ അഭിനയ രംഗത്ത് തിരിച്ചെത്തി

മുംബൈ: പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം മഞ്ജുവാര്യര്‍ അഭിനയ രംഗത്ത് തിരിച്ചെത്തി. ബോളിവുഡ് താരം അമിതാഭ് ബച്ചനോടൊപ്പം കല്ല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടാണ് മഞ്ജു അഭിനയ രംഗത്ത് മടങ്ങിയെത്തിയത്. പരസ്യത്തിന്റെ ചിത്രീകരണം മുംബൈയില്‍ നടന്നു.

വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ചിത്രീകരിച്ച പരസ്യത്തില്‍ മഞ്ജുവിനൊപ്പം പ്രഭു, നാഗാര്‍ജുന, ശിവരാജ്കുമാര്‍ എന്നിവരും അഭിനയിച്ചു. അഭിനയ രംഗത്തേക്കുള്ള തിരിച്ചു വരവ് ഇന്ത്യന്‍ സിനിമയുടെ സ്വകാര്യഅഹങ്കാരമായ അമിതാഭ് ബച്ചനൊപ്പം ആയതില്‍ സന്തോഷമുണ്ടെന്ന് മഞ്ജു വാര്യര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒന്നരകോടി രൂപയാണ് പരസ്യ ചിത്രത്തിന്റെ ചെലവ്. ഓണത്തിന് മുമ്പ് പരസ്യം പ്രേക്ഷകരിലെത്തും.

1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം ആണ് മഞ്ജുവിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് സല്ലാപം, ഈ പുഴയും കടന്ന്, തൂവല്‍ കൊട്ടാരം, കളിയാട്ടം തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ മഞ്ജു അഭിനയിച്ചു. 1999ല്‍ പത്രം എന്ന സിനിമയോടെയാണ് അഭിനയരംഗത്തു നിന്നും മഞ്ജു വിട പറഞ്ഞിരുന്നത്.