Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightപ്രവാസത്തിന്‍െറ...

പ്രവാസത്തിന്‍െറ മുറിവുകളിലൂടെ ‘പത്തേമാരി’

text_fields
bookmark_border
പ്രവാസത്തിന്‍െറ മുറിവുകളിലൂടെ ‘പത്തേമാരി’
cancel

മലയാളിയുടെ പ്രവാസത്തിന് അരനൂറ്റാണ്ടിന്‍െറ ചരിത്രമുണ്ട്. എന്നാല്‍ ഗര്‍ഷോം, വിസ, അറബിക്കഥ പോലുള്ള അപൂര്‍വം ചില ചിത്രങ്ങളൊഴികെ പ്രവാസജീവിതത്തിന്‍െറ നേരും നോവും നമ്മുടെ തിരശ്ശീലയില്‍ കാര്യമായി അടയാളപ്പെടുത്തിയിട്ടില്ല. ആ അഭാവം നികത്താനുള്ള ശ്രമമാണ് സലിം അഹമ്മദിന്‍െറ ‘പത്തേമാരി’. നേരത്തെ വന്ന പ്രവാസചിത്രങ്ങളില്‍നിന്നു വ്യത്യസ്തമായി ‘പത്തേമാരി’യില്‍ കയറി ജീവന്‍ പണയംവെച്ച് ഗള്‍ഫ് എന്ന സ്വപ്നഭൂമിയിലത്തെിയവരുടെ ചരിത്രം ഓര്‍മപ്പെടുത്തുന്നുണ്ട് ഈ ചിത്രം. ഘോര്‍ഫുക്കാന്‍ കുന്നും കടലിടുക്കും പുതിയ വാഗ്ദത്ത ഭൂമിയിലേക്ക് ജീവന്‍ പണയം വെച്ച് തുഴഞ്ഞടുക്കുന്നവരുടെ അതിജീവനത്വരയുമെല്ലാം വൈകാരികമായ ഫ്രെയിമുകളില്‍ ഇവിടെ ആവിഷ്കരിക്കപ്പെടുന്നു. ആദാമിന്‍െറ മകന്‍ അബു, കുഞ്ഞനന്തന്‍െറ കട എന്നീ ചിത്രങ്ങള്‍ക്കുശേഷം കുറേക്കൂടി വലിയ കാന്‍വാസിലാണ് സലിം അഹമ്മദ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ‘എന്നു നിന്‍െറ മൊയ്തീന്‍’ എന്ന ചിത്രത്തിനു ശേഷം വൈകാരികതക്ക് പ്രാധാന്യമുള്ള ഒരു സിനിമയെക്കൂടി മലയാളിപ്രേക്ഷകര്‍ നെഞ്ചേറ്റിയിരിക്കുകയാണ്.

പ്രവാസി സ്വന്തം മണ്ണില്‍ നേരിടുന്ന അന്യവത്കരണമായിരുന്നു പി.ടി കുഞ്ഞുമുഹമ്മദിന്‍െറ ‘ഗര്‍ഷോമി’ന്‍െറയും പ്രമേയം. നാട്ടില്‍ വേരുപിടിക്കാനാവാതെ പ്രവാസി മടങ്ങിപ്പോവുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. പള്ളിക്കല്‍ നാരായണന്‍ എന്ന പ്രവാസിയുടെ അഞ്ചു പതിറ്റാണ്ടു നീണ്ട പ്രവാസജീവിതവും അയാളുടെ മരണവും ഹൃദയസ്പര്‍ശിയായ വിധം അവതരിപ്പിച്ചിട്ടുണ്ട് സലിം അഹമ്മദ്. കഥയിലോ ആഖ്യാനത്തിലോ പുതുമകള്‍ ഒന്നും പ്രതീക്ഷിക്കരുത്. പള്ളിക്കല്‍ നാരായണന് പലയിടത്തും ‘വാല്‍സല്യ’ത്തിലെ മേലേടത്ത് രാഘവന്‍ നായരുടെ ഛായ കാണാം. അയാളുടെ ആത്മത്യാഗങ്ങള്‍ കാണാം. അയാളുടെ വിങ്ങലുകള്‍ കേള്‍ക്കാം. തന്നില്‍ പറ്റിപ്പിടിച്ചുവളരുന്ന പരാദങ്ങളെ പൊറുപ്പിക്കുന്ന സര്‍വംസഹന്‍ എന്ന ആവര്‍ത്തിച്ച പാത്രസൃഷ്ടിയില്‍ നിന്നും പലപ്പോഴും നാരായണനെ രക്ഷിച്ചെടുക്കുന്നത്‌ പ്രവാസി എന്ന നിലയിലുള്ള അയാളുടെ അസ്തിത്വമാണ്. അതുകൊണ്ടുതന്നെ പ്രവാസജീവിതം കടന്നുപോന്നവര്‍ക്ക് തീര്‍ച്ചയായും ഈ സിനിമയില്‍ തങ്ങളെ തന്നെ കണ്ടത്തൊന്‍ കഴിയും.

മണല്‍മരുഭൂമിയില്‍ ജീവിതം ഹോമിച്ചിട്ടും ഒന്നുമാവാന്‍ കഴിയാതെപോയ ആയിരങ്ങളുടെ പ്രതിനിധിയാണ് പള്ളിക്കല്‍ നാരായണന്‍. പക്ഷേ അയാളുടെ ജീവിതദര്‍ശനം ഒടുവില്‍ നമ്മെ വിസ്മയിപ്പിക്കുന്നു. ചിത്രത്തിന്‍െറ അവസാനത്തെ പത്തു മിനിറ്റ് കണ്‍പീലി നനയാതെ കണ്ടിരിക്കാന്‍ കഴിയില്ല. അസാമാന്യമായ ഭാവനിയന്ത്രണവും ശബ്ദനിയന്ത്രണവുമായി മമ്മൂട്ടി പള്ളിക്കല്‍ നാരായണന്‍െറ അന്ത$സംഘര്‍ഷങ്ങള്‍ പ്രേക്ഷകനിലത്തെിക്കുന്നു. മൂന്നു പതിറ്റാണ്ടിലധികമായി വിസ്മയകരമാം വിധം വൈവിധ്യമേറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന മമ്മുട്ടിക്ക് പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രം ഒരു വെല്ലുവിളിയേ അല്ല. ഒരിടത്തും മമ്മുട്ടി എന്ന താരം കടന്നുവരാതിരിക്കാനുള്ള കരുതലും ആത്മസംയമനവും അദ്ദേഹം കാണിക്കുന്നു. ഓരോ ഫ്രെയിമിലും പ്രക്ഷുബ്ധമായ ഒരു കടലിനെ ഉള്ളിലൊതുക്കിയ പ്രവാസിയായി അദ്ദേഹം ജീവിക്കുന്നു. കഥാപാത്രം കാതലുള്ളതാണെങ്കില്‍ മമ്മൂട്ടി കഥാപാത്രമാവും. കഥാപാത്രം ഉള്ളുപൊള്ളയാണെങ്കില്‍ മമ്മുട്ടി മമ്മൂട്ടിയായി തന്നെ കാണപ്പെടും. ഇവിടെ നാരായണന്‍ എന്ന കഥാപാത്രത്തിന് പല പ്രവാസികളുടെ മനസ്സും മജ്ജയും മാംസവുമുണ്ട്. അതുകൊണ്ടുതന്നെ മമ്മൂട്ടിയെ ചിത്രത്തില്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.

സ്നേഹം കിനിയുന്ന ദീപ്തപൗരുഷം എന്ന പ്രതിച്ഛായ വര്‍ഷങ്ങളായി മമ്മൂട്ടി എന്ന നടനിലുണ്ട്. ആ പ്രതിച്ഛായയില്‍ നിന്ന് തെല്ലും വ്യതിചലിച്ചുകൊണ്ടുള്ള പാത്രസൃഷ്ടിയല്ല ഇതിലുള്ളത്. എങ്കിലും തനിയാവര്‍ത്തനം, അമരം, സുകൃതം, ഭൂതക്കണ്ണാടി, ഒരേ കടല്‍ തുടങ്ങിയ ചിത്രങ്ങളിലെ അപൂര്‍വസുന്ദരമായ അഭിനയമുഹൂര്‍ത്തങ്ങളെ ഓര്‍മിപ്പിക്കും ചിത്രത്തിലെ കൈ്ളമാക്സ് സീനിലെ മമ്മുട്ടിയുടെ പ്രകടനം. പ്രായമുള്ള മമ്മൂട്ടിയാണ് യുവാവും മധ്യവയസ്കനുമൊക്കെയായ മമ്മൂട്ടിയേക്കാള്‍ ശക്തമായി നില്‍ക്കുന്നത്. ഡാനി, അംബേദ്കര്‍ എന്നീ സിനിമകളിലെ എഴുപതുകാരന്‍െറ ഭാവപ്പകര്‍ച്ചകളെ ഓര്‍മിപ്പിക്കും ചിത്രത്തിലെ നാരായണന്‍െറ അവസാന കാലങ്ങള്‍. അത് അസാമാന്യമായ കൈയൊതുക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം.

മമ്മൂട്ടിയുടെയും സിദ്ദിഖിന്‍െറയും പ്രകടനമാണ് ചിത്രത്തിന്‍െറ ഹൈലൈറ്റുകളിലൊന്ന്.എണ്‍പതുകള്‍ മുതലുള്ള മൂന്നു പതിറ്റാണ്ടിനുള്ളില്‍ സിദ്ദിഖിനോളം ശൈലീപരമായ വളര്‍ച്ച കാണിച്ച മറ്റൊരു യുവനടനില്ല എന്നുതന്നെ പറയാം. എണ്‍പതുകളിലെ സിദ്ദിഖ്ലാല്‍ ചിരിപ്പടങ്ങളിലെ ആണ്‍കൂട്ടത്തിലൊരാള്‍, പൂവാലന്‍, കോമഡിതാരം, നായകന്‍ (പാവങ്ങളുടെ മമ്മൂട്ടി എന്നു വിളിപ്പേരുവീണ പൊലീസ് വേഷങ്ങള്‍ ഓര്‍ക്കുക) എന്നിവയൊക്കെ പിന്നിട്ട് പ്രതിനായകനിലേക്കും സ്വഭാവനടനിലേക്കും വളര്‍ന്ന സിദ്ദിഖിനെ മലയാളസിനിമ ഇനിയും വേണ്ട വിധം പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നു തോന്നുന്നില്ല. ഈയിടെ ‘ലോഹ’ത്തിലെയും ‘പത്തേമാരി’യിലെയും ചെറുവേഷങ്ങളില്‍ സിദ്ദിഖ് പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരുന്നു. ‘പത്തേമാരി’യില്‍ ഗള്‍ഫിലേക്ക് ആളെ കടത്തുന്ന ലോഞ്ചി വേലായുധനെ തന്മയത്വത്തോടെ സിദ്ദിഖ് അവതരിപ്പിച്ചിരിക്കുന്നു. മനസ്സിന്‍െറ സഞ്ചാരദിശകള്‍ തെറ്റിപ്പോവുമ്പോഴും പ്രവാസികളുടെ നിയോഗങ്ങളെപ്പറ്റി ഒരു ദാര്‍ശനികനെപ്പോലെ വാചാലനാവുമ്പോഴും മറക്കാത്ത ഭാവപ്പകര്‍ച്ചകള്‍ ബാക്കിവെക്കുന്നു ഈ നടന്‍.

ചിത്രത്തിന്‍െറ ആദ്യഭാഗം അരനൂറ്റാണ്ടു മുമ്പ് യാത്രാരേഖകളൊന്നുമില്ലാതെ പത്തേമാരിയില്‍ പൊന്നുവിളയുന്ന പേര്‍ഷ്യയിലേക്കുപോവുന്ന മലയാളികളുടെ അതിജീവനത്തിന്‍െറ കഥയാണ് പറയുന്നത്. ഘോര്‍ഫുക്കാന്‍കുന്ന് അതിജീവനത്തിന്‍െറ ബിംബമായി ചിത്രത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നു. വെള്ളവും ഭക്ഷണവും വേണ്ടവിധം കിട്ടാതെ, കടല്‍ച്ചൊരുക്കമനുഭവിച്ച് പാതിവഴില്‍ മരിച്ചുവീഴുന്നവരെ മുന്നില്‍ കണ്ട് തുടങ്ങുന്ന ആ യാത്ര അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു സലിം അഹമ്മദ്. അറബിപ്പൊന്നുരുകിയ പോലൊരു പുന്നാരക്കടലല മീതെ കനവിന്‍െറ പനമ്പായ് നീര്‍ത്തിയ പത്തേമാരിയിറങ്ങുന്നേ എന്ന റഫീക്ക് അഹമ്മദിന്‍െറ ഗാനം പ്രിയതീരം വിട്ടണയുന്ന പ്രവാസികളുടെ വേദനകളെ ആഴത്തില്‍ ആവിഷ്കരിച്ചിരിക്കുന്നു. അതിന്‍െറ എല്ലാ ഭാവതീവ്രതയും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഷഹബാസ് അമന്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഉന്നതജാതി ഹിന്ദുക്കള്‍ കൃഷിഭൂമി ഉള്‍പ്പെടെയുള്ള ഉല്‍പാദനോപാധികള്‍ കൈയടക്കിവെച്ചിരുന്നതുകൊണ്ടാണ് ഈഴവനും മുസ്ലിമിനും ഉപജീവനത്തിന് വകതേടി മണല്‍മരുഭൂമിയിലേക്കു കുടിയേറേണ്ടിവന്നത്. പള്ളിക്കല്‍ നാരായണനെ ഈഴവനായി അവതരിപ്പിക്കുന്നതിലൂടെ ആ ഒരു ചരിത്രയാഥാര്‍ഥ്യത്തിനു കൂടി അടിവരയിടുന്നുണ്ട് സലിം അഹമ്മദ്. കടല്‍ക്കോളിലും കൊടുങ്കാറ്റിലും ഉലയുന്ന പത്തേമാരിയുടെ വിഷ്വല്‍ എഫക്ട്സ് വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല. ബാഹുബലിയോളം വളര്‍ന്ന സാങ്കേതിക സംവിധാനങ്ങള്‍ ഇന്ത്യ സിനിമ കൈയത്തെിപ്പിടിച്ചിട്ടും കുറഞ്ഞ നിമിഷങ്ങള്‍ മാത്രമുള്ള ആ രംഗങ്ങള്‍ക്കായി സ്വാഭാവികതയുള്ള ദൃശ്യസംവിധാനങ്ങള്‍ ഒരുക്കാതിരുന്നതിനാല്‍ ആ രംഗം ഒരു കല്ലുകടിയായി.

ബന്ധുക്കളുടെ കറവപ്പശുക്കളായിരുന്നു എന്നും പ്രവാസികള്‍ എന്ന് പൊതുവെ പറയാറുണ്ടല്ളോ. യൗവനവും സഹജമായ മനുഷ്യതൃഷ്ണകളും മരുഭൂമിയില്‍ ഹോമിച്ച് ഒരായുഷ്കാലം മുഴുവന്‍ അധ്വാനിച്ചുകഴിയുന്നവരുടെ വൈകാരികലോകം വെളിപ്പെടുത്തുന്ന ചില നല്ല സംഭാഷണങ്ങളുണ്ട് ചിത്രത്തില്‍. ഭാര്യയുടെ ശബ്ദത്തിന്‍െറ ടേപ്പ് റെക്കോര്‍ഡ് ,കത്തുപാട്ട്, ലേബര്‍ ക്യാമ്പിലെ ചങ്ങാത്തങ്ങള്‍ എന്നിവ മനസ്സില്‍ തൊടുംവിധം ആവിഷ്കരിച്ചിരിക്കുന്നു. പ്രവാസജീവിതത്തെപ്പറ്റി കുറിക്കുകൊള്ളുന്ന നര്‍മവും തൊടുക്കുന്നുണ്ട് തിരക്കഥാകൃത്ത് കൂടിയായ സലിം അഹമ്മദ്. ദുബൈയിലെ കുടുസ്സുമുറിയില്‍ കഴിയുമ്പോള്‍ മൊയ്തീന്‍ നാരായണനോട്, ‘നാട്ടില്‍ പോവുമ്പോഴുള്ള ഏക ആശ്വാസം ക്യൂനില്‍ക്കാതെ കക്കൂസില്‍ പോവാമല്ളോ എന്നതാണ്’ എന്നു പറയുന്നുണ്ട്. ‘:നാലും അഞ്ചും കക്കൂസുള്ള വീട് നാട്ടില്‍ പൂട്ടിയിട്ട് ഇവിടെ വന്ന് കക്കൂസിന് ക്യൂനില്‍ക്കുന്നവരുണ്ട്’ എന്നാണ് നാരായണന്‍െറ മറുപടി. ദല്ലാള്‍ കബളിപ്പിച്ചു പോയപ്പോള്‍ നാട്ടിലേക്കു മടങ്ങാനാവാതെ മുംബൈയില്‍ കഴിയുന്ന മജീദിന് കൈയില്‍ നാരായണന്‍ പണംവെച്ചുകൊടുക്കുമ്പോള്‍ അയാള്‍ പേരു ചോദിക്കുന്നു. ‘എന്തിനാ പേര് അറിയുന്നത്’ എന്നു നാരായണന്‍. ‘കുട്ടിക്കാലത്തു പഠിച്ച പടച്ചോന്‍മാരുടെ പല പേരുകളില്‍ ഉണ്ടോ എന്ന് അറിയാനാ’ എന്ന് മജീദിന്‍െറ മറുപടി.

ആദാമിന്‍െറ മകന്‍ അബു മുതല്‍ മികച്ച സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തുന്ന പതിവ് ഈ ചിത്രത്തിലും സലിം അഹമ്മദ് തുടരുന്നു. ആദ്യചിത്രം മുതല്‍ കൂടെയുള്ള മധു അമ്പാട്ടാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റസൂല്‍ പൂക്കുട്ടി ശബ്ദരൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നു. റഫിക്ക് അഹമ്മദിന്‍െറ വരികളും ബിജിബാലിന്‍െറ ഈണവും മനസ്സില്‍ തങ്ങിനില്‍ക്കും. പത്തേമാരി, പടിയിറങ്ങുന്നു എന്നീ ഗാനങ്ങള്‍ പ്രത്യേകിച്ചും.
അഭിനേതാക്കളില്‍ നാരായണന്‍െറ ഭാര്യ നളിനിയായി ജുവല്‍മേരി മികച്ച പ്രകടനം കാഴ്ചവെച്ചു. പതിവു വില്ലന്‍ വേഷങ്ങളില്‍നിന്നുള്ള വിടുതലാണ് ജോയ് മാത്യുവിന് നാരായണന്‍െറ ഏട്ടന്‍ വേഷം. അത് അദ്ദേഹം ഭംഗിയായി ചെയ്തിരിക്കുന്നു. നാരായണന്‍െറ മകന്‍ സതീശനായി വേഷമിട്ട നടന്‍ സിദ്ദിഖിന്‍െറ മകന്‍ ഷഹീന്‍ സിദ്ദിഖിനെ മലയാള സിനിമക്ക് ഇനിയും പരീക്ഷിക്കാവുന്നതാണ്.

മലയാളിപ്രേക്ഷകന്‍െറ ആസ്വാദനബോധത്തെക്കുറിച്ച് ഒന്നു പ്രവചിക്കാന്‍ കഴിയില്ല എന്നതിന്‍െറ സൂചനയാണ് ‘എന്നു നിന്‍െറ മൊയ്തീന്‍െറ’യും ‘പത്തേമാരി’യുടെയും വിജയം. തീവ്രമായ വൈകാരികതയില്‍ ഊന്നിയ ആഖ്യാനങ്ങളാണ് രണ്ടും. ചിരിപ്പടങ്ങളും ഉല്‍സവാന്തരീക്ഷത്തിലുള്ള പടങ്ങളുമാണ് മലയാളത്തില്‍ ഇതിനു മുമ്പ് ബോക്സോഫീസില്‍ മിനിമം ഗ്യാരണ്ടി ഉറപ്പാക്കിയിരുന്നത്. രണ്ടു ചിത്രങ്ങളുടെയും മേക്കിങിലോ ട്രീറ്റ്മെന്‍റിലോ കാര്യമായ പുതുമയൊന്നുമില്ലതാനും. ന്യൂജനറേഷന്‍ സിനിമയുടെ മാറ്റങ്ങളുടെ കാലം അവസാനിച്ചുവെന്നാണോ ഇതിന്‍െറ അര്‍ഥം.? വലിയ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാതെ നല്ല ഒരു കഥ പറഞ്ഞാല്‍ എത്ര പഴകിയ ട്രീറ്റ്മെന്‍റായാലും പ്രേക്ഷകര്‍ ഇഷ്ടപ്പെടുമെന്ന് ഈ ചിത്രങ്ങള്‍ ഉറപ്പിച്ചുപറയുന്നു. ഗൗരവമുള്ള ശുദ്ധകലാ സിനിമകളുടെ പതിവുസ്വഭാവമായ ഇഴച്ചിലുണ്ടായിരുന്നിട്ടും ‘പത്തേമാരി’ സാധാരണപ്രേക്ഷകനു കൂടി ഇഷ്ടമാവുന്നു. നന്മ നിറഞ്ഞ കഥാപാത്രങ്ങളെ വീണ്ടും വീണ്ടും ഇറക്കിവിടാന്‍ ഒരുപക്ഷേ ‘പത്തേമാരി’യുടെ വിജയം സിനിമക്കാരെ പ്രേരിപ്പിച്ചേക്കും.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story