Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചലച്ചിത്രമേളയിലെ...

ചലച്ചിത്രമേളയിലെ അസഹിഷ്ണുത

text_fields
bookmark_border
ചലച്ചിത്രമേളയിലെ അസഹിഷ്ണുത
cancel

ഉല്ലാസത്തിനും വിനോദസഞ്ചാരത്തിനും ആലസ്യത്തിനുമായി തുറന്നിട്ട ഒളിസങ്കേതമാണ് ഗോവ. 1510 നവംബർ 25ന് യൂസുഫ് ആദിൽഷായുടെ അധീനതയിലായിരുന്ന ഗോവ തദ്ദേശീയരുടെ സഹായത്തോടെ അഫോൻസോ  അൽബുക്കർക്ക് എന്ന പോർചുഗീസുകാരൻ കീഴ്പ്പെടുത്തി. ഏതാണ്ട് അഞ്ചു നൂറ്റാണ്ട് നീണ്ട, ലോകത്തിലെത്തന്നെ ഏറ്റവും ദൈർഘ്യമേറിയവയിലൊന്നായ കൊളോണിയൽ ഭരണമാണ് ഗോവയിൽ ഉണ്ടായത്. അറുപതുകളിൽ ഇന്ത്യൻ യൂനിയനുമായി കൂട്ടിച്ചേർക്കപ്പെട്ടെങ്കിലും പല കാര്യങ്ങളിൽ യൂറോപ്യൻ അഭിരുചികൾ പിന്തുടരുന്ന ഗോവയിലെ കടൽത്തീരങ്ങളും അങ്ങാടികളും ഖനികളും വസ്ത്ര, ഭക്ഷണമര്യാദകളുമെല്ലാം മറ്റ് ഇന്ത്യക്കാർക്ക് എന്നും വിസ്മയം സൃഷ്ടിച്ചുപോന്നു. കത്തോലിക്ക മതത്തിെൻറ നിറഞ്ഞ സാന്നിധ്യവും ഫ്രാൻസിസ് പുണ്യവാളെൻറ ഭൗതികശരീരവുമെല്ലാം ഇന്ത്യൻ വൈവിധ്യത്തിെൻറ എടുത്തുപറയാവുന്ന ഘടകങ്ങളായി മഹത്ത്വവത്കരിക്കപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പോർചുഗീസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവ് അന്തോണിയോ കോസ്റ്റ, പോർചുഗലിെൻറ പുതിയ പ്രധാനമന്ത്രിയായി കമ്യൂണിസ്റ്റുകാരുടെയും ഗ്രീൻപാർട്ടിയുടെയും ഇടതുപക്ഷത്തിെൻറയും പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടത്. അന്തോണിയോ ഗോവൻ വംശജനാണെന്നത് ഏറെ അഭിമാനത്തോടെയാണ് ഗോവയിലെ ഇംഗ്ലീഷ്, പ്രാദേശിക പത്രങ്ങൾ റിപ്പോർട്ടുചെയ്തത്.

ലോകത്തിലേക്കു തുറന്ന ഇന്ത്യയുടെ വാതിലെന്ന നിലക്കും ഇന്ത്യയിലേക്കു തുറന്ന ലോകത്തിെൻറ വാതിലെന്ന നിലക്കും ഗോവ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദിയാക്കുന്നതിന് ഉചിതമായ സ്ഥലമാണ്. സ്വന്തമായ ചലച്ചിത്രസംസ്കാരമില്ല എന്ന പരിമിതി മാത്രമേ ഗോവയിൽ ഉണ്ടായിരുന്നുള്ളൂ. 11 വർഷം മുമ്പ് അന്നത്തെ എൻ.ഡി.എ സർക്കാർ ഗോവയെ ഇഫിയുടെ സ്ഥിരംവേദിയാക്കാൻ തീരുമാനിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി മനോഹർ പരീക്കർ (ഇപ്പോൾ കേന്ദ്ര പ്രതിരോധമന്ത്രി) 90 ദിവസംകൊണ്ട് അന്താരാഷ്ട്ര നിലവാരമുള്ള മൾട്ടിപ്ലക്സ് കെട്ടിയുയർത്തുന്നതിന് നേതൃത്വം നൽകി. തുടർന്നുള്ള വർഷങ്ങളിൽ ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നുമായി ആയിരക്കണക്കിന് ചലച്ചിത്രകാരന്മാരും ആസ്വാദകരും മറ്റും ഗോവൻ മേളയിലേക്കുള്ള സൗന്ദര്യ തീർഥാടനം അവരുടെ ജീവിതത്തിെൻറ നിർബന്ധങ്ങളിലൊന്നാക്കി സ്ഥിരീകരിച്ചു.

50കളിൽ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റുവിെൻറ നേതൃത്വത്തിലാണ് ഇന്ത്യയുടെ ചലച്ചിത്രനയം രൂപപ്പെട്ടത്. ഫിലിംസ് ഡിവിഷൻ, ഫിലിം ഫിനാൻസ് കോർപറേഷൻ, ചലച്ചിത്രത്തിനുള്ള മന്ത്രാലയം (പിന്നീട് ഡയറക്ടറേറ്റ്), ദേശീയ അവാർഡുകൾ, പുണെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഭാഗമായാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയും വിഭാവനംചെയ്യപ്പെട്ടത്. സത്യജിത് റേയുടെ ‘പഥേർ പാഞ്ചാലി’യോടെ ലോകത്തിനു മുന്നിൽ ഇന്ത്യൻ സിനിമക്ക് തലയുയർത്തിപ്പിടിച്ചുനിൽക്കാനായി. സൗന്ദര്യാത്മകമായി ഏറ്റവും ഉന്നതമായ പരിചരണ–ആവിഷ്കാര രീതികൾ രൂപവത്കരിച്ച ‘പഥേർ പാഞ്ചാലി’ ഇന്ത്യയെന്ന ദരിദ്ര ഗ്രാമീണ യാഥാർഥ്യത്തെയാണ് അനാവരണംചെയ്തത്. തിളക്കത്തിെൻറ മുഖമുദ്രയും വേദനയുടെ ആന്തരിക യാഥാർഥ്യവുമായി പിൽക്കാലത്ത് ഇന്ത്യൻ സിനിമയും പക്വതയിലേക്കും മികവിലേക്കും വളർന്നു. ഈ വളർച്ചയിൽ പുണെയിലെയും കൊൽക്കത്തയിലെയും ഡൽഹി ജാമിഅ മില്ലിയ്യയിലെയും അഡയാറിലെയും (ചെന്നൈ) ഇൻസ്റ്റിറ്റ്യൂട്ടുകൾ വഹിച്ച പങ്ക് നിസ്തുലമാണ്. ഒപ്പംതന്നെ എടുത്തുപറയേണ്ടതാണ് ഇഫി എന്നും ഫിലിമോത്സവ് എന്നും മാറിമാറി അറിയപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്രമേളകൾ. തിരുവനന്തപുരത്തും പുണെയിലും മുംബൈയിലും കൊൽക്കത്തയിലും ചെന്നൈയിലും ബംഗളൂരുവിലും മറ്റുമായി നിരവധി മേളകൾ പിൽക്കാലത്ത് രൂപപ്പെട്ടുവെങ്കിലും കേന്ദ്രസർക്കാർ നേരിട്ടുനടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഗാംഭീര്യവും നിർണായകത്വവും ഒരിക്കലും നഷ്ടപ്പെട്ടിരുന്നില്ല.

2015 നവംബർ ആയപ്പോഴേക്കും കാര്യങ്ങൾ പക്ഷേ, തലകീഴായി മറിഞ്ഞിരിക്കുന്നു. ഋത്വിക് ഘട്ടകും മണി കൗളും ജോൺ എബ്രഹാമും കുമാർ ഷഹാനിയും അടൂരും കെ.ജി. ജോർജും കെ.ആർ. മോഹനനും സണ്ണി ജോസഫും ഗിരീഷ് കർണാടും യു.ആർ. അനന്തമൂർത്തിയും അധ്യാപകരും വിദ്യാർഥികളും ഗവേണിങ് ബോഡി അധ്യക്ഷരും അംഗങ്ങളുമൊക്കെയായിരുന്ന പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ തലപ്പത്തേക്ക് ഗജേന്ദ്ര ചൗഹാൻ എന്ന ഏഴാംകിട നടനെ അവരോധിച്ചു. എല്ലാവരിലും അവമതിപ്പും പരിഹാസവും ആത്മനിന്ദയും അനുഭവിപ്പിച്ച ഈ തീരുമാനം തിരുത്തപ്പെടുമെന്നായിരുന്നു ആദ്യഘട്ടത്തിൽ പലരും കരുതിയിരുന്നത്. ജർമൻ സിനിമയിൽ ഏറ്റവും കഴിവു തെളിയിച്ച ലെനി റീഫൻസ്റ്റാളിനെയാണ് ഹിറ്റ്ലർ തനിക്ക് അനുകൂലമായ പ്രചാരണ സിനിമകളെടുക്കാൻ നിയോഗിച്ചതെങ്കിൽ, പല കാര്യങ്ങളിലും നാസിഭരണത്തിെൻറ സൂചനകൾ പ്രത്യക്ഷപ്പെടുത്തുന്ന ഇന്ത്യൻ ഭരണകൂടം ഏറ്റവും കഴിവുകെട്ട ഒരാളെ ഭാവനയുടെയും സങ്കൽപനങ്ങളുടെയും ആവിഷ്കാരത്തിെൻറയും പുതിയ ആകാശങ്ങൾ അലഞ്ഞ് അന്വേഷിച്ചുകണ്ടെത്താനായി പുണെയിലെത്തിയ പുതിയ തലമുറക്കാർക്കു മുന്നിൽ അവരോധിച്ചപ്പോൾ ഇന്ത്യയെ ലോകത്തിനു മുന്നിൽ നാണംകെടുത്തുകയെന്നതായിരുന്നോ ഉദ്ദേശ്യം എന്നുപോലും പലരും സംശയിച്ചു. ഈ തീരുമാനം തിരുത്താൻ മാസങ്ങൾ നീണ്ടുനിന്ന പഠിപ്പുമുടക്കു സമരംതന്നെ എഫ്.ടി.ഐ.ഐ വിദ്യാർഥികൾ നടത്തി. ആനന്ദ് പട്വർധനും അരുന്ധതി റോയിയുമടക്കം നിരവധി ചലച്ചിത്രപ്രവർത്തകർ ദേശീയ പുരസ്കാരങ്ങൾ തിരിച്ചേൽപിച്ച് പ്രതിഷേധത്തിൽ അണിചേർന്നു. ഏറെ ദിവസങ്ങൾക്കു ശേഷം ക്ലാസിലേക്കു തിരിച്ചുകയറിയെങ്കിലും സമരവീര്യമോ അതിന് ആധാരമായ കാരണങ്ങളോ അലിഞ്ഞില്ലാതായിട്ടില്ല.

നവംബർ 20നാണ് അന്താരാഷ്ട്ര ചലച്ചിത്രമേള ഗോവയിൽ ആരംഭിച്ചത്. എന്തൊക്കെയോ കുഴപ്പങ്ങൾ അവിടെ സംഭവിച്ചേക്കുമെന്നുള്ള പ്രതീതി അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നിരുന്നു. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിനിടെ പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ച ശുഭം വർധൻ, കിസ്ലേ തിവാരി എന്നീ വിദ്യാർഥികളെ കായികമായി കീഴ്പ്പെടുത്തി ഗോവ പൊലീസ് തടവിലടച്ചു. പുണെ എഫ്.ടി.ഐ.ഐ വിദ്യാർഥി യൂനിയെൻറ മുൻ ജനറൽ സെക്രട്ടറിയുടെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ, സോപാധിക ജാമ്യമാണ് കോടതി വിധിച്ചത്. മേള നടക്കുന്ന സ്ഥലത്തോ പരിസരത്തോ പ്രവേശിക്കരുത് എന്നതാണ് ഉപാധി. പുണെ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ടീഷർട്ട് ധരിച്ച് മേളയുടെ ബാഡ്ജോടെ മുഖ്യവേദിയായ ഐനോക്സിലെത്തിയ അശുതോഷ് എന്ന വിദ്യാർഥിയെ കരുതൽത്തടങ്കലിലാക്കി. പേഴ്സനൽ ബോണ്ടിന്മേലാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. നിരവധി മറ്റു വിദ്യാർഥികളെയും പൂർവവിദ്യാർഥികളെയും നിശിതവും നിഷ്ഠുരവുമായ പരിശോധനക്കും ചോദ്യംചെയ്യലിനും വിധേയമാക്കി.

എല്ലാ വർഷത്തെയും മേളകളിൽ സ്റ്റുഡൻറ് പാക്കേജ് എന്ന ഒരു വിഭാഗം ഉൾപ്പെടുത്തിയിരുന്നു. പുണെ, സത്യജിത് റേ, എം.ജി.ആർ, ജാമിഅ മില്ലിയ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ മികച്ച സൃഷ്ടികളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നത്. ഇക്കുറി ആ വിഭാഗംതന്നെ മേളയിൽ വേണ്ടെന്നുവെച്ചിരിക്കുന്നു. പ്രതിഷേധസൂചകമായി മേള സ്ഥലത്തുനിന്ന് അൽപം അകലെ നോസ്സ സെനോറ ദെ പിയെ ദാദെ ഇൻസ്റ്റിറ്റ്യൂട്ടിലെ, സാമൂഹികനീതിക്കും സമാധാനത്തിനുമുള്ള കേന്ദ്രത്തിൽ ഒരു സമാന്തരമേള സംഘടിപ്പിച്ചിരിക്കുകയാണ്. വിഖ്യാത ചലച്ചിത്രകാരൻ സയ്യിദ് മിർസ അടക്കമുള്ളവർ പങ്കെടുത്ത വേദിയിലാണ് പ്രദർശനങ്ങൾ നടന്നത്. മനോജ് കെ. നിതർവാൽ, പ്രതീക് വാട്സ് എന്നിവരടക്കം പതിനഞ്ചോളം മുൻ പുണെ വിദ്യാർഥികളുടെ മികച്ച സൃഷ്ടികളാണ് ഈ സമാന്തരമേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മനോജിെൻറയും പ്രതീകിെൻറയും സിനിമകൾ ദേശീയ പുരസ്കാരം നേടിയവയാണ്. അവർ രണ്ടുപേരുമാവട്ടെ, പുരസ്കാരങ്ങൾ തിരിച്ചേൽപിച്ചവരുമാണ്.

എഫ്.ടി.ഐ.ഐ സമരം, പാട്ടുകൾ എന്നിങ്ങനെ സമരം സംബന്ധിച്ച സിനിമകൾ പ്രദർശിപ്പിക്കുന്നത് കലക്ടർ വിലക്കിയതിനെ തുടർന്ന് വേണ്ടെന്നുവെച്ചു. അഞ്ചു സ്വതന്ത്ര പ്രതിപക്ഷ എം.എൽ.എമാർ വിദ്യാർഥികളുടെ സമരത്തിന് പരസ്യപിന്തുണയുമായി എത്തി. അഭിഭാഷകനും എ.ഐ.ടി.യു.സി നേതാവുമായ ക്രിസ്റ്റഫർ ഫൊൻസേക, ഗോവക്കാരനും പ്രസിദ്ധ ഇൻസ്റ്റലേഷൻ കലാകാരനുമായ സുബോധ് കേൽക്കർ എന്നിവരും ഗോവ സർവകലാശാലയിലെ ബിരുദാനന്തര വിദ്യാർഥികളും സമരത്തിനു പിന്തുണ നൽകി. മേളയിൽ പ്രതിനിധികളായി എത്തിയ നിരവധി പേർ പ്രത്യക്ഷമായിത്തന്നെ വിദ്യാർഥികൾക്ക് പിന്തുണയുമായി എത്തി.

‘സേവ് എഫ്.ടി.ഐ.ഐ’ എന്ന ബാഡ്ജ് ധരിച്ച മുൻ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ കെ.ആർ. മോഹനെൻറ ഷർട്ടിൽനിന്ന് പൊലീസ് ബാഡ്ജ് ബലംപ്രയോഗിച്ച് ചീന്തിമാറ്റി. നാഗരാജ് മഞ്ജുളെ, ചൈതന്യ ധമീനെ എന്നിവരും പിന്തുണച്ചു സംസാരിച്ചു. ഏറ്റവും സവിശേഷമായത് തങ്ങളുടെ ചിത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് മേളയിലെ പ്രദർശനശാലയിൽ സംസാരിക്കുന്നതിനിടെ രുചിക നെഗിയും അമിത് മൊഹന്തിയും പുണെ സമരത്തെ ന്യായീകരിച്ചതും പിന്തുണച്ചതുമാണ്. കാണികൾ ഹർഷാരവത്തോടെയാണ് ഈ പിന്തുണ ഏറ്റുവാങ്ങിയത്. മറാത്തി തെരുവുഗായകനായ സംഭാജി ഭഗത്ത് ഇന്ന് സമരത്തെ പിന്തുണച്ച് പാട്ടുകൾ അവതരിപ്പിക്കുന്നുണ്ട്. കേരളത്തിൽനിന്ന് വി.കെ. ജോസഫ്, സി.എസ്. വെങ്കിടേശ്വരൻ, മണിലാൽ, അനിത തമ്പി, മമ്മദ്, മധു ജനാർദനൻ, സനൽകുമാർ ശശിധരൻ, പ്രകാശ് ബാരെ, ജോൺസൺ, ഗോപിനാഥൻ എന്നിങ്ങനെ നൂറോളം പ്രതിനിധികൾ സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. ഗോവക്കാരുടെ നിതാന്ത സ്വഭാവമായ പ്രത്യാശയുടെ അന്തരീക്ഷം ഇനിയും നഷ്ടമായിട്ടില്ല. പ്രതിഷേധത്തിെൻറ അന്തരീക്ഷത്തിൽ മേളയുടെ നിറംമങ്ങി. കഴിഞ്ഞ വർഷം 13,000 പ്രതിനിധികളുണ്ടായിരുന്ന സമയത്ത് ഈ വർഷം രജിസ്റ്റർ ചെയ്തതുതന്നെ 7000 പേർ മാത്രം. അതിൽതന്നെ 3800 പേർ മാത്രമാണ് ഡെലിഗേറ്റ് കാർഡ് കൈപ്പറ്റിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffi protest
Next Story