Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightപുതിയ സര്‍ക്കാറിന്‍െറ...

പുതിയ സര്‍ക്കാറിന്‍െറ ഒന്നാം മൈനസ് മാര്‍ക്ക്

text_fields
bookmark_border
പുതിയ സര്‍ക്കാറിന്‍െറ ഒന്നാം മൈനസ് മാര്‍ക്ക്
cancel
camera_alt??????? ???????, ??.??. ??????????

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടിയ വന്‍വിജയം അവര്‍ പ്രതീക്ഷിച്ചതിനുപോലും അപ്പുറത്തായിരുന്നു. മാത്രമല്ല, യു.ഡി.എഫ് ഒരുപക്ഷേ, വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നും 1977  ലെ പോലെ കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും ഭരണവിരുദ്ധവികാരം ഒട്ടും പ്രകടമല്ളെന്നും ഉറപ്പിച്ച് പറഞ്ഞവരില്‍  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും പോലും ധാരാളം. ഉമ്മന്‍ ചാണ്ടി കേരളത്തില്‍ ഏറ്റവും ജനപ്രിയനായ നേതാവാണെന്ന് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പും പറഞ്ഞവരുണ്ട്. സി. അച്യുതമേനോന്‍ കഴിഞ്ഞാല്‍ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി എന്നുപോലും തട്ടിവിട്ടു ചില പ്രമുഖര്‍. പക്ഷേ, തെരഞ്ഞെടുപ്പ് ഫലം ഇവരെ മാത്രമല്ല,  എല്‍.ഡി.എഫ് ജയിച്ചാല്‍തന്നെ നേരിയ വ്യത്യാസത്തില്‍ മാത്രമാകുമെന്ന് കരുതിയ ഒരുപാട് പേരെയും അദ്ഭുതപ്പെടുത്തി.  

വാസ്തവത്തില്‍ എല്‍.ഡി.എഫിന്‍െറ എന്തെങ്കിലും മികവ് കൊണ്ടായിരുന്നു  ഇത്ര വലിയ ജനസമ്മതി നേടിയതെന്ന്  അവര്‍പോലും നെഞ്ചില്‍ കൈവെച്ച് പറയില്ല.  ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരായ വ്യാപക ജനരോഷം തന്നെയായിരുന്നു ആ വിധിക്ക് പിന്നില്‍. അതാകട്ടെ, ആ സര്‍ക്കാറിന്‍െറ കടുത്ത അധാര്‍മികതകളോടുള്ള രോഷമായിരുന്നെന്നതും നിസ്തര്‍ക്കം.  വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രിമാരുമായി അധികാരമേറ്റ ആ സര്‍ക്കാര്‍ അവസാനം വരെ ചെയ്തുകൂട്ടിയ എണ്ണമറ്റ തെറ്റുകളുടെയൊക്കെ കനത്ത വിലയായിരുന്നു ആ ജനവിധി. അതിന്‍െറ (നിഷ്ക്രിയ) ഗുണഭോക്താവായിരുന്നു എല്‍.ഡി.എഫ്. രാഷ്ട്രീയ അധാര്‍മികതയുടെ പര്യായമായി യു.ഡി.എഫ് മാറിയപ്പോള്‍ പ്രതിപക്ഷത്തിന് ലഭിച്ചത് മറുവശത്ത് കാണപ്പെടാനുള്ള  യോഗം.

ഇത് തിരിച്ചറിഞ്ഞാകണം സൂക്ഷിച്ചായിരുന്നു പുതിയ സര്‍ക്കാറിന്‍െറ തുടക്കം. മികച്ച മന്ത്രിമാരും ഉമ്മന്‍ ചാണ്ടി വേട്ടയാടിയ ജേക്കബ് തോമസിനെപ്പോലെയുള്ള സത്യസന്ധന്‍ വിജിലന്‍സ് തലവനും ഒക്കെയായുള്ള അധികാരാരോഹണം വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തുകയും ചെയ്തു. പക്ഷേ, ഭരണം ഒരു മാസം പിന്നിട്ടപ്പോള്‍തന്നെ സര്‍ക്കാറിന്‍െറ ധാര്‍മികതയുടെ അക്കൗണ്ടില്‍ ഒരു വലിയ ‘മൈനസ് മാര്‍ക്ക്’ വീണിരിക്കുന്നതാണ് കാഴ്ച. ഇങ്ങനെയുള്ള മൈനസ് മാര്‍ക്കുകള്‍ വര്‍ധിച്ചു വന്നാണ് അഞ്ചു വര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാറിനെ കടപുഴക്കുന്ന കൊടുങ്കാറ്റായിത്തീരുക. അധികാരത്തിലിരിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെന്നതുപോലെ പിണറായി വിജയനും ഇത് തിരിച്ചറിഞ്ഞില്ളെങ്കില്‍ ഈ ജനരോഷചരിത്രം ആവര്‍ത്തിക്കുമെന്നതും ഉറപ്പ്.

സര്‍ക്കാറിന്‍െറ ധാര്‍മിക അക്കൗണ്ടിലെ ഒന്നാമത്തെ മൈനസ് മാര്‍ക്കാണ് എം.കെ.  ദാമോദരന്‍ പ്രശ്നം. 1996-2001 കാലത്തെ നായനാര്‍ സര്‍ക്കാറിന്‍െറ അഡ്വക്കറ്റ് ജനറലായിരുന്ന അദ്ദേഹം പുതിയ സര്‍ക്കാറിന്‍െറ നിയമോപദേഷ്ടാവായി നിയമിക്കപ്പെട്ടിരിക്കുന്നു എന്നാണ്  ആദ്യം വന്ന വാര്‍ത്ത. ഇപ്പോഴാകട്ടെ,  സര്‍ക്കാറിന്‍െറയല്ല, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് മാത്രമാണദ്ദേഹം എന്നാണ്  വിശദീകരണം. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തെ അധാര്‍മികതകളുടെയൊക്കെ മധ്യത്തിലായിരുന്നു അവരുടെ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ സ്ഥാനമെന്നോര്‍ക്കണം. വീണ്ടും വന്ന അഡ്വക്കറ്റ് ജനറല്‍ പദവിയിലേക്കുള്ള ക്ഷണം നിരസിച്ചശേഷമാണത്രെ ഉപദേഷ്ടാവെന്ന സ്ഥാനം കണ്ണൂരിലെ തന്‍െറ വിദ്യാര്‍ഥികാലം മുതല്‍ ഉറച്ച ഇടതുപക്ഷക്കാരനായ ദാമോദരന്‍ ഏറ്റത്. സര്‍ക്കാറിന്‍െറയായാലും ഇപ്പോള്‍ പറയുന്നപടി മുഖ്യമന്ത്രിയുടെ ആയാലും നിയമോപദേഷ്ടാവാകാനുള്ള അദ്ദേഹത്തിന്‍െറ  അര്‍ഹത  തര്‍ക്കമറ്റതാണ്. അഭിഭാഷകന്‍ എന്ന നിലയില്‍ വിവാദപരവും അഴിമതിഗന്ധം വമിക്കുന്നതുമായ കേസുകളിലെപോലും പ്രതികളുടെ വക്കാലത്ത് സ്വീകരിക്കാനും തൊഴില്‍പരമായ എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്.

പക്ഷേ, പ്രശ്നം ഈ രണ്ട് പദവികളും ഒന്നിച്ച് വഹിക്കുന്നതാണ്. അത് അധാര്‍മികവും അനുചിതവും  മാത്രമല്ല, തൊഴില്‍ മര്യാദയുടെ പോലും ലംഘനമാണ്. കാരണം പല കേസുകളിലും സര്‍ക്കാറിന്‍െറ എതിര്‍പക്ഷ വക്കാലത്താണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഏറ്റെടുത്തിരിക്കുന്നത്. കുപ്രസിദ്ധമായ ലോട്ടറി കേസില്‍ സാന്‍റിയാഗോ മാര്‍ട്ടിന്‍െറ വക്കീലാണ് അദ്ദേഹം. കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭാക്കാലത്ത് മാര്‍ട്ടിനെതിരെ മുഖ്യമന്ത്രി വി.എസിന്‍െറ നേതൃത്വത്തില്‍ നിയമപരവും ഭരണപരവുമായ നടപടികള്‍ സ്വീകരിച്ചതാണെന്നോര്‍ക്കണം. ഇപ്പോഴത്തെ കേസില്‍ മാര്‍ട്ടിന്‍െറ എതിര്‍കക്ഷി സംസ്ഥാനസര്‍ക്കാറല്ളെന്നും കേന്ദ്രസര്‍ക്കാറാണെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ ആദ്യത്തെ വാദം. പക്ഷേ, ഇപ്പോഴിതാ സംസ്ഥാന സര്‍ക്കാര്‍തന്നെ എതിര്‍കക്ഷിയായ കശുവണ്ടി വികസന കോര്‍പറേഷനിലെ ഇറക്കുമതി അഴിമതിക്കേസില്‍ പ്രതിസ്ഥാനത്തുള്ള കോണ്‍ഗ്രസ്-ഐ നേതാവ് ആര്‍. ചന്ദ്രശേഖരന്‍െറ വക്കീലായിരിക്കുന്നു ദാമോദരന്‍. ഈ അവസ്ഥ വിശദീകരിക്കാന്‍ പാര്‍ട്ടിക്കോ സര്‍ക്കാറിനോ മുഖ്യമന്ത്രിക്കോ എളുപ്പമല്ല.

പിണറായി വ്യക്തിപരമായി ഉള്‍പ്പെടുന്ന കേസുകളില്‍ ഉപദേശം നല്‍കുകയല്ലാതെ സര്‍ക്കാറുമായി തനിക്ക് ഒരു ബന്ധവുമില്ളെന്നാണത്രെ ദാമോദരന്‍െറ നിലപാട്. സര്‍ക്കാറില്‍നിന്ന് ഒരു പ്രതിഫലവും വാങ്ങുന്നില്ല. പക്ഷേ, പിണറായിയുടെ സ്വകാര്യ നിയമോപദേഷ്ടാവെന്നല്ല, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവെന്നാണല്ളോ അദ്ദേഹത്തിന്‍െറ പ്രഖ്യാപിത സ്ഥാനം. മാത്രമല്ല, സ്വകാര്യ ഉപദേഷ്ടാവിനെ സര്‍ക്കാര്‍ നിയമിക്കേണ്ടതുമല്ല. മാത്രമല്ല, മുഖ്യമന്ത്രി ആയിരിക്കുന്നിടത്തോളം അദ്ദേഹത്തിന്‍െറ സ്വകാര്യ ഉപദേഷ്ടാവ് ആയാലും ഇങ്ങനെ ദുര്‍ഗന്ധപൂരിതമായ കേസുകളിലെ പ്രതികള്‍ക്കുവേണ്ടിയും സര്‍ക്കാറിനെതിരായ കേസുകളിലും ഹാജരാകുന്നത് ഉചിതമല്ലല്ളോ.   മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിന്   സര്‍ക്കാര്‍ രേഖകളൊക്കെ പ്രാപ്തമാകുമ്പോള്‍ സര്‍ക്കാറിനെതിരായ കേസുകളില്‍ അദ്ദേഹം വക്കാലത്തെടുക്കുന്നതിലെ കടുത്ത തെറ്റ് ആലോചിക്കാവുന്നതേയുള്ളൂ. ഇപ്പോള്‍ കേള്‍ക്കുന്നത് പാറമട മുതലാളിമാര്‍ക്കുവേണ്ടിയും ദാമോദരന്‍ സര്‍ക്കാറിനെതിരെ ഹാജരാകുന്നുണ്ടെന്നാണ്.  

എന്നാല്‍, ദാമോദരനെ മുഖ്യമന്ത്രി  പിണറായി നിയമസഭയില്‍ ശക്തമായി ന്യായീകരിച്ചു.  പഴയ പാര്‍ട്ടി സെക്രട്ടറി ശൈലിയില്‍ തന്നെ.   ദാമോദരന്‍ ഉപദേഷ്ടാവെന്ന നിലയില്‍ പ്രതിഫലം വാങ്ങുന്നില്ളെന്ന മുടന്തന്‍ന്യായം മാത്രമേ മുഖ്യമന്ത്രിക്കും നിരത്താനുണ്ടായിരുന്നുള്ളൂ.  (പ്രധാനമന്ത്രി മോദിയെന്നപോലെ നമ്മുടെ മുഖ്യമന്ത്രിയോടും ഇക്കാര്യങ്ങള്‍ നേരിട്ട് ചോദിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവസരമില്ലാത്തതിനാല്‍ നിയമസഭയില്‍ അദ്ദേഹത്തിന്‍െറ നിലപാട് വെളിപ്പെടുന്നതുവരെ ഇക്കാര്യത്തിലെ പ്രതികരണത്തിന് കേരളത്തിന് കാത്തിരിക്കേണ്ടിവന്നു). ഇപ്പോള്‍ ഇതാ ഈ സര്‍ക്കാറിന്‍െറ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആയ മഞ്ചേരി ശ്രീധരന്‍ നായരും ഒരു കേസില്‍  പെട്ടിരിക്കുന്നത്രെ. അദ്ദേഹത്തെയും മുഖ്യമന്ത്രി  ന്യായീകരിച്ചിട്ടുണ്ട്. ഈ വിവാദ നിയമനങ്ങളെക്കാള്‍ കഷ്ടമായി മുഖ്യമന്ത്രിയുടെ വക ന്യായീകരണം.  ഇങ്ങനെ പോയാല്‍ ആകെ ദുര്‍ബലമായിരുന്ന പ്രതിപക്ഷത്തിന് കുശാലാകും കാര്യങ്ങള്‍.  
ദാമോദരന്‍ പ്രശ്നത്തെപറ്റി ചോദിച്ചപ്പോള്‍ സര്‍ക്കാറിനെതിരായുള്ള കേസുകളില്‍ വാദിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും സ്വന്തം വിവേചനബുദ്ധി ഉപയോഗിച്ച് അദ്ദേഹം അത് തീരുമാനിക്കണമെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു. എന്നാല്‍, പാര്‍ട്ടി ആ നിര്‍ദേശം നല്‍കുമോ എന്നൊന്നും അദ്ദേഹം പറഞ്ഞില്ല. ഇതിനു മുമ്പുതന്നെ നിയമമന്ത്രി എ.കെ. ബാലന്‍ ഒരു അഭിമുഖത്തില്‍ പാര്‍ട്ടി നിര്‍ദേശം നല്‍കാത്തതുകൊണ്ടാണ്  ദാമോദരന്‍ ഈ ‘ഇരട്ടവ്യക്തിത്വ’ത്തില്‍  തുടരുന്നതെന്ന് പറഞ്ഞിരുന്നു.

1996-2001 കാലത്തെ നായനാര്‍ മന്ത്രിസഭാകാലത്ത് അഡ്വക്കറ്റ് ജനറലായിരുന്നപ്പോഴും ദാമോദരന്‍െറ പല നിലപാടുകളും വി.എസ്. അച്യുതാനന്ദന്‍ വിമര്‍ശവിധേയമാക്കിയിരുന്നു. ഐസ്ക്രീം കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെയും സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനെയും രക്ഷിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. രണ്ട്  കേസിലും ഈ നേതാക്കളെ അനാവശ്യമായി പ്രതിചേര്‍ക്കാന്‍ വി.എസ് ശ്രമിച്ചെന്ന് ദാമോദരനും പരസ്യമായി തിരിച്ചടിച്ചിരുന്നു. ഇപ്പോഴത്തെ പിണറായി സര്‍ക്കാറും കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് വി.എസ് നല്‍കിയ ഹരജിയില്‍ എതിര്‍ നിലപാട് സ്വീകരിച്ചതിന്‍െറ പിന്നിലും ദാമോദരന്‍െറ പങ്ക് സംശയിച്ചവരുണ്ട്. പക്ഷേ, അത് മുന്‍ സര്‍ക്കാറിന്‍െറ നിലപാട് തല്‍ക്കാലം തുടരുക എന്ന സാങ്കേതികത കൊണ്ടുമാത്രം സംഭവിച്ചതാണെന്നും അതില്‍ ദാമോദരന് ഒരു പങ്കുമില്ളെന്നും നിയമമന്ത്രി ബാലന്‍ വിശദീകരിക്കുകയുണ്ടായി. പക്ഷേ, ഈ വക സംശയങ്ങളുടെ കരിനിഴലുകള്‍ക്ക് നീളം വര്‍ധിക്കാനേ ഈ സാഹചര്യം ഉതകൂ എന്നതില്‍ സംശയമില്ല.

സമൂഹത്തില്‍ എല്ലാ മേഖലയിലും ധാര്‍മികതക്കും സദാചാരത്തിനും  വില വല്ലാതെ ഇടിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കാത്തവര്‍ ഇന്ന് കുറവാണ്. രാഷ്ട്രീയത്തിലാണ് ഈ ജീര്‍ണത ഏറ്റവും പ്രകടമെന്നതും സംശയമില്ല. എന്നാല്‍, സമൂഹത്തില്‍ ഒട്ടാകെതന്നെ  ധാര്‍മികതക്ക് വില ഇടിഞ്ഞതുകൊണ്ടാണിതെന്ന് ഒരു വാദമുണ്ട്. മുമ്പെന്നത്തെക്കാളും അധാര്‍മികതയോട് സമൂഹം ഒത്തുതീര്‍പ്പിലായിരിക്കുന്നുവത്രെ. ജനങ്ങള്‍ ഭൂരിപക്ഷവും അഴിമതിക്കാരായതിനാല്‍ സ്വന്തം നേതാക്കളുടെ അഴിമതി അവര്‍ അത്ര സാരമാക്കാതായെന്ന്  അര്‍ഥം. യഥാ രാജാ തഥാ പ്രജ (അതിലേറെ ശരി യഥാ പ്രജാ തഥാ രാജ എന്നാണോ?).  ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന നേതൃത്വമാണ്  ലഭിക്കുക എന്ന തത്ത്വവുമുണ്ട്.

എന്നാല്‍, ധാര്‍മികതക്ക് സമൂഹം ഇപ്പോള്‍ പഴയതുപോലെ വില നല്‍കില്ളെന്ന വാദം അത്ര ശരിയോ?  ഒരു പക്ഷേ, സമൂഹത്തില്‍ അഭിപ്രായരൂപവത്കരണം നടത്തുന്ന പ്രമുഖര്‍ എന്നു കരുതപ്പെടുന്ന വരേണ്യവിഭാഗത്തിന്‍െറ (മാധ്യമങ്ങളടക്കം) കാര്യത്തില്‍ അതാകാം ശരി. എന്നാല്‍, അതിസാധാരണക്കാരായ ഭൂരിപക്ഷം ഇന്നും ധാര്‍മികവും സദാചാരപരവുമായ മൂല്യങ്ങളില്‍തന്നെ ഉറച്ചുനില്‍ക്കുന്നുവെന്ന്  പലപ്പോഴും തെളിയിക്കപ്പെടാറുണ്ട്. അതുകണ്ട് വരേണ്യര്‍ അന്തം വിട്ടുപോവുകയും ചെയ്യാറുണ്ട്.  ജനാധിപത്യസമൂഹങ്ങളില്‍ പലപ്പോഴും തെരഞ്ഞെടുപ്പുവേളകളിലാണ് സാധാരണജനതയുടെ മൂല്യബോധം വെളിപ്പെടുക. ഇന്ത്യയില്‍ ഇത്തരം സുപ്രധാന ചരിത്രമുഹൂര്‍ത്തങ്ങളുണ്ട്. അടിയന്തരാവസ്ഥക്കു ശേഷമുള്ള പൊതുതെരഞ്ഞെടുപ്പാണ്  ഇതില്‍ മുഖ്യം.  അപാരമായ രാഷ്ട്രീയ ശക്തിയും സമ്പത്തും സൈനിക-നിയമ-പൊലീസ് സംവിധാനങ്ങളും ഉദ്യോഗസ്ഥ-മൂലധനശക്തികളുമൊക്കെയായി വിരാജിച്ച അധികാരമൂര്‍ത്തികളായിരുന്ന ഇന്ദിര ഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും അടക്കം കോണ്‍ഗ്രസിനെ ആകെ ദരിദ്രകോടികളായ ഇന്ത്യന്‍ ജനത തൂത്തെറിയുമെന്ന് അധികമാരും കരുതിയിരുന്നില്ല. അതുപോലെ 2004ല്‍ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന് ഇന്ത്യന്‍ വരേണ്യവിഭാഗവും മധ്യവര്‍ഗവും ഒന്നിച്ച് ആര്‍ത്തുവിളിച്ചപ്പോഴും ബി.ജെ.പി നയിച്ച ദേശീയ വികസനമുന്നണിയെ തരിപ്പണമാക്കിയതും ഇന്ത്യയുടെ ദരിദ്രരും നിരക്ഷരരുമായ ജനത.  

കേരളത്തിന്‍െറ കാര്യവും ഭിന്നമല്ല.  ‘മൂല്യ രഹിത’മെന്ന് കരുതപ്പെടുന്ന വര്‍ത്തമാനകാലത്തും രാഷ്ട്രീയഭേദമില്ലാതെ വി.എസ് അച്യുതാനന്ദന്‍ ആര്‍ജിച്ച സ്വീകാര്യത അദ്ദേഹമാണ് രാഷ്ട്രീയധാര്‍മികതയുടെ   ദുര്‍ലഭബിംബം എന്ന പൊതുധാരണ കൊണ്ടുതന്നെ. ദശാബ്ദങ്ങളായി കേരള രാഷ്ട്രീയത്തില്‍  സജീവ സ്ഥാനത്തുണ്ടെങ്കിലും ഇക്കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലാണ് വി.എസ് ഈ തരത്തിലെ ബിംബമായി ഉയര്‍ന്നതെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ സദാചാരത്തില്‍ ഉറച്ചുനിന്നിരുന്ന പഴയ തലമുറക്ക് വംശനാശം വന്ന ഇന്ന് ആ പൊയ്പ്പോയ നല്ലകാലത്തിന്‍െറ  അവസാനത്തെ കണ്ണി എന്നതാണ്  അദ്ദേഹത്തിന്‍െറ പ്രതിച്ഛായ. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ ഭീമമായ പരാജയത്തിനും കാരണം അധാര്‍മികതക്കെതിരെയാണ്  ജനഭൂരിപക്ഷം എന്നതുകൊണ്ടാണ്. അധികാരക്കസേരകളില്‍ ഇരിക്കുമ്പോള്‍ അത് മനസ്സിലാക്കാറില്ളെന്ന് മാത്രം.  ഇത് ചൂണ്ടിക്കാട്ടുന്നവരെ ഒക്കെ അവര്‍ ശത്രുക്കളായി കാണും. അവര്‍ക്കെതിരെ മാനനഷ്ട കേസുവരെ കൊടുക്കും. അവര്‍ ആര്‍ക്കും വിമര്‍ശിക്കാന്‍ ധൈര്യമില്ലാത്ത ശക്തിസ്വരൂപങ്ങളുമാകുമ്പോള്‍  പറയാനുമില്ല.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mk damodaran
Next Story