Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപാക് മാടപ്രാവുകളും...

പാക് മാടപ്രാവുകളും പത്രപ്രവര്‍ത്തനവും

text_fields
bookmark_border
പാക് മാടപ്രാവുകളും പത്രപ്രവര്‍ത്തനവും
cancel

ടൈംസ് നൗ എന്ന ദേശീയ ഇംഗ്ളീഷ് ചാനലില്‍ ജൂലൈ 26ന് നടന്ന ഒരു വാര്‍ത്താ സംവാദം ഇന്ന് ദേശീയ തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയും വിവാദവുമായിട്ടുണ്ട്. കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാനിയുടെ കൊലയും  തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും പല പ്രധാന മാധ്യമങ്ങളും കൈകാര്യം ചെയ്ത രീതി ശരിയല്ളെന്നും അവ ഇന്ത്യാവിരുദ്ധമായിരുന്നു എന്നും സമര്‍ഥിക്കുന്നതായിരുന്നു, ചാനലിന്‍െറ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി അവതാരകനായ പ്രസ്തുത സംവാദത്തിന്‍െറ മുഖ്യപ്രമേയം. ബുര്‍ഹാന്‍ വാനിയെ മഹത്ത്വവത്കരിക്കുകയും കശ്മീര്‍ സംഘര്‍ഷങ്ങളില്‍ മനുഷ്യാവകാശപ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്ത മാധ്യമപ്രവര്‍ത്തകരെ ഗോസ്വാമി അതിരൂക്ഷമായി വിമര്‍ശിക്കുകയും അവരെ പാകിസ്താനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് ആക്ഷേപിക്കുകയും ചെയ്തു.

‘പാകിസ്താന്‍ മാടപ്രാവുകള്‍ നിശ്ശബ്ദരാവൂ’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് പ്രസ്തുത ഷോ സംഘടിപ്പിച്ചത്. അര്‍ണബ് ഗോസ്വാമിയുടെ സ്വത$സിദ്ധമായ അക്രമ സ്വഭാവം ആ ഷോക്കുണ്ടായിരുന്നു. പക്ഷേ, മനുഷ്യാവകാശപ്രവര്‍ത്തകരെയും പത്രപ്രവര്‍ത്തകരെയും മോശം വാക്കുകള്‍ ഉപയോഗിച്ച് ആക്ഷേപിക്കുന്ന പരിപാടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശങ്ങള്‍ ഇതിനകംതന്നെ ഉയര്‍ന്നുകഴിഞ്ഞു. ഉന്മാദ ദേശീയവാദികള്‍ അര്‍ണബ് ഗോസ്വാമിയെ പിന്തുണച്ച് രംഗത്തുവന്നതോടുകൂടി അത് വലിയ തര്‍ക്കമായി പരക്കുകയാണ്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു ഇംഗ്ളീഷ് ചാനലായ എന്‍.ഡി.ടി.വിയുടെ കണ്‍സല്‍ട്ടിങ് എഡിറ്ററും പ്രശസ്ത പത്രപ്രവര്‍ത്തകയുമായ ബര്‍ഖ ദത്ത് ഫേസ്ബുക്കിലൂടെ അര്‍ണബ് ഗോസ്വാമിക്കെതിരെ രംഗത്തുവന്നത് ചര്‍ച്ചകളെ വീണ്ടും ചൂടുപിടിപ്പിച്ചിട്ടുണ്ട്. അര്‍ണബ് ഗോസ്വാമിയെപ്പോലുള്ളവര്‍ പ്രവര്‍ത്തിക്കുന്ന മാധ്യമവ്യവസായത്തില്‍തന്നെയാണല്ളോ പ്രവര്‍ത്തിക്കുന്നതെന്നതില്‍ തനിക്ക് വിഷമമുണ്ടെന്നാണ് ബര്‍ഖ ദത്ത് പറഞ്ഞത്.

കശ്മീര്‍പ്രശ്നത്തില്‍ ഉന്മാദ ദേശീയവാദികള്‍ ഉയര്‍ത്തുന്ന ആഖ്യാനത്തിന് പുറത്ത് ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന പത്രപ്രവര്‍ത്തകരെയും മനുഷ്യാവകാശപ്രവര്‍ത്തകരെയുമാണ് അര്‍ണബ് ഗോസ്വാമി പാകിസ്താന്‍െറ മാടപ്രാവുകളെന്ന് ആക്ഷേപിക്കുന്നത്. ഇപ്പോള്‍ കശ്മീര്‍ ഭരിക്കുന്ന ബി.ജെ.പി-പി.ഡി.പി സഖ്യസര്‍ക്കാര്‍, ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് അടക്കമുള്ള വിഘടനവാദികളുമായി ചര്‍ച്ച നടത്തുമെന്ന് അതിന്‍െറ നയപരിപാടിയില്‍തന്നെ എഴുതിവെച്ചിരിക്കെ, അതിനോടുള്ള ഗോസ്വാമിയുടെ നിലപാട് എന്താണെന്ന് ബര്‍ഖ ദത്ത് ചോദിക്കുന്നുണ്ട്. അതായത്, തോക്കിന്‍െറ വഴിയല്ല, ചര്‍ച്ചയുടെ വഴിയാണ് നല്ലത് എന്ന് പത്രപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും പറഞ്ഞാല്‍ അത് പാകിസ്താന്‍ വാദവും ബി.ജെ.പി പറഞ്ഞാല്‍ ദേശീയവാദവും ആകുന്ന വൈരുധ്യത്തെയാണ് അവര്‍ ചോദ്യംചെയ്യുന്നത്. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബര്‍ഖ ദത്ത് പ്രസിദ്ധീകരിച്ച ഫേസ്ബുക് പോസ്റ്റ് വലിയ രീതിയില്‍ വൈറലായിരിക്കുകയാണ്.

ബര്‍ഖ ദത്ത്, അര്‍ണബ് ഗോസ്വാമി എന്നീ പ്രസിദ്ധ മാധ്യമപ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം എന്നതിനപ്പുറം മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചുള്ള വലിയ തലങ്ങളിലേക്ക് ഈ വിവാദം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ദേശീയത, കശ്മീര്‍, സൈനിക ഏറ്റുമുട്ടലുകള്‍ തുടങ്ങിയ വൈകാരിക വിഷയങ്ങളില്‍ ഒൗദ്യോഗിക/മുഖ്യധാരാ/സര്‍ക്കാര്‍ ആഖ്യാനങ്ങള്‍ക്കപ്പുറത്ത് ചിന്തിക്കുകയും അന്വേഷിക്കുകയും അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ വൈകാരിക ദേശീയതയുടെ കുപ്പായമിട്ട് ആക്ഷേപങ്ങളുയര്‍ത്തുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന സംസ്കാരം രാജ്യത്ത് വളര്‍ന്നുവരുകയാണ്. സംഘ്പരിവാര്‍ പ്രതിനിധാനംചെയ്യുന്ന തീവ്രദേശീയവാദികള്‍ സംഘടതിമായിതന്നെ ആ പണി കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. പ്രധാനപ്പെട്ടൊരു മാധ്യമസ്ഥാപനവും മാധ്യമപ്രവര്‍ത്തകനും ആ സംഘടിത ആക്രമണത്തിന് ഒപ്പം നിന്നു എന്ന അര്‍ഥത്തിലാണ് ടൈംസ് നൗ ചാനല്‍ ചര്‍ച്ച ആശ്ചര്യമുളവാക്കുന്നതാകുന്നത്.

ടൈംസ് നൗ ചാനലിന്‍െറ ചര്‍ച്ചയും അതിനോടുള്ള ബര്‍ഖ ദത്തിന്‍െറ പ്രതികരണവും വലിയ മാധ്യമസംവാദമായി വികസിച്ചേക്കാം. ചിലപ്പോഴത്, അതിവൈകാരികതകള്‍കൊണ്ട് മൂടിയ വാക്പോരുകളായി മാറാനും സാധ്യതയുണ്ട്. പക്ഷേ, അപ്പോഴും ബാക്കിയാവുന്ന വലിയ  സത്യമുണ്ട്. സര്‍ക്കാറിന്‍െറയും പട്ടാളത്തിന്‍െറയും ഒൗദ്യോഗിക വിശദീകരണങ്ങള്‍ അപ്പടി ആവര്‍ത്തിക്കാനുള്ള പ്ളാറ്റ്ഫോമുകളായി മാധ്യമങ്ങള്‍ മാറരുത് എന്നതാണത്. അതിന് സൈന്യത്തിന്‍െറയും പൊലീസിന്‍െറയും ബുള്ളറ്റിനുകളും പ്രസിദ്ധീകരണങ്ങളുമുണ്ട്. കേരളത്തില്‍ ഇപ്പോള്‍, ഐ.എസ് റിക്രൂട്ട്മെന്‍റ് വിവാദവുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍കൂടി ഈ സംവാദം പ്രസക്തമാണ്.

മതപരിവര്‍ത്തനത്തെപ്പോലും ഭീകരപ്രവര്‍ത്തനമായി വ്യാഖ്യാനിക്കുന്ന തരത്തിലേക്ക് പല മാധ്യമങ്ങളുടെയും വാര്‍ത്താ അവതരണ രീതികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാനുള്ള പൗരന്‍െറ മൗലികാവകാശത്തെ ചോദ്യംചെയ്യുന്ന തരത്തിലാണ് പൊലീസിന്‍െറ നടപടികള്‍ മുന്നോട്ടുപോകുന്നത്. അത്തരം നടപടികള്‍ മഹത്തായ തീവ്രവാദവേട്ടയെന്ന തരത്തില്‍ മാധ്യമങ്ങള്‍ പൊലിപ്പിക്കുമ്പോള്‍ അത് ജനാധിപത്യത്തെ തന്നെയാണ് മുറിപ്പെടുത്തുന്നത്. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമ്പോഴേ മാധ്യമപ്രവര്‍ത്തനം അര്‍ഥവത്താകുന്നുള്ളൂ. അതിനെതിരെയുള്ള ആക്രമണങ്ങള്‍ മാധ്യമങ്ങളില്‍നിന്നുതന്നെ ഉണ്ടാകുമ്പോള്‍ അത് അത്യന്തം അപകടകരമായ അവസ്ഥയെയാണ് പ്രതിനിധാനം ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story