Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightദ സ്പാര്‍ട്ടന്‍ കിങ്...

ദ സ്പാര്‍ട്ടന്‍ കിങ് ദ്യോകോ

text_fields
bookmark_border
ദ സ്പാര്‍ട്ടന്‍ കിങ് ദ്യോകോ
cancel

‘ദിസ് ഈസ് സ്പാര്‍ട്ട’ -യു.എസ്.ഓപണ്‍ കോര്‍ട്ടില്‍ കിരീട വിജയത്തിന്‍െറ മാറ്റേറ്റ് തിളങ്ങിയ മുഖത്ത് നിറഞ്ഞചിരിവിടര്‍ത്തി നൊവാക് ദ്യോകോവിച് അലറിവിളിച്ചു, 300 എന്ന ഹോളിവുഡ് സിനിമയിലെ അതിപ്രശസ്തമായ വണ്‍ലൈന്‍. എതിരാളികളുടെ വമ്പിനെ കൂസാതെ അവസാന ശ്വാസം വരെയും പൊരുതിയ സ്പാര്‍ട്ടന്‍ രാജാവിന്‍െറ കഥ പറഞ്ഞ ആ സിനിമയില്‍ നായകനായി തിളങ്ങിയ ജെറാര്‍ഡ് ബട്ലര്‍ക്കൊപ്പമായിരുന്നു ദ്യോകോവിചിന്‍െറ ആ ആഘോഷം. സ്പാര്‍ട്ടന്‍ എന്നാല്‍ ധീരന്‍. ഇത് ധീരന്മാര്‍ വാഴുന്ന സ്പാര്‍ട്ട. അതെ, ദ്യോകോവിചിന് ചേര്‍ന്ന വിശേഷണവും അതു തന്നെ. ചെറുപ്രായത്തില്‍ ബെല്‍ഗ്രേഡിലെ ബോംബിങ്ങില്‍ നിന്ന് രക്ഷനേടാന്‍ കുടുംബത്തിനൊത്ത് ബേസ്മെന്‍റില്‍ കഴിഞ്ഞ രാത്രികള്‍ പ്രചോദിപ്പിച്ച ഒരു കരിയറിന് ഉചിതമായ വിശേഷണം.


ലോക ടെന്നിസാകുന്ന ‘സ്പാര്‍ട്ട’യിലെ കിരീടംവച്ച ധീരനായ സ്പാര്‍ട്ടന്‍ രാജാവായാണ് 2015 ലെ പോരാട്ട ദിനങ്ങള്‍ക്ക് സെര്‍ബിയന്‍ വമ്പന്‍ അവസാനം കുറിച്ചത്. ടെന്നിസ് ചരിത്രത്തില്‍ തങ്കലിപികളാല്‍ കുറിച്ചുവക്കാവുന്ന ഒരു അവിസ്മരണീയ സീസണ്‍. 11 കിരീടങ്ങളുടെ തൊങ്ങല്‍. മൂന്നു ഗ്രാന്‍ഡ്സ്ളാമും ആറ് മാസ്റ്റേഴ്സും ഉള്‍പ്പെടുന്ന അതിപ്രധാന കീരീടങ്ങള്‍. 82 മത്സരങ്ങളില്‍ വിജയക്കുതിപ്പ് നടത്തിയപ്പോള്‍ ആറെണ്ണത്തില്‍ മാത്രം തോല്‍വി. ഒടുവില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും എ.ടി.പി. വേള്‍ഡ് ടൂര്‍ ഫൈനല്‍സും. വിട്ടുകൊടുക്കാത്ത ഒന്നാം നമ്പര്‍ പട്ടം. നേടിയതൊന്നും വെറുതെയല്ളെന്ന് അലറിവിളിക്കുന്ന പോരാട്ടവീര്യം. ഇനിയും വെട്ടിപ്പിടിക്കാനേറെയെന്ന് ഭീഷണി മുഴക്കുന്ന ലക്ഷ്യബോധം. 12 വര്‍ഷമായി തുടരുന്ന പ്രൊഫഷണല്‍ കരിയറില്‍ വെട്ടിപ്പിടിച്ച ഏറ്റവും നല്ല വര്‍ഷം. 28കാരനായ ദ്യോകോയുടെ 2015 ഇതെല്ലാമാണ് അടയാളപ്പെടുത്തിയത്.

മികച്ചവരിലൊരുവന്‍
ലോക ടെന്നിസിലെ എക്കാലത്തെയും മികച്ചവരില്‍ ഒരാളെന്ന നിലയിലാണ് ദ്യോകോവിച് ഇപ്പോള്‍ വാഴ്ത്തപ്പെടുന്നത്. ഓപണ്‍ കാലത്ത് കളം നിറഞ്ഞ മികച്ച അഞ്ചു പേരില്‍ ഒരാളായും.  റോജര്‍ ഫെഡററും റാഫേല്‍ നദാലും കൊടികുത്തിവാണിരുന്ന ലോകത്ത് തന്‍െറ വെന്നിക്കൊടി പാറിച്ച് കുതിച്ചുയര്‍ന്ന ദ്യോകോവിച് ഇതിനകം 10 ഗ്രാന്‍ഡ്സ്ളാമുകളും 26 മാസ്റ്റേഴ്സ്-1000 കിരീടങ്ങളും കൈപ്പിടിയിലൊതുക്കിയിട്ടുണ്ട്.

എളുപ്പമായിരുന്നില്ല വളര്‍ച്ച. റോജര്‍ ഫെഡററുടെയും റാഫേല്‍ നദാലിന്‍െറയും വീര്യം അതിനനുവദിച്ചുമില്ല. അവരെപ്പോലെ ‘വണ്ടര്‍ കിഡ്’ എന്ന ലേബലുമായല്ല രംഗപ്രവേശം ചെയ്തതും. എന്നാല്‍ പോരാടാനുറച്ചത്തെിയ ധീരന്‍ അവര്‍ക്കിടയിലൂടെ തന്നെ വഴിവെട്ടിക്കയറി. എല്ലാ ടെന്നിസ് ശൈലികളിലും പ്രമാദിത്വം കാട്ടുന്ന ‘ഓള്‍ കോര്‍ട്ട് കളിക്കാരന്‍’ ആണ് ദ്യോകോവിച്. ആക്രമണോത്സുകമായ ബെയ്സ്ലൈന്‍ കളിക്കുടമ. മികച്ച ബാക്ക് ഹാന്‍ഡ്.

ഫെഡററും നദാലും എന്ന താരതമ്യത്തിനിടയിലേക്ക് സ്വന്തം പേരും ചേര്‍ക്കാന്‍ ലോകത്തെ ദ്യോകോ പ്രകടനം കൊണ്ട് ക്ഷണിച്ചു. അങ്ങനെ ആധുനിക ടെന്നിസിലെ അതികായരുടെ നിരക്ക് കൂടുതല്‍ വലിപ്പമുണ്ടായി. ആ കൂട്ടത്തിലേക്ക് ആന്‍ഡി മറെയും സ്റ്റാനിസ്ളാവ് വാവ്റിങ്കയും പോലുള്ള പേരുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടാന്‍ പിന്നെയും സമയമെടുത്തു. ഫെഡററുടെയും നദാലിന്‍െറയും ഗ്രാന്‍ഡ്സ്ളാം വീതിക്കലിനിടയില്‍ തനിക്കായൊരെണ്ണം ആദ്യമായി ദ്യോകോവിച് നേടിയത് 2008 ലാണ്. ആസ്ട്രേലിയന്‍ ഓപണില്‍. 2005 ലെ ആസ്ട്രേലിയന്‍ ഓപണിന് ശേഷം ആദ്യമായി ഒരു സ്വിസ്-സ്പാനിഷ് ഉടമയല്ലാത്ത ഗ്രാന്‍ഡ്സ്ളാം. അതിനും തൊട്ടുമുമ്പത്തെ വര്‍ഷം യു.എസ്. ഓപണിലായിരുന്നു ആദ്യ ഗ്രാന്‍ഡ്സ്ളാം ഫൈനില്‍ ദ്യോകോവിച് കളിച്ചത്.

2008ല്‍ തന്നെ ഒളിമ്പിക്സില്‍ വെങ്കലത്തിലേക്ക് ദ്യോകോയുടെ എയ്സ് പറന്നു. വര്‍ഷാവസാന എ.ടി.പി. വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ആദ്യമായി ദ്യോകോവിചിന് സ്വന്തമായതും ആ വര്‍ഷമാണ്. എന്നാല്‍ പിന്നീടങ്ങോട്ട് രണ്ട് വര്‍ഷങ്ങളില്‍ ഒരു ഗ്രാന്‍ഡ്സ്ളാം നേട്ടവും സെര്‍ബിയന്‍ പേരിനൊപ്പം ചേര്‍ന്നില്ല. സ്വിസ്-സ്പാനിഷ് വമ്പന്മാരുടെ തേരോട്ടത്തിനിടയില്‍ വന്നു കയറിയ  പലരും വലിയ ഗതി പിടിക്കാതെ അങ്ങും ഇങ്ങും ഏതെങ്കിലുമൊക്കെ ജയങ്ങളുമായി കഴിഞ്ഞു കൂടുന്നതിനിടയില്‍ ദ്യോകോവിചും പെട്ടെന്ന് ചിലരെങ്കിലും കണക്കുകൂട്ടി. 2009ല്‍ ഒരു ഗ്രാന്‍ഡ്സ്ളാമിലും ഫൈനലില്‍ എത്താതെ മടങ്ങിയ ദ്യോകോ തൊട്ടടുത്ത വര്‍ഷം യു.എസ്. ഓപണില്‍ റണ്ണര്‍ അപ് പട്ടവുമായി മടങ്ങി. ആ വര്‍ഷം തന്നെ സെര്‍ബിയായി ഡേവിസ് കപ് നേടിയ ടീമില്‍ അംഗമായി. വിസ്മയ പ്രകടനങ്ങളുടെ വിസ്ഫോടനം നടത്താനുള്ള ശേഷി തനിക്കുണ്ടോ എന്ന സംശയങ്ങള്‍ക്കുള്ള മറുപടിയുമായാണ് താരം 2011 ന് തുടക്കമിട്ടത്. ദ്യോകോ ആരാണെന്ന് ലോകം ആദ്യമായി കണ്ട വര്‍ഷം. യഥാര്‍ഥ ‘ടേണിങ് പോയന്‍റ് ഇയര്‍’.

ഫെഡററും നദാലും കിരീടങ്ങളുയര്‍ത്തുന്നത് കാണാന്‍ ഗ്രാന്‍ഡ്സ്ളാമുകളിലേക്കൊഴുകിയ ജനങ്ങള്‍ പുതിയൊരു താരോദയത്തിന് സാക്ഷിയായി. മൂന്നു ഗ്രാന്‍ഡ്സ്ളാമുകളും അഞ്ചു മാസ്റ്റേഴ്സ് കിരീടങ്ങളും ഇരുകൈയാല്‍ ഏറ്റുവാങ്ങി. ഫെഡററുടെയും നദാലിന്‍െറയും കുത്തകയായിരുന്ന ലോക ഒന്നാം നമ്പര്‍ പട്ടവും ആ ശിരസിലേക്ക് ആദ്യമായി വന്നത്തെി. 10 കിരീടങ്ങളുമായി തന്‍െറ കരിയറിലെ ഏറ്റവും മികച്ച ആദ്യത്തെ സീസണ്‍ ദ്യോകോ ആരാധകര്‍ക്ക് സമ്മാനിച്ചു. കൈയിലത്തൊതിരുന്നത് ഇപ്പോഴും അകന്നു നില്‍ക്കുന്ന ഫ്രഞ്ച് ഓപണ്‍ മാത്രം. പരിക്ക് അലട്ടുന്നതിനിടയില്‍ ടൂര്‍ ഫൈനല്‍സില്‍ കിരീടം നേടാനായില്ളെങ്കിലും വര്‍ഷാവസാന ലോക ഒന്നാം നമ്പര്‍ സ്ഥാനം ദ്യോകോവിച് ആര്‍ക്കും വിട്ടു നല്‍കിയില്ല. ഇതിഹാസ താരമായ പീറ്റ് സാംപ്രാസ് അന്ന് പറഞ്ഞത് താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഒരു താരത്തിന്‍െറ ഏറ്റവും മികച്ച സീസണ്‍ എന്നാണ്.
2012ല്‍ ആസ്ട്രേലിയന്‍ ഓപണ്‍ മാത്രം നിലനിര്‍ത്തിയപ്പോള്‍ ലണ്ടനില്‍ വേള്‍ഡ് ഫൈനല്‍സ് കിരീടം തിരിച്ചുപിടിച്ചു. പിന്നീട് ഇതുവരെ ലണ്ടനില്‍ അതിന് വേറെ അവകാശികള്‍ ഉണ്ടാകാന്‍ ദ്യോകോ അനുവദിച്ചിട്ടില്ല. ആ വര്‍ഷം ആദ്യമായി ഫ്രഞ്ച് ഓപണ്‍ ഫൈനലിലേക്കും മാര്‍ച്ചു ചെയ്തു. എന്നാല്‍, നദാലിന് മുന്നില്‍ വീണു. ഇടക്ക് കൈവിട്ടുപോയ ലോക ഒന്നാം നമ്പര്‍ പട്ടം ആറു കിരീടങ്ങളുടെ കരുത്തില്‍ തിരിച്ചുപിടിച്ചു. മൂന്നു ഫൈനലുകള്‍ കളിച്ച 2013ലും രണ്ട് ഫൈനലുകള്‍ കളിച്ച 2014ലും ഓരോ ഗ്രാന്‍ഡ്സ്ളാമുകള്‍ നേടാനേ കഴിഞ്ഞുള്ളു. ഇരു വര്‍ഷങ്ങളിലും ഏഴു വീതം കിരീടങ്ങള്‍.  2013 ല്‍ ഒന്നാല്‍ റാങ്കില്‍ നിന്ന് രണ്ടിലേക്ക് വീണെങ്കിലും 2014 ല്‍ വീണ്ടും ഒന്നാമനായി.

2015- ദ ബെസ്റ്റ്
2014 ന്‍െറ തുടര്‍ച്ചയായായിരുന്നു ഏറ്റവും മികച്ച 2015 ന്‍െറ പിറവി. എല്ലാ ഗ്രാന്‍ഡ്സ്ളാം ഫൈനലും കളിച്ചു. ആകെ കളിച്ച 15 ഫൈനലുകളില്‍ 11 ലും കിരീടം. മൂന്നെണ്ണത്തിലൊഴികെ തോല്‍പ്പിച്ചതെല്ലാം രണ്ടാം നമ്പറോ മൂന്നാം നമ്പറോ ആയ താരങ്ങളായ ഫെഡററിനെയും ആന്‍ഡി മറെയെയും. അഞ്ചു ഫൈനലുകളിലാണ് ഫെഡററുടെ കിരീടമോഹത്തിന് ദ്യോകോ തടസമായത്. വീഴ്ച പറ്റിയ ഗ്രാന്‍ഡ്സ്ളാം ഫ്രഞ്ച് ഓപണ്‍ മാത്രം. എന്നാല്‍, അവിടെ നദാലിനെ തോല്‍പ്പിച്ച ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമായി. ഫൈനലില്‍ സ്റ്റാനിസ്ളാവ് വാവ്റിങ്ക വഴിമുടക്കി. കഴിഞ്ഞ വര്‍ഷത്തെ റാങ്കിങ് അതേ പടി ഇപ്പോഴും തുടരുന്നു, ഒന്നാമന്‍.

ഈ വര്‍ഷത്തെ തേരോട്ടം കൊണ്ട് ഫെഡററുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടം 22-22 ല്‍ എത്തിക്കാനും നദാലുമായുള്ളത് 23-23 ല്‍ എത്തിക്കാനുമായി. കണക്കുകളുടെ താരതമ്യത്തില്‍, ഓപണ്‍ കാലഘട്ടത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമായേ വരുള്ളു. 2006 ലെ ഫെഡററിന്‍െറ കുതിപ്പിനൊപ്പമത്തൊനായില്ളെങ്കിലും 17 ഗ്രാന്‍ഡ്സ്ളാമുകളുടെ പൊന്‍കിരീടമുള്ള അതേ ഫെഡററിനെ തകര്‍ത്തുകൊണ്ടുള്ള  ദ്യോകോയുടെ തേരോട്ടം, മഹാന്മാരുടെ ശ്രേണിയില്‍ മുന്‍നിരയില്‍ തന്നെ നമ്മുടെ കൈയടിയേറ്റുവാങ്ങാന്‍ താന്‍ അര്‍ഹനാണെന്ന് തെളിയിക്കുന്നതാണ്. 

ദ ബെക്കര്‍ ഇഫക്റ്റ്
പരിക്കുകളുടെയും പിന്മാറ്റങ്ങളുടെയും മുന്‍കാല ‘റെക്കോഡു’കള്‍ക്ക് വിരാമം കുറിച്ചുകൊണ്ടാണ് ഇപ്പോള്‍ ദ്യോകോവിചിന്‍െറ മുന്നേറ്റം. കൂടുതല്‍ ഊര്‍ജസ്വലനായി, പ്രചോദിതനായി കോര്‍ട്ടില്‍ നിറഞ്ഞൊഴുകുന്നു ആ കളി. അതിന്‍െറ ഫലമായി ഏറ്റവും മികച്ച വര്‍ഷത്തിന്‍െറ കൈയടികള്‍ ഏറ്റുവാങ്ങിയ ദ്യോകോക്ക് പിന്നില്‍ ലോക ടെന്നിസിലെ കരുത്തുറ്റൊരു സാന്നിദ്ധ്യമുണ്ട്, മുന്‍ ലോക ഒന്നാം നമ്പറും ആറു ഗ്രാന്‍ഡ്സ്ളാമുകളില്‍ ചാമ്പ്യനുമായ ബോറിസ് ബെക്കര്‍.  2011ലെ ദ്യോകോയുടെ പ്രകടനത്തിനെ ഫെഡറര്‍ക്ക് ശേഷം മികച്ചത് എന്ന് ഘോഷിച്ച ബെക്കറുടെ ശിഷ്യത്വത്തിലാണ് 2013 ഡിസംബര്‍ മുതല്‍ താരം കളിക്കുന്നത്. അതിനു മുമ്പുള്ള രണ്ട് സീസണുകളില്‍ കൈയത്തെും ദൂരത്ത് കിരീടങ്ങള്‍ വഴുതിയത് ടൂര്‍ണമെന്‍റിന്‍െറ അന്ത്യഘട്ടങ്ങളില്‍ മാനസിക മേധാവിത്വം നേടാനാകാതെ പോയതാണെന്ന് ദ്യോകോവിച് വിശ്വസിച്ചിരുന്നു. ബെക്കര്‍ എത്തിയതോടെ ആ വിടവ് നികന്നത് കൊണ്ടാകണം വച്ചടി കയറ്റമായിരുന്നു പിന്നീട്.

സ്പോര്‍ട്സ് ശ്വസിക്കുന്ന കുടുംബം
മാതൃകാപരമായ കുടുംബജീവിതവും സ്പോര്‍ട്സ് നിറഞ്ഞു നില്‍ക്കുന്ന കുടുംബാന്തരീക്ഷവും ദ്യോകോവിച്ചിന്‍െറ നേട്ടങ്ങള്‍ക്ക് പിന്നിലെ വലിയൊരു ചാലകശക്തിയാണ്. സെര്‍ബിയയില്‍ ഫാമിലി സ്പോര്‍ട്സ് എന്ന കമ്പനി നടത്തിയിരുന്ന തന്‍െറ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള ടെന്നിസ് അക്കാദമിയില്‍ വച്ചാണ് ബാലനായിരിക്കെ ദ്യോകോവിച് കോര്‍ട്ട് ജീവിതമാക്കി തെരഞ്ഞെടുത്തത്. പിതാവായ സിര്‍ജനും ഡിയാനയും അത്ലറ്റുകളുമാണ്. പിതാവും അമ്മാവന്‍മാരും അമ്മായിമാരുമെല്ലാം പ്രൊഫഷണല്‍ സ്കീയിങ് താരങ്ങള്‍. സിര്‍ജന്‍ ഫുട്ബാളിലും മികവു തെളിയിച്ചിരുന്നു. എന്നാല്‍, കുഞ്ഞു ദ്യോകോ റാക്കറ്റില്‍ ഭാവി സ്വപ്നം നെയ്തു.

1993ല്‍ കുടുംബത്തിന്‍െറ സ്പോര്‍ട്സ് കോംപ്ളക്സില്‍ വച്ച് ആറു വയസുകാരന്‍ ദ്യോകോയുടെ പ്രതിഭയെ മുന്‍ യുഗോസ്ളാവിയന്‍ ഇതിഹാസ താരം യെലേന ജെന്‍സിച് ആണ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആറു വര്‍ഷം യേലേന ആ പ്രതിഭയെ തേച്ചുമിനുക്കി. മുന്‍ യുഗോസ്ളാവ്യയിലെ യുദ്ധം വിതച്ച ഭീതിനിറഞ്ഞ നാളുകള്‍ കൂടുതല്‍ ലക്ഷ്യബോധത്തെ ടെന്നിസിനെ പുല്‍കാന്‍ തന്നെ പഠിപ്പിക്കുകയായിരുന്നെന്ന് ദ്യോകോ പറഞ്ഞിട്ടുണ്ട്. 13 ാം വയസ്സില്‍ ജര്‍മനിയിലേക്ക് കളി കൂടുതല്‍ പഠിക്കാന്‍ പറന്ന താരം അവിടെ നിന്ന് കൂടുതല്‍ ഉയരങ്ങളിലേക്ക് പറന്നു കയറി. സഹോദരന്മാരായ മാര്‍കോയും ദ്യോര്‍യെയും ജേഷ്ഠന്‍െറ പാത പിന്തുടര്‍ന്ന് ടെന്നിസിലത്തെി.

2005ല്‍ കൗമാരകാലത്ത് ആരംഭിച്ച പ്രണയത്തിലെ മറുപാതിയായ യെലേന റിസ്റ്റിചിനെ 2014 ജൂലൈയില്‍ വിംബ്ള്‍ഡന്‍ കിരീട നേട്ടത്തിന് ദിവസങ്ങള്‍ക്കകമാണ് ഭാര്യയാക്കിയത്. ഒക്ടോബറില്‍ അവരുടെ ലോകം വിശാലമാക്കി മകന്‍ സ്റ്റെഫാനത്തെി. സെര്‍ബിയയിലെ അശരണരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായമത്തെിക്കുന്ന ദ്യോകോവിച് ഫൗണ്ടേഷന്‍െറ മേധാവിയായി കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് യേലേനയാണ്. ജോക്കര്‍(Djoker) എന്നതാണ് ദ്യോകോവിചിന്‍െറ ഇരട്ടപ്പേര്. കോര്‍ട്ടിന് പുറത്ത് സഹതാരങ്ങളെ അനുകരിക്കുന്ന തമാശക്കാരന്‍ ദ്യോകോവിചിനെ ഓര്‍മിപ്പിക്കുന്നതാണ് സര്‍നെയിമും ജോക്കര്‍ എന്ന വാക്കും സമന്വയിപ്പിച്ചുള്ള ആ പേര്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovicrafael nadalfederertennis
Next Story