മോഡിയെ ചോദ്യം ചെയ്യും
Friday, July 30, 2010
കേസില്‍ ഇടക്കാല റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസത്തെ കൂടി സമയത്തിനായി അപേക്ഷിക്കുമെന്നും സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. ജനുവരി അവസാനം കേസ് സി.ബി.ഐക്കു കൈമാറുമ്പോള്‍ ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് പരമോന്നത കോടതി നിര്‍ദേശിച്ചിരുന്നു. സൊഹ്‌റാബുദ്ദീന്‍ കൊല്ലപ്പെട്ടതും അതിന്റെ അന്വേഷണത്തില്‍ ഉണ്ടായ ഇടപെടലുകളും ആഭ്യന്തരവകുപ്പിന്റെ പൂര്‍ണ ചുമതലവഹിച്ചിരുന്ന മോഡിയുടെ അറിവോടെയായിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. 'ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്ന മുഖ്യമന്ത്രി ഈ ഏറ്റുമുട്ടല്‍ കൊല അറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ ചോദ്യംചെയ്‌തേ മതിയാകൂ' എന്നാണ് അന്വേഷണസംഘം, സി.ബി.ഐ ആസ്ഥാനത്ത് നല്‍കിയ രേഖയില്‍ പറയുന്നത്. ഏറ്റുമുട്ടല്‍ കേസിലെ പ്രതികളെ രക്ഷിക്കാന്‍ മോഡി ഇടപെട്ടതായും തെളിവുണ്ട്. ഗുജറാത്ത് വംശഹത്യ അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘം നേരത്തെ മോഡിയെ ചോദ്യം ചെയ്തിരുന്നു. മോഡിയുമായി ബന്ധമുള്ള രണ്ടു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യും. വനിതാ ഐ.പി.എസ് ഓഫിസര്‍ ഗീതാ ജോഹ്‌രി, മുന്‍ ഡി.ജി.പി പി.സി പാണ്ഡെ എന്നിവരോട് ആഗസ്റ്റ് പത്തിന് നേരില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സി.ബി.ഐ ഇന്നലെ നോട്ടീസ് അയച്ചു. അതേസമയം, അറസ്റ്റിലായ മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷായെ ചോദ്യംചെയ്യുന്നത് സബര്‍മതി ജയിലില്‍ തുടരുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരോട് നിസ്സഹകരിച്ച അമിത്ഷാ ഇന്നലെയും ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കിയില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന ഉറപ്പു ലംഘിക്കുന്ന ഷായുടെ നിലപാട് കോടതിയെ സി.ബി.ഐ അറിയിക്കും. ഗീതാ ജോഹ്‌രി, സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥയാണ്. മുമ്പ് രണ്ടുതവണ അവരെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. രാജ്‌കോട്ട് പൊലീസ് കമീഷണറായ ഗീത ഇപ്പോള്‍ ബ്രിട്ടനില്‍ പര്യടനത്തിലാണ്. ആഗസ്റ്റ് ഏഴിന് മടങ്ങിയെത്തുന്ന അവര്‍ സി.ബി.ഐക്കു മുമ്പാകെ പത്തിനുതന്നെ ഹാജരായേക്കും. ഗീതയുടെ നേതൃത്വത്തില്‍ നടന്ന സൊഹ്‌റാബുദ്ദീന്‍ കേസ് അന്വേഷണം രാഷ്ട്രീയ സ്വാധീനം മൂലം വഴിതെറ്റിയതായി സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഗുജറാത്ത് വംശഹത്യ അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന ഗീതയെ പിന്നീട് കോടതി തന്നെ ആ ചുമതലയില്‍നിന്നു മാറ്റുകയും ചെയ്തു. തന്റെ അന്വേഷണത്തിനിടെ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായതായി ഗീതതന്നെ അന്നത്തെ ഡി.ജി.പി പി.സി പാണ്ഡെക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യം സി.ബി.ഐ മുമ്പാകെ തുറന്നുപറയാന്‍ ഗീത തയാറായാല്‍ അത് നിര്‍ണായക തെളിവാകും. അന്വേഷണത്തിലെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാവും ഗീതയും പാണ്ഡെയും മറുപടി പറയേണ്ടി വരിക. ഫാത്തിമ തന്‍വീര്‍ |
പുതിയ വാര്‍ത്തകള്‍ |