Sorry, you need to install flash to see this content.

view counter

ശുദ്ധജലം ഇനി മൗലികാവകാശം -യു.എന്‍

Thursday, July 29, 2010
യുനൈറ്റഡ് നാഷന്‍സ്: ശുദ്ധജലലഭ്യത ഓരോ പൗരന്റെയും അടിസ്ഥാന മനുഷ്യാവകാശമായി യു.എന്‍ ജനറല്‍ അസംബ്ലി പ്രഖ്യാപിച്ചു. കുടിക്കുന്നതിനും ശുചീകരണത്തിനും ജലം ഉപയോഗിക്കാനുള്ള അവകാശം ഓരോ വ്യക്തിയുടേയും അടിസ്ഥാനാവകാശമായി വ്യവസ്ഥ ചെയ്യുന്ന പ്രമേയം ബൊളീവിയയാണ് ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ചത്. 122 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 41 അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

നിലവില്‍ 88.40 കോടി ജനങ്ങള്‍ക്ക് കുടിക്കാനുള്ള ശുദ്ധജലം ലഭ്യമല്ല. 260 കോടിയോളം പേര്‍ക്ക് ശുചീകരണത്തിനുള്ള ജലവും അപ്രാപ്യമാണ്. ജലമലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലം 15 ലക്ഷം കുട്ടികള്‍ പ്രതിവര്‍ഷം മരിച്ചൊടുങ്ങുന്നതായി പ്രമേയം ചൂണ്ടിക്കാട്ടി. ശുദ്ധജലം നിഷേധിക്കപ്പെടുന്ന ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ജലം ലഭ്യമാക്കാന്‍ ഓരോ അംഗങ്ങളും ഫണ്ട് വകയിരുത്തണമെന്ന് പ്രമേയം ആഹ്വാനം ചെയ്തു. ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധയൂന്നാന്‍ സന്നദ്ധ സംഘടനകളോടും പ്രമേയം ആവശ്യപ്പെട്ടു. അതേസമയം, പ്രമേയം ചുമത്തുന്ന കര്‍ത്തവ്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നതായി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

എയ്ഡ്‌സ്, മലമ്പനി, അഞ്ചാംപനി എന്നിവ മൂലം മരിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ ശുദ്ധജലത്തിന്റെ അഭാവം മൂലം മരിക്കുന്നതായി പ്രമേയം അവതരിപ്പിച്ച ബൊളീവിയന്‍ അംബാസഡര്‍ പാബ്ലോ സോളന്‍ ചൂണ്ടിക്കാട്ടി.
Share/Bookmark