Sorry, you need to install flash to see this content.

view counter

സചിന് ഭാരതരത്‌ന നല്‍കണം -ആശാ ഭോസ്‌ലേ

Friday, July 30, 2010
ന്യൂദല്‍ഹി: സചിന്‍ ടെണ്ടുല്‍കര്‍ ബാറ്റുവീശുമ്പോള്‍ അതൊരു കലാകാരന്‍ രാഗമാലപിക്കുന്നതുപോലെയെന്ന് പ്രമുഖ ഗായിക ആശാ ഭോസ്‌ലേ. കളിയിലെ ഈ യഥാര്‍ഥ ഇതിഹാസം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന അര്‍ഹിക്കുന്നുവെന്നും ആശ അഭിപ്രായപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്നലെ സചിന്‍ തന്റെ അഞ്ചാം ഇരട്ടസെഞ്ച്വറി നേടിയതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.

'സചിന് ഭാരതരത്‌ന നല്‍കണം. അവനത് അര്‍ഹിക്കുന്നു. ഏറെനാളായി സചിന്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്താന്‍ ബാറ്റുവീശുന്നു. കേവലം ബാറ്റ്‌സ്മാനല്ല സചിന്‍, കളിയിലെ കലാകാരന്‍തന്നെയാണ്. ഗാരി സോബേഴ്‌സ്, ക്ലൈവ് ലോയ്ഡ്, വിവിയന്‍ റിച്ചാര്‍ഡ്‌സ് തുടങ്ങിയവരുടെയൊക്കെ ബാറ്റിങ് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍, സചിനെപ്പോലെ മറ്റാരുമില്ല. സവിശേഷമായ ശൈലിയാണവന്‍േറത്. അതിനോട് കിടപിടിക്കാന്‍ ആര്‍ക്കും കഴിയില്ല' -ആശാ ഭോസ്‌ലേ പ്രതികരിച്ചു.

ആസ്‌ട്രേലിയന്‍ പേസ്ബൗളര്‍ ബ്രെറ്റ് ലീക്കൊപ്പം ഒരു ആല്‍ബത്തില്‍ പാടിയ ആശ, സചിനൊപ്പം പാടുകയെന്നത് തന്റെ ഏറെക്കാലത്തെ ആഗ്രഹമാണെന്ന് വെളിപ്പെടുത്തി: 'സചിനോടൊപ്പവും എനിക്ക് പാടണം. എന്നെങ്കിലും അത് നടക്കുമോയെന്നെനിക്കറിയില്ല. കാരണം, സചിന്‍ എപ്പോഴും തിരക്കിലായിരിക്കും. ഈ കാത്തിരിപ്പ് അവസാനിക്കുമോ എന്നു നോക്കാം.' 2011ല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന ലോകകപ്പിനുശേഷവും സചിന്‍ കളി തുടരണമെന്ന് ആശ ആവശ്യപ്പെട്ടു. 'എന്തുകൊണ്ട് ലോകകപ്പുവരെ മാത്രം. അവന്‍ ആഗ്രഹിക്കുന്നിടത്തോളം കളിക്കട്ടെ.

ക്രിക്കറ്റിനോട് അടക്കാനാവാത്ത ആവേശമുണ്ടവന്. അതിരില്ലാത്ത ഈ ആഗ്രഹം ഈ 75ാം വയസ്സില്‍ പാട്ട് തുടരാന്‍ എനിക്ക് പ്രചോദനമേകുന്നു. തോല്‍വികളോട് പൊരുതി ജയിക്കാനും ദുര്‍ഘടസന്ധികളെ അതിജയിക്കാനുമുള്ള പ്രചോദനമാണ് എനിക്ക് അവനില്‍നിന്ന് ലഭിക്കുന്നത്. ചിലപ്പോള്‍ അവന്‍ പെട്ടെന്ന് പുറത്താകും. ചിലപ്പോള്‍ വമ്പന്‍ സ്‌കോറുകള്‍ നേടും. വിമര്‍ശങ്ങളെ അവനൊരിക്കലും ഭയക്കുന്നില്ല' -വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ആശ കൂട്ടിച്ചേര്‍ത്തു.
Share/Bookmark