എയ്ഡ്സിനെ തുരത്താന്‍ തേനീച്ച തന്നെ ധാരാളം

കണ്ടറിഞ്ഞ കാലംമുതല്‍ എയ്ഡ്സ് വില്ലനാണ്. ഇന്നുവരെ ഈ മാരകരോഗത്തിന് പ്രതിവിധിയൊന്നും കണ്ടത്തെിയിട്ടില്ല. ഇപ്പോള്‍ ചെറിയൊരു പ്രകാശകിരണവുമായാണ് ഗവേഷകര്‍ എത്തിയിരിക്കുന്നത്. തേനീച്ച വിഷം ഉപയോഗിച്ച് എച്ച്.ഐ.വി വൈറസ്സിനെ നശിപ്പിക്കാമെന്നാണ് ആശ്വാസം പകരുന്ന ആ കണ്ടത്തെല്‍. യു.എസിലെ വാഷിങ്ടണ്‍ യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഈ നേട്ടത്തിന് പിന്നില്‍. തേനീച്ച വിഷത്തിലടങ്ങിയ ‘മെലിറ്റിന്‍’ എന്ന പ്രതിവിഷമാണ് എച്ച്.ഐ.വി വൈറസ്സുകളെ നശിപ്പിക്കുന്നത്. ശരീര കോശങ്ങളേക്കാള്‍ ചെറിയ സൂക്ഷ്മാണുക്കള്‍ക്കൊപ്പം കടത്തിവിടുന്ന മെലിറ്റിന്‍ എച്ച്.ഐ.വി വൈറസ്സുകളുടെ സുരക്ഷയായ പുറംകവചത്തില്‍ ദ്വാരമുണ്ടാക്കുകയും നശിപ്പിക്കുകയുമാണ് ചെയ്യുക. കുടിയ അളവിലാണെങ്കില്‍ മെലിറ്റിന്‍ ദോഷകരമാണ്. എന്നാല്‍ കുറഞ്ഞ അളവിലായതിനാല്‍ തൊട്ടടുത്ത ശരീര കോശങ്ങളെ നശിപ്പിക്കില്ല. ഇത്തരം സൂക്ഷ്മാണുക്കളെ എച്ച്.ഐ.വി പോസിറ്റീവ് ആയ ആളുടെ ശരീരത്തില്‍ കുത്തിവെച്ചാല്‍ രക്തത്തിലുള്ള വൈറസ്സുകളെ നശിപ്പിക്കാന്‍ കഴിയും. ഈ തേനീച്ച വിഷം ്വൈറസ്സിനെ പുറംപാളിയെ ആണ് ആക്രമിക്കുന്നത്. അതിനാല്‍ വൈറസിന് ഇതിനെതിരെ പൊരുതാന്‍ കഴിയില്ല. അതിനാലിത് മറ്റ് എച്ച്.ഐ.വി മരുന്നുകളേക്കാള്‍ ഫലപ്രദമാണെന്നാണ് വാദം. അങ്ങനെ ഒരാളുടെ ശരീരത്തില്‍ കടന്നുകൂടിയ വൈറസ്സുകളെ, എയിഡ്സ് ബാധിക്കുന്നതിനുമുമ്പ് നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് വാഷിങ്ടണ്‍ യൂനിവേഴ്സിറ്റിയിലെ റിസര്‍ച്ച് ഇന്‍സ്ട്രക്ടര്‍ ഡോ.ജോഷ്വ എല്‍. ഹുഡ് അവകാശപ്പെടുന്നു. പാരമ്പര്യമായി പകരുന്ന എയിഡ്സിനെയും ഈ മാര്‍ഗത്തിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. വിശദമായ പഠനത്തിനുശേഷമേ ഈ മരുന്ന് പ്രാബല്യത്തില്‍ വരുത്താനാവൂ. ‘ആന്‍റിവൈറല്‍ തെറാപ്പി’ എന്ന ജേര്‍ണലിലാണ് ഇത് സംബന്ധിച്ച പഠനമുള്ളത്. അര്‍ബുദ പ്രതിരോധ ശേഷിയുള്ള മെലിറ്റിനുള്ള സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് ട്യൂമര്‍ കോശങ്ങളെ നശിപ്പിക്കാനും കഴിയും. ഇത് പുതിയ കണ്ടുപിടിത്തമല്ല. തേനീച്ച വിഷം കാന്‍സര്‍ പ്രതിരോധ ചികിത്സക്ക് ഉപയോഗിക്കാമെന്ന് 2004ല്‍തന്നെ ക്രൊയേഷന്‍ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരുന്നു.

comments powered by Disqus