ഇനി ഇന്‍ഫ്രാറെഡിനെയും കാണാം

കൃത്രിമ ശരീരഭാഗങ്ങള്‍ നിര്‍മിക്കലും ഘടിപ്പിക്കലും മനുഷ്യന് നിരവധി ശേഷികള്‍ നല്‍കിയിട്ടുണ്ട്. അവയവങ്ങള്‍ പ്രവര്‍ത്തിക്കാത്തവര്‍ക്ക് അത് മാറ്റിവെക്കുന്നതും മറ്റും സ്വഭാവികമാണ്. എന്നാല്‍ ഇത് കൊണ്ട് ഇല്ലാത്തശേഷിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കാണാത്തത് കാണാനും കേള്‍ക്കാത്തത് കേള്‍ക്കാനും കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഇത്തരം കഴിവ് യു.എസിലെ ഡ്യൂക്ക് സര്‍വകലാശാലയിലെ പ്രഫസര്‍മാര്‍ എലികള്‍ക്ക് നല്‍കി. ഇതോടെ അവക്ക് ഇന്‍ഫ്രാറെഡ് ലൈറ്റ് തിരിച്ചറിയാനുള്ള ശേഷി ലഭിച്ചു. ചില മൃഗങ്ങള്‍ക്കും മനുഷ്യനുമടക്കം ഇന്‍ഫ്രാറെഡ് എന്ന ചുവപ്പുനിറമുള്ള അദൃശ്യരശ്മി തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഡ്യൂക്ക് സര്‍വകലാശാലയിലെ ന്യൂറോബയോളജിസ്റ്റ് എറിക് ഇ തോംസണ്‍ നടത്തിയ പഠനത്തിലാണ് എലികള്‍ക്ക് ഈ ആറാമിന്ദ്രിയം ലഭിച്ചത്. ഇത്തരം ഒരു ആറാമിന്ദ്രിയം മുനുഷ്യ ശരീരത്തില്‍ പരീക്ഷിക്കാന്‍ കഴിഞ്ഞാല്‍ കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് നേരിട്ടല്ലാതെ പുതിയ രീതിയിലുള്ള കാഴ്ച സാധ്യമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. തലച്ചോറില്‍ ഘടിപ്പിച്ച ഇലക്ട്രോഡുമായി ബന്ധിപ്പിച്ച ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ എലിയുടെ തലയില്‍ പിടിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇവക്ക് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ഇന്‍ഫ്രാറെഡ് പ്രകാശം തിരിച്ചറിയാനാവും. കാണാന്‍ കഴിയാത്ത വസ്തുക്കളെ തിരിച്ചറിയാനും തൊടാനും ഇത്തരം എലികള്‍ക്ക് കഴിയും. യഥാര്‍ത്ഥ പ്രകാശം കാണുന്ന അത്രയും വേഗതയില്‍ തന്നെ ഇന്‍ഫ്രാറെഡ് പ്രകാശത്തേയും തിരിച്ചറിയാന്‍ ഇത് വഴി എലികള്‍ക്ക് കഴിയുമെന്നാണ് പഠനം തെളിയിക്കുന്നത്. സാധാരണ വെളിച്ചം മിന്നുമ്പോള്‍ ഫീഡിങ് പോര്‍ട്ടുകളില്‍ എത്താന്‍ പരിശീലിപ്പിച്ച എലികളില്‍ പിന്നീട് ഇന്‍ഫ്രാറെഡ് സെന്‍സര്‍ ഘടിപ്പിച്ചു. സാധാരണ ലൈറ്റുപോലെ ഫീഡിങ് പോര്‍ട്ടുകളിലെ ഇന്‍ഫ്രാറെഡ് ലൈറ്റുകള്‍ മിന്നിയപ്പോള്‍ കണ്ണുകള്‍ക്ക് കാണാനാവാത്ത എലികള്‍ അവിടേക്ക് പാഞ്ഞത്തെി. ഒരുമാസം കൊണ്ട് 100 ശതമാനം കൃത്യതയോടെ എലികള്‍ക്ക് പ്രകാശ സ്രോതസ്സിനെ തിരിച്ചറിയാന്‍ കഴിഞ്ഞു.

comments powered by Disqus