യു ടൂബിന് പുതിയ എതിരാളി വരുന്നു

വീഡിയോ പങ്കിടല്‍ സൈറ്റായ യു ടൂബിന്‍െറ എതിരാളികള്‍ വര്‍ഷങ്ങളായി വിമിയോ, ഡെയ്ലിമോഷന്‍ എന്നിവയായിരുന്നു. പിന്നീട് ഹുളു, നെറ്റ്ഫ്ളിക്സ് എന്നിവയത്തെി. എന്നാല്‍ ഇവയൊക്കെ പാശ്ചാത്യ രാജ്യങ്ങളില്‍ ജനശ്രദ്ധനേടിയെങ്കിലും ഇന്ത്യയടക്കം രാജ്യങ്ങളിലെ ജനങ്ങളുടെ കണ്ണില്‍പ്പെട്ടില്ല. അതുകൊണ്ട് യു ടൂബിന് ഇവിടങ്ങളില്‍ അത്ര മത്സരം നേരിടേണ്ടിവന്നില്ല.

ഇനി യു ട്യൂബ് മത്സരിക്കേണ്ടി വരിക അതിന്‍െറ ഉപജ്ഞാതാവിനോടാണ്. അമേരിക്കക്കാരനായ ചാര്‍ഡ് ഹര്‍ളിയാണ് ഇപ്പോള്‍ വെല്ലുവിളിയുമായത്തെിയ ആ ഉപജ്ഞാതാവ്. താമസിയാതെ യു ടൂബ് പോലെ ഒരു വീഡിയോ ഷെയറിങ് സൈറ്റ് ആരംഭിക്കുമെന്നാണ് മുന്‍ യു ടൂബ് സി.ഇ.ഒ ആയ അദ്ദേഹം പറയുന്നത്. ഒരുമാസത്തിനകം പുതിയ ഉല്‍പന്നം പുറത്തിറക്കുമെന്ന് ഓണ്‍ലൈന്‍ സൈറ്റായ ‘ആഡ്വീക്ക്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ടത്തില്‍ വീഡിയോ അടിസ്ഥാനമാക്കിയായിരിക്കും. പിന്നീട് ജനങ്ങള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനും കണ്ടന്‍റ് സൃഷ്ടിക്കാനും കഴിയുന്ന സംവിധാനമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യു ടൂബിനേക്കാള്‍ മികച്ച ഒന്നാണോ ലക്ഷ്യമെന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി: ‘യു ടൂബിനെ കൊന്ന് കളയാന്‍ ഉദ്ദേശമില്ല. എപ്പോഴും യു ടൂബിന് ഒരിടം കാണും.’

സ്റ്റീവ് ചെന്‍, ജാവേദ് കരീം എന്നിവരുമൊത്ത് ചാഡ് ഹര്‍ളി 2005ലാണ് യു ടൂബ് എന്ന ഇന്‍റര്‍നെറ്റിലെ വിപ്ളവം ആരംഭിക്കുന്നത്. 2006ല്‍ ഇതിനെ ഗൂഗിള്‍ വാങ്ങുകയായിരുന്നു. 1.65 ബില്യണ്‍ ഡോളറിനായിരുന്നു കച്ചവടം. ഗൂഗിള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് യാഹുവായിരുന്നു യു ടൂബിന്‍െറ രക്ഷിതാക്കള്‍. 2010ലാണ് ചാഡ് ഹര്‍ളി ഗൂഗിളിനോട് വിടപറയുന്നത്. സി.ഇ.ഒ പണി വിട്ടശേഷം കുറച്ചുനാള്‍ യു ടൂബിന്‍െറ ഉപദേശകനായും ജോലി ചെയ്തു. 1977 ജൂലൈ 21നാണ് ചാഡ് ഹര്‍ളിയുടെ ജനനം. യു ടൂബ് തുടങ്ങുന്നതിന് മുമ്പ് ഓണ്‍ലൈന്‍ മാര്‍ക്കറ്റായ ഇബേയുടെ പേപാലിലായിരുന്നു ചാഡിന് ജോലി.

comments powered by Disqus