ഈ മിടുക്കന്‍ പേന അക്ഷരത്തെറ്റ് തിരുത്തും

എഴുതുമ്പോള്‍ അക്ഷരത്തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. അതിന് ആരെ പഴിക്കാന്‍? ഇനി ഈ പഴി കേള്‍ക്കാന്‍ ഒരാള്‍ വരുന്നു. കക്ഷി ഒരു സ്മാര്‍ട്ട്പേന ആണെന്ന് മാത്രം. ജര്‍മന്‍ കമ്പനിയായ ‘ലേണ്‍സ്റ്റിഫ്’ ആണ് അക്ഷരത്തെറ്റ് തിരുത്താന്‍ കഴിയുന്ന സ്മാര്‍ട്ട് പേനകള്‍ അവതരിപ്പിക്കുന്നത്. കമ്പനിയുടെ പേരായ ‘ലേണ്‍സ്റ്റിഫ്’ എന്ന പേരാണ് പേനയ്ക്കും. ഫാള്‍ക് വോള്‍സ്കിയും ഭാര്യ മാന്‍ഡിയുമാണ് തെറ്റുതിരുത്തും പേനയുടെ ഉപജ്ഞാതാക്കള്‍. അക്ഷരം അവ്യക്തമാവുകയോ സ്പെല്ലിങ് തെറ്റുകയോ ഗ്രാമര്‍ തെറ്റുകയോ ചെയ്യുന്നതിന് അനുസരിച്ച് പലരീതികളില്‍ വൈബ്രേറ്റ് ചെയ്യുകയാണ് ഈ മിടുക്കന്‍ പേനയുടെ ജോലി. അങ്ങനെ തെറ്റില്ലാതെ എഴുതാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് പേനയുടെ ജന്മലക്ഷ്യം. നിലവില്‍ പേന ആദ്യമാതൃക എന്ന രൂപത്തിലേ നിര്‍മിതമായിട്ടൂള്ളൂ. അവ്യക്തമായ കൈയക്ഷരത്തിനനുസരിച്ച് വൈബ്രേറ്റ് ചെയ്യുന്ന പേന അക്ഷരത്തെറ്റ് സംഭവിച്ചാല്‍ ആ വാക്ക് ചുവപ്പ്, പച്ച എന്നീ നിറങ്ങളിലാക്കി കാട്ടിത്തരും. കാലിഗ്രഫി, ഓര്‍ത്തോഗ്രാഫിക് എന്നിങ്ങനെ ഈ പേനയ്ക്ക് രണ്ട് മോഡുകളുണ്ട്. കാലിഗ്രഫി മോഡില്‍ പേന സെറ്റ് ചെയ്ത് എഴുതുമ്പോള്‍ അക്ഷരംതെറ്റിയാല്‍ മുന്നറിയിപ്പായി പേന ഒരു തവണ വൈബ്രേറ്റ് ചെയ്യും. ഇനി ഓര്‍ത്തോഗ്രാഫിക് മോഡില്‍ അക്ഷരത്തെറ്റുണ്ടാകുമ്പോള്‍ ഒരു തവണയും ഗ്രാമറാണ് തെറ്റുന്നതെങ്കില്‍ രണ്ട് തവണയും വൈബ്രേറ്റ് ചെയ്യും. പേപ്പറില്‍ എഴുതിയാലേ തിരുത്തൂ എന്ന വാശി പേനയ്ക്കില്ല. വായുവില്‍ എഴുതുന്നതു പോലെ ഇതുകൊണ്ട് വരച്ചാലും തെറ്റായ വാക്കാണ് എഴുതിയതെങ്കില്‍ പേന വൈബ്രേറ്റ് ചെയ്യും. സാധാരണ മോഡല്‍, സങ്കീര്‍ണ മോഡല്‍ എന്നിങ്ങനെ രണ്ട് തരം പേനകളാണ് കമ്പനി പുറത്തിറക്കുക. അക്ഷരത്തെറ്റും ഗ്രാമറും തിരുത്താന്‍ കഴിയുന്നവയാണ് സ്റ്റാന്‍േറര്‍ഡ് മോഡല്‍. എന്നാല്‍ നമ്മള്‍ മോശമായ മാനസികാവസ്ഥയില്‍ വളരെ ബലത്തില്‍ പേന പിടിച്ച് എഴുതുകയാണെങ്കില്‍, ബലത്തോടെ എഴുതുന്നതിലും നല്ലത് സമാധാനത്തോടെ എഴുതുന്നതാണെന്ന് ഉപദേശിക്കാന്‍ കഴിവുള്ള തരം പേനകളായിരിക്കും കോംപ്ളക്സ് മോഡല്‍. സ്റ്റാന്‍േറര്‍ഡ് മോഡല്‍ ഈ വര്‍ഷം ആഗസ്റ്റില്‍ വിപണിയിലത്തെുമെങ്കിലും കോംപ്ളക്സ് മോഡല്‍ 2014 ല്‍ മാത്രമേ പുറത്തിറങ്ങൂ. തെര്‍മോ പ്ളാസ്റ്റിക്കോ അലൂമിനിയമോ ഉപയോഗിച്ചാണ് നിര്‍മാണം. ലിനക്സ് ആണ് സോഫ്റ്റ്വെയര്‍. 69 ഡോളര്‍ മുതല്‍ 109 ഡോളര്‍ വരെ വില വരുന്ന സ്മാര്‍ട്ട് ഫോണ്‍ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ സ്മാര്‍ട്ട് പേന നിര്‍മിക്കുന്നത്.

comments powered by Disqus