മൊബൈലില്‍ പൊടിയോ? തുടയ്ക്കാന്‍ റോബോട്ട് റെഡി!

മൊബൈലുകളുടെയും ടാബ്ലറ്റിന്‍െറയും സ്ക്രീനില്‍ നോക്കിയാല്‍ ചിലപ്പോള്‍ സങ്കടം വരാറില്ളേ. പൊന്നുപോലെ നോക്കുന്ന ഫോണിന്‍െറ സ്ക്രീന്‍ വിരലടയാളവും പൊടിയും പറ്റി ആകെ വൃത്തികേടായിരിക്കുന്നത് കണ്ടാല്‍ ആര്‍ക്കായാലും വിഷമംതോന്നും. അത് വൃത്തിയാക്കാന്‍ തുണികൊണ്ട് തുടയ്ക്കാമെന്ന് വെച്ചാലോ എത്ര തുടച്ചാലും ഇവ മുഴുവനും പോകില്ല. ഇനി മുതല്‍ ആ ജോലി റോബോട്ടുകള്‍ ചെയ്യും. ജപ്പാനിലെ കളിപ്പാട്ട നിര്‍മാതാക്കളായ ടകാര ടോമി അവതരിപ്പിച്ച പുതിയ റോബോട്ടാണ് ടാബ്ലെറ്റും ലാപ്ടോപ്പും ഒക്കെ തുടയ്ക്കാന്‍ പോകുന്നത്. 17 ഡോളര്‍ (935 രൂപ) ആണ് ഈ കുഞ്ഞന്‍ റോബോട്ടിന്‍െറ വില. ‘ഓട്ടോ മീ എസ്’ എന്നാണ് വിളിപ്പേര്. ഏഴ് സെ.മീ ആണ് വ്യാസം. കാഴ്ചയില്‍ ഈ ഇത്തിരിക്കുഞ്ഞന്‍ ഐ റോബോട്ട് പുറത്തിറക്കിയ വാക്വം ക്ളീനര്‍ റോബോട്ടായ റൂംബയെപ്പോലെ തോന്നും. ഫോണിന്‍െറയോ, ടാബ്ലെറ്റിന്‍െറയോ സ്ക്രീനില്‍ തെന്നി നീങ്ങിയാണ് ഇവന്‍ വിരലടയാളവും പൊടിയും തുടച്ചുമാറ്റുക. ഫോണ്‍ നാല് മിനിട്ടിനകവും ടാബ്ലറ്റ് എട്ട് മിനിട്ടിനകവും വൃത്തിയാക്കും. എന്നാല്‍ നമ്മള്‍ കൈ കൊണ്ട് ചെയ്താല്‍ സെക്കന്‍ഡുകള്‍ക്കകം തീരും. ഫലത്തില്‍ നമുക്ക് സമയലാഭമില്ല. സാധാരണ ക്ളോക്കിലൊക്കെ ഇടുന്ന ഒരു ബാറ്ററിയില്‍ (AA സൈസ്) പ്രവര്‍ത്തിക്കുന്ന ഈ റോബോട്ടിന് ഏകദേശം മൂന്ന് മണിക്കൂര്‍ വരെ ചാര്‍ജ് ലഭിക്കും. 0.5 ഇഞ്ച് ശതമാനം വരെ നിങ്ങളുടെ ഉപകരണത്തിന്‍െറ അരികുകള്‍ വൃത്തിയാക്കാനും ഈ റോബോട്ടിന് കഴിയും. സെന്‍സര്‍ ഉള്ളതിനാല്‍ അരികില്‍നിന്ന് താഴെ വീണുപോകുമെന്ന പേടിവേണ്ട. ജപ്പാനില്‍ 2013 മാര്‍ച്ചില്‍ ഇവനെ വാങ്ങാന്‍ കിട്ടും.

comments powered by Disqus