തമിഴ്നാട്ടുകാരന്‍ ആന്‍ഡ്രോയിഡ് മേധാവി

75 കോടി ആന്‍ഡ്രോയിഡ് ഉപയോക്താക്കളുള്ള ഗൂഗിളിന്‍െറ മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്‍െറ ചുമതലക്കാരനായി ഇന്ത്യന്‍ എന്‍ജിനീയറായ സുന്ദര്‍ പിച്ചയെ നിയമിച്ചു. ഏറ്റവും വലിയ മൊബൈല്‍ പ്ളാറ്റ്ഫോമായി ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ആന്‍ഡ്രോയിഡിനെ മാറ്റിയ ആന്‍ഡി റൂബിന്‍ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് ഈ നിയമനം. ഇപ്പോള്‍ എക്സിക്യുട്ടിവ് ഇന്‍ ചാര്‍ജ് ആണ് റൂബിന്‍. ഏഴുവര്‍ഷ സേവനത്തിന് ശേഷമാണ് റൂബിന്‍ പടിയിറങ്ങുന്നത്. ‘ക്രോം ആന്‍ഡ് ആപ്സ്’ പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുകയാണ് 40കാരനായ സുന്ദര്‍ പിച്ചയ്.

നിലവിലുള്ള ചുമതലയ്ക്ക് പുറമേ, ആന്‍ഡ്രോയിഡിന്‍െറ നേതൃത്വം കൂടി സുന്ദര്‍ പിച്ചായ് വഹിക്കുമെന്ന് ഗൂഗിള്‍ സി.ഇ.ഒ. ലാറി പേജ് അറിയിച്ചു. 2004 ലാണ് സുന്ദര്‍ ഗൂഗിളില്‍ ചേര്‍ന്നത്. ഗൂഗിള്‍ ക്രോം, ഗൂഗിള്‍ ക്രോം ഒ.എസ് എന്നിവ മാത്രമല്ല, ഗൂഗിള്‍ ഡ്രൈവിന് പിന്നിലും സുന്ദര്‍ പിച്ചയുടെ നേതൃ പാടവമായിരുന്നു. ജിമെയില്‍, ഗൂഗിള്‍ മാപ്സ് തുടങ്ങിയ ആപ്ളിക്കേഷനുകള്‍ വികസിപ്പിക്കാനും നേതൃത്വം നല്‍കി.

മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനിയറിങ് പഠിച്ച സുന്ദര്‍ 1993 ല്‍ ഖരഗ്പൂര്‍ ഐ.ഐ.ടി.യില്‍ നിന്നാണ് ബിരുദം നേടിയത്. പിന്നീട് സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് എന്‍ജിനിയറിങ് ആന്‍ഡ് മെറ്റീരിയല്‍സ് സയന്‍സിലും വാര്‍ട്ടന്‍ സ്കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിലും പി.ജി നേടി.

comments powered by Disqus