വാഗ്ദാനം പറപറന്നു, ‘ആകാശ്’ തളര്‍ന്നുവീഴുന്നു

ന്യൂദല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് ആകാശത്തോളം പ്രതീക്ഷ നല്‍കിയ ആകാശ് ടാബ്ലെറ്റ് പദ്ധതിക്ക് ചിറകൊടിയുന്നു. ഏറ്റവും വിലകുറഞ്ഞ എന്നാല്‍, ഗുണനിലവാരമുള്ള ടാബ്ലെറ്റ് കമ്പ്യൂട്ടറെന്ന അവകാശവാദവുമായാണ് ആകാശ് ടാബ്ലെറ്റ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ സബ്സിഡി കഴിച്ച് 1130 രൂപക്ക് ധാരാളം സൗകര്യങ്ങളുള്ള ടാബ്ലെറ്റ് എന്നായിരുന്നു വാഗ്ദാനം. പ്രഖ്യാപനം കഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിടുമ്പോഴും ടാബ്ലെറ്റ് കിട്ടാക്കനിയാണ്. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം ടാബ്ലെറ്റുകള്‍ ലഭ്യമാക്കാനായിരുന്നു തീരുമാനം. അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം ടാബ്ലെറ്റുകള്‍ നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഏതാനും വിദേശ ഇന്ത്യക്കാരുടെ നേതൃത്വത്തിലുള്ള ഡാറ്റാവിന്‍റ് എന്ന കമ്പനിയാണ് ആകാശ് ടാബ്ലെറ്റ് നിര്‍മിക്കുന്നത്. മറ്റു കമ്പനികളെ പിന്തള്ളി വന്‍ ഓര്‍ഡര്‍ സ്വന്തമാക്കുകയും സര്‍ക്കാര്‍ പിന്തുണയോടെ ഐക്യരാഷ്ട്രസഭയിലടക്കം പ്രകാശന ചടങ്ങ് സംഘടിപ്പിച്ച് പ്രശസ്തി നേടുകയും ചെയ്ത കമ്പനി പക്ഷേ, വാഗ്ദാനം ചെയ്തപോലെ ടാബ്ലെറ്റുകള്‍ നിര്‍മിച്ചു നല്‍കിയില്ല. 20,000 ടാബ്ലെറ്റുകള്‍ മാത്രമാണ് ഇതിനകം വിതരണം ചെയ്തത്. ബുക് ചെയ്ത് കാത്തിരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം ലക്ഷങ്ങളാണ്. അതേസമയം, ഇതേ ടാബ്ലെറ്റ് കൂടിയ വിലക്ക് പൊതുവിപണിയില്‍ കമ്പനി യഥേഷ്ടം ലഭ്യമാക്കുന്നുമുണ്ട്. ഇതോടെ പദ്ധതി പുന$പരിശോധിക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

ബോംബൈ ഐ.ഐ.ടിക്കാണ് പദ്ധതിയുടെ മേല്‍നോട്ടം. 2011ല്‍ ആദ്യം പുറത്തിറക്കിയ ആകാശ്-ഒന്ന് വ്യാപക പരാതിയെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. തകരാറുകള്‍ പരിഹരിച്ച് ആകാശ്-രണ്ട് പുറത്തിറക്കാന്‍ കമ്പനി ഒരു വര്‍ഷമെടുത്തു. ഇതേക്കുറിച്ചും പരാതി ഉയര്‍ന്നതോടെ ഗുണമേന്മ പരിശോധിക്കാന്‍ വിദഗ്ധരെ ചുമതലപ്പെടുത്തി.

ഉടന്‍ പുറത്തുവരാനിരിക്കുന്ന റിപ്പോര്‍ട്ട് കമ്പനിക്ക് പ്രതികൂലമാണെന്നാണ് സൂചന. ഇതോടെ ഡാറ്റാവിന്‍റുമായി ചേര്‍ന്നുള്ള ആകാശ് ടാബ്ലെറ്റ് പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുമെന്ന് ഏറക്കുറെ ഉറപ്പായി. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മാനവശേഷി വികസന മന്ത്രി പല്ലം രാജു പറഞ്ഞു.

comments powered by Disqus