വീഡിയോ വിപ്ളവുമായി നൂറുകോടി പ്രഭയില്‍ യു ടൂബ്

വീടുകളിലും കഫേകളിലും വീഡിയോ വിപ്ളവം വിതറിയ യു ടൂബിന് നൂറുകോടി ആരാധകര്‍. പ്രതിമാസം യു ടൂബ് ഉപയോഗിക്കുന്നവരുടെ എണ്ണം നൂറുകോടി കവിഞ്ഞതായി ഒൗദ്യോഗിക ബ്ളോഗില്‍ യു ടൂബ് അറിയിച്ചു. ഫെയ്സ്ബുക്കുപോലെ കമ്പ്യൂട്ടറുകളേക്കാള്‍ കൂടുതല്‍ ഫോണുകളിലാണ് ആള്‍ക്കാര്‍ ഇപ്പോള്‍ യു ടൂബ് കാണുന്നത്. സംശയംവേണ്ട സ്മാര്‍ട്ട്ഫോണുകളുടെ വരവാണ് യു ടൂബ് പ്രേക്ഷകരുടെ എണ്ണം കൂട്ടിയത്.

ഫെയ്സ്ബുക്ക് പിറന്നതിന്‍െറ പിറ്റേക്കൊല്ലം ഫെബ്രുവരി 2005 ല്‍ ആണ് യു ടൂബ് വെബ്ലോകത്ത് ജനിച്ചുവീഴുന്നത്. മുന്‍ പേപാല്‍ ജീവനക്കാരായ ചാഡ് ഹര്‍ളി, സ്റ്റീവ് ചെന്‍, ജാവേദ് കരീം എന്നിവര്‍ ചേര്‍ന്നാണ് യു ടൂബ് ആരംഭിച്ചത്. "YouTube.com" എന്ന ഡൊമെയ്ന്‍ നെയിം സജീവമായത് 2005 ഫെബ്രുവരി 14നാണ്. കാലിഫോര്‍ണിയയിലെ ജാപ്പനീസ് റസ്റ്ററന്‍റിന്് മുകളിലെ ചെറിയ ഓഫിസായിരുന്നു തുടക്കത്തില്‍ യു ടൂബിന്. 2005 ഏപ്രില്‍ 23ന് യു ടൂബ് സഹസ്ഥാപകന്‍ ജാവേദ് കരീം പോസ്റ്റ് ചെയ്ത 'Me and the Zoo' എന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്യപ്പട്ട ആദ്യ വീഡിയോ. ഇത് ഇപ്പോഴും അവിടെ കാണാന്‍ കഴിയും.

2006 ഓടെ 67 ജീവനക്കാരുള്ള സ്ഥാപനമായി. ലോകമെമ്പാടും പ്രതിദിനം 100 ദശലക്ഷം കാണികളും ഉണ്ടായി. മാസം 20 ദശലക്ഷം കാഴ്ചക്കാരുണ്ടായി. ഏകദേശം 9500 കോടി രൂപ നല്‍കി 2006 ല്‍ ആണ് യു ടൂബിനെ ഗൂഗിള്‍ ഏറ്റെടുത്തത്. 2012 ല്‍ വീഡിയോ പരസ്യങ്ങളില്‍നിന്ന് യു ടൂബിനുണ്ടായ വരുമാനം ഏകദേശം 7000 കോടി രൂപ വരും. നെറ്റ് ഉപയോഗിക്കുന്ന രണ്ടിലൊരാള്‍ യു ടൂബിലും കയറുന്നതായി കമ്പനി അവകാശപ്പെടുന്നു.ലോകത്ത് ആദ്യമായി 100 കോടിയിലേറെ പേര്‍ കണ്ട വീഡിയോ ദക്ഷിണ കൊറിയന്‍ ഗായകനായ പി.എസ്.വൈയുടെ ‘ഗന്നം സ്റ്റൈല്‍’ ആണ്. ഇപ്പോഴിതിന്‍െറ കാഴ്ചക്കാര്‍ 150 കോടി കടന്നു. സോഷ്യല്‍നെറ്റ്വര്‍ക്കായ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 100 കോടി കവിഞ്ഞിരുന്നു.

comments powered by Disqus