എട്ടിന്‍റ പകിട്ടുമായി ഡെല്ലിന്‍റ ടാബ്

വിന്‍ഡോസ് എട്ട് ഓപറേറ്റിങ് സിസ്റ്റമുള്ള ‘ലാറ്റിറ്റ്യൂഡ് 10’ എന്ന കപ്പാസിറ്റീവ് ടച്ച്സ്ക്രീന്‍ ടാബ്ലറ്റുമായി അമേരിക്കന്‍ കമ്പനിയായ ഡെല്‍ രംഗത്ത്. ഏറ്റവും പുതിയ 1.8 ജിഗാഹെര്‍ട്സ് രണ്ട് കോര്‍ ഇന്‍റല്‍ ആറ്റം Z2760 പ്രോസസര്‍, രണ്ട് ജി.ബി. റാം എന്നിവയുണ്ട്.എല്ലാ ലാറ്റിറ്റ്യൂഡുകളും പോലെ ഇതും ബിസിനസുകാരെയാണ് ലക്ഷ്യമിടുന്നത്.

കറുപ്പ് നിറത്തില്‍ മാത്രമാണ് ലഭിക്കുക. 499 ഡോളര്‍ (27445 രൂപ )മുതലാണ് വില. ഇന്ത്യയില്‍ ഏകദേശം 36,000 രൂപയാകും. ഓഫിസ് ജോലിയും ഇന്‍റര്‍നെറ്റില്‍ പരതലുമൊക്കെ മടുപ്പില്ലാതെ നടത്താന്‍ ഈ പ്രോസസര്‍ സഹായിക്കും. പേഴ്സണല്‍ കമ്പ്യൂട്ടര്‍ വേര്‍ഷനായ വിന്‍ഡോസ് എട്ടിന്‍െറ ഉപയോഗം പൂര്‍ണമായി സമ്മാനിക്കാനും ഈ ടാബ്ലറ്റിന് കഴിവുണ്ട്. 16 സെക്കന്‍ഡില്‍ ബൂട്ട് ചെയ്യും. സ്ക്രീന്‍ പല ആംഗിളുകളില്‍ മങ്ങാത്ത മികച്ച കാഴ്ച പ്രദാനം ചെയ്യുന്നു. കീബോര്‍ഡ്, മൗസ്, മോണിറ്റര്‍ എന്നിവ ഉപയോഗിക്കാന്‍ ഓപ്ഷനല്‍ ഡോക്കിങ് സ്റ്റേഷന്‍ സൗകര്യം നല്‍കുന്നു.

10.1 ഇഞ്ച് എല്‍.ഇ.ഡി. ബാക്ക്ലിറ്റ് ഐ.പി.എസ് ഡിസ്പ്ളേയാണ്. റെസലൂഷന്‍ 1366 X 768 പിക്സലാണ്. അഞ്ച് പോയന്‍റ് മള്‍ട്ടിടച്ച് സ്ക്രീനില്‍ ഇഴയാതെയും വലിയാതെയും ഹൈ ഡെഫനിഷന്‍ വീഡിയോ സുഗമമായി കാണാം. പോറല്‍ വീഴാത്ത കോര്‍ണിങ് ഗോറില്ല ഗ്ളാസുണ്ട്. മുന്നില്‍ വീഡിയോ ചാറ്റിങ്ങിന് രണ്ട് മെഗാപിക്സലും പിന്നില്‍ എല്‍.ഇ.ഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സലും കാമറകളുണ്ട്. 650 ഗ്രാം ആണ് ഭാരം. 64 ജി.ബി. ഫ്ളാഷ് മെമ്മറിയുണ്ട്. മാറ്റാവുന്ന 30 വാട്ട് അവര്‍ ലിത്തിയം ബാറ്ററിയാണ്. 1500 രൂപ കൂടി മുടക്കിയാല്‍ നാല് സെല്‍ ബാറ്ററി വാങ്ങി കൂടുതല്‍ നേരം ഉപയോഗിക്കാം. ഡോക്കിങ് സ്റ്റേഷനും വിരലടയാള റീഡറിനും മറ്റും പണം വേറെ നല്‍കണം.

എച്ച്.ഡി.എം.ഐ വീഡിയോ ഒൗട്ട്, ഫുള്‍ സൈസ് യു.എസ്.ബി പോര്‍ട്ട്, എസ്.ഡി കാര്‍ഡ് സ്ളോട്ട്, ചാര്‍ജിങ്ങിന് മൈക്രോ യു.എസ്.ബി, വയര്‍ലസ് കണക്ടിവിറ്റിക്കായി വൈ ഫൈ, ബ്ളൂടൂത്ത് 4.0 എന്നിവയുണ്ട്. ഒപ്പം കീബോര്‍ഡ് നല്‍കുന്നില്ല.

comments powered by Disqus