നിന്നനില്‍പില്‍ വട്ടംതിരിയും തിങ്ക്പാഡ് ട്വിസ്റ്റ്

ലാപ്ടോപ്പെന്നോ ടാബ്ലറ്റെന്നോ ഇതിനെ വിളിക്കാന്‍ കഴിയില്ല. കണ്ടാല്‍ ലാപ്ടോപ്പായും ഉപയോഗിച്ചാല്‍ ടാബ്ലറ്റായും ഞൊടിയിടയില്‍ വേഷംമാറും. സ്ക്രീന്‍ ഭാഗം180 ഡിഗ്രി വട്ടംതിരിക്കാവുന്ന ടാബ്ലറ്റ്, ലാപ്ടോപ്പ് സങ്കരയിനമാണ് ചൈനീസ് കമ്പനിയായ ലിനോവോ പുറത്തിറക്കിയ ‘തിങ്ക്പാഡ് ട്വിസ്റ്റ്’ എന്ന കുഴപ്പിക്കുന്ന പേരുകാരന്‍. ഡിസ്പ്ളേ കറക്കികൊണ്ടുവന്ന് കീബോര്‍ഡിനോട് ചേര്‍ത്തുവെച്ചാല്‍ ടാബ്ലറ്റിന്‍െറ തനിനിറം കാട്ടും. എല്ലാ നികുതികളുമടക്കം 71,000 രൂപയാണ് വില.

ടാബ്ലറ്റിലും ഡെസ്ക്ടോപ്പിലും ഒരുപോലെ ഉപയോഗിക്കാവുന്ന വിന്‍ഡോസ് എട്ടാണ് ഓപറേറ്റിങ് സിസ്റ്റം. മള്‍ട്ടിടച്ച് ശേഷിയുള്ള 12.5 ഇഞ്ച് ഫുള്‍ ഹൈ ഡെഫനിഷന്‍ ഐപിഎസ് ഡിസ്പ്ളേയാണ്. ഇതിന് സംരക്ഷണമേകാന്‍ പോറലേല്‍ക്കാത്ത ഗൊറില്ല ഗ്ളാസുണ്ട്. മൂന്നാംതലമുറ ഇന്‍റല്‍ കോര്‍ i3 3217U (1.80 ജിഗാഹെര്‍ട്സ് -1600 മെഗാഹെര്‍ട്സ് -3 എം.ബി) അല്ളെങ്കില്‍ i5 3317U (1.70 ജിഗാഹെര്‍ട്സ് - 1600 മെഗാഹെര്‍ട്സ്- 3 എം.ബി) പ്രോസസറുകള്‍ തെരഞ്ഞെടുക്കാം. 500 ജി.ബിയാണ് ഹാര്‍ഡ് ഡിസ്ക് ഡ്രൈവ്. നാല് ജി.ബി റാമുണ്ട്.

മോച്ച ബ്ളാക്ക്് എന്ന നിറത്തിലാണ് ലഭിക്കുക. 20 മി.മീ കനവും 1.60 കി.ഗ്രാം ഭാരവുമുണ്ട്. ഡോള്‍ബി ഹോം തിയറ്റര്‍ വി4, പൂര്‍ണവലിപ്പത്തിലുള്ള കീബോര്‍ഡ്, സാദാ ലാപ്ടോപ്പിലെ പോലെ കീബോര്‍ഡില്‍ ട്രാക്ക് പോയന്‍റ്, ടച്ച്പാഡ് എന്നിവയുണ്ട്. ലിനോവോയുടെ തന്നെ ഐഡിയപാഡ് യോഗ 13, സോണി വയോ ഡ്യുവോ 11 എന്നിവയാണ് ഇവന്‍െറ എതിരാളികള്‍.

comments powered by Disqus