ആന്‍ഡി 5 ക്യുവുമായി ഒരുകൈ നോക്കാന്‍ ഐ ബാള്‍

കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണ നിര്‍മാണത്തിലായിരുന്നു മുംബൈ ആസ്ഥാനമായ ‘ഐ ബാള്‍’ ആദ്യം ശ്രദ്ധിച്ചിരുന്നത്. 2001സെപ്റ്റംബറില്‍ സ്ഥാപിതമായ ഇവരുടെ തുടക്കം മൗസ് നിര്‍മിച്ചായിരുന്നു. കീബോര്‍ഡും കമ്പ്യൂട്ടര്‍ കാബിനറ്റും സ്പീക്കറും വെബ് ക്യാമറകളുമൊക്കെയായിരുന്നു പിന്നത്തെ വിഹാരമേഖല.

സ്മാര്‍ട്ട്ഫോണിന്‍െറയും ടാബ്ലറ്റിന്‍െറയും കാലമായപ്പോള്‍ മറ്റ് ഇന്ത്യന്‍ കമ്പനികളായ ലാവ, കാര്‍ബണ്‍, മൈക്രോമാക്സ് എന്നിവയെപ്പോലെ അവരും ഒഴുക്കിനൊത്ത് നീന്താനിറങ്ങി. അങ്ങനെ 2010ല്‍ ഫോണ്‍ വിപണിയിലിറങ്ങി. 2011ല്‍ ഐ ബാള്‍ സൈ്ളഡിലൂടെ ടാബ്ലറ്റ് രംഗത്തും കൈവെച്ചു. ഐ ബാള്‍ ആന്‍ഡി പരമ്പരയില്‍പെട്ട ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളാണ് കമ്പനിയുടെ ഇപ്പോഴത്തെ ചൂടപ്പം. നേരത്തെ ആന്‍ഡി 5 സി ഇറക്കിയ കമ്പനി ഇപ്പോള്‍ ആന്‍ഡി 5 ക്യുവുമായി പൂര്‍വാധികം ശക്തിയോടെ രംഗത്തുണ്ട്. ഇപ്പോള്‍ കരീന കപൂറിനെ കൂട്ടുപിടിച്ച് വിപണിയില്‍ അടവുകള്‍ പതിനെട്ടും പയറ്റുകയാണ് കമ്പനി. പക്ഷേ ഐ ബാള്‍ എന്ന പേരിനുള്ള പരിമിതി മറകടക്കാന്‍ അവര്‍ക്കാവുന്നില്ല. അതുപോലെ വില്‍പനയില്‍ മുന്നിലത്തൊനും.

  • വിശേഷങ്ങള്‍

ഈ ഇരട്ട സിമ്മിടാവുന്ന സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യക്കാരനെന്ന നിലയില്‍ മികച്ചതാണെങ്കിലും അമിത പ്രതീക്ഷക്ക് വകനല്‍കുന്നില്ല. 4.1 ജെല്ലിബീന്‍ എന്ന ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റമാണ് ഐ ബാള്‍ ആന്‍ഡി 5 ക്യുവിന്‍െറ പ്രധാന പ്രത്യേകത. 512 എം.ബി റാമേയുള്ളൂ എന്നതാണ് പോരായ്മ.

4.5 ഇഞ്ച് ക്യുഎച്ച്ഡി സ്ക്രീന്‍ 960 x 540 പിക്സല്‍ റസല്യൂഷന്‍ നല്‍കും. പകല്‍ വെളിച്ചത്തില്‍ പുറത്തായാലും മങ്ങാതിരിക്കുമെന്ന് സാരം. ഒരിഞ്ചിലുള്ളത് 245 പിക്സലാണ്. എല്‍ഇഡി ഫ്ളാഷുള്ള ഓട്ടോഫോക്കസ് എട്ട് മെഗാപിക്സല്‍ ക്യാമറ പിന്നിലും സാദാ ക്യാമറ മുന്നിലുമുണ്ട്. നാല് ജി.ബി മെമ്മറിയാകട്ടെ കാര്‍ഡിട്ട് 32 ജി.ബി വരെയാക്കാം. രണ്ട് കോര്‍ കോര്‍ട്ടക്സ് എ9 പ്രോസസര്‍, ബ്ളൂടൂത്ത്, വൈ ഫൈ, ജി.പി.എസ്, ത്രീജി, മൈക്രോ യു.എസ്.ബി സ്ളോട്ട്, ആറുമണിക്കൂര്‍ സംസാരസമയം നല്‍കുന്ന 2050 എം.എ.എച്ച് ബാറ്ററി തുടങ്ങിയവയുമുണ്ട്. കാലാവസ്ഥ, ഗതാഗത വിവരങ്ങള്‍, കായികം, ഓഹരി തുടങ്ങിയവ അറിയാനുള്ള ഗൂഗിള്‍ നൗ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. 11,490 രൂപയാണ് വില.

കാര്‍ബണ്‍ എസ് വണ്‍ ടൈറ്റാനിയം, മൈക്രോമാക്സ് കാന്‍വാസ് എച്ച്.ഡി എന്നിവയാണ് ഇതിന്‍െറ എതിരാളികള്‍. ക്യുഎച്ച്ഡി ഡിസ്പ്ളേയും ഇരട്ടകോര്‍ ഒരു ജിഗാഹെര്‍ട്സ് പ്രോസസറും ഒരു ജി.ബി റാമും നാല് ജി.ബി ഇന്‍േറണല്‍ സ്റ്റോറേജുമായി കഴിഞ്ഞവര്‍ഷമിറങ്ങിയ ആന്‍ഡി 5എച്ചിന്‍െറ നവീകരിച്ച പതിപ്പാണിത്.

ഇതിന് മുമ്പ് 2012 ഒക്ടോബറില്‍ ഇരട്ട ബാറ്ററിയുള്ള 9, 499 രൂപയുടെ ആന്‍ഡി 4.3 ജെ, 2012 ആഗസ്റ്റില്‍ 12,999 രൂപയുടെ അഞ്ച് ഇഞ്ച് ഫാബ്ലറ്റായ ആന്‍ഡി 5 സി എന്നിവ പുറത്തിറക്കിയിരുന്നു. ആന്‍ഡി 5 സിയുടെ അഞ്ച് മെഗാപിക്സല്‍ ക്യാമറയും ഒരു ദിവസം നില്‍ക്കുന്ന 2300 എം.എ.എച്ച് ബാറ്ററിയും മികച്ചതായിരുന്നെങ്കിലും ആന്‍ഡ്രോയിഡ് 4.0 ഐസ്ക്രീം സാന്‍വിച്ച് ഒ.എസും അഞ്ച് ഇഞ്ച് ഐപിഎസ് സ്ക്രീനും മടുപ്പിക്കുന്നതായിരുന്നു.

comments powered by Disqus