ആശ തീര്‍ക്കാന്‍ വരുന്നു ഗ്യാലക്സി എസ് 4 മിനി, നോട്ട് ത്രീ

ഗ്യാലക്സി എസ് 4 എന്താണെന്ന് അറിഞ്ഞുതുടങ്ങിയിട്ട് കേവലം പത്തുദിവസം കഴിഞ്ഞതേയുള്ളൂ. കണ്ണുകൊണ്ട് നിയന്ത്രിക്കാവുന്ന സവിശേഷതകളും അതിവേഗതയും ഇനിയും പലര്‍ക്കും അന്യമാണ്. ഫോണിങ്ങ് കൈയിലത്തെി കഴിഞ്ഞിട്ടുകൂടിയില്ല.

അങ്ങനെയിരിക്കെ കൊറിയന്‍ കമ്പനിയായ സാംസങ് വീണ്ടും വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇത്തവണ പക്ഷേ അത്ര ഞെട്ടേണ്ടെന്ന് മാത്രം. എസ് ഫോറിന്‍െറ കുഞ്ഞന്‍ രൂപത്തെ അവതരിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കഴിഞ്ഞവര്‍ഷവും അവര്‍ ഈ കുസൃതികാട്ടി. 2012 മേയില്‍ എസ്ത്രീ പുറത്തിറക്കി തുടര്‍ന്ന് 2012 നവംബറില്‍ എസ്ത്രീ മിനിയും വിപണിലിറക്കി ആളുകളെ ആശങ്കയിലാക്കി. ഇപ്പോഴും ഈ തന്ത്രമാണ് പറയറ്റുന്നത്. 40,000 രൂപക്ക് മുകളില്‍ പോകുന്ന അഞ്ച് ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേയുള്ള എസ്4 വാങ്ങാന്‍ ത്രാണിയില്ലാത്തവരെയാണ് എസ്4 മിനിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഏത് കൊച്ചുകുഞ്ഞിനും അറിയാം. പക്ഷേ വില അറിയാറായിട്ടില്ല. എന്തിന് എന്ന് പുറത്തിറങ്ങുമെന്ന് പോലും നിശ്ചയമില്ല. ഈ ജൂണിലോ ജൂലൈയിലോ എസ്4 മിനി പുറത്തിറങ്ങുമെന്നാണ് ടെക്ലോകത്തെ സംസാരം. സാംമൊബൈല്‍ എന്ന സൈറ്റ് എസ്4 മിനിയുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ സാംസങ് ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

നാല് വേര്‍ഷനുകളില്‍ എസ്4 മിനിയെ പ്രതീക്ഷിക്കാമെന്നാണ് ചില വെബ്സൈറ്റുകള്‍ പ്രവചിക്കുന്നത്. ഇരട്ടസിമ്മിടാവുന്ന വേര്‍ഷനും കൂടെയുണ്ടാകുമത്രെ. 960X540 പിക്സലുള്ള ക്യുഎച്ച്ഡി റസല്യൂഷനുള്ള 4.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേയായിരിക്കും പ്രത്യേകത. ഒരു ഇഞ്ചില്‍ 256 പിക്സലുണ്ടാവും. എസ് ഫോറിന് 1080 x 1920 പിക്സല്‍ ഫുള്‍ എച്ച്.ഡി റസല്യൂഷനാണ്. ഒരുഇഞ്ചില്‍ 441 പിക്സലുണ്ട്. 1.6 ജിഗാഹെര്‍ട്സ് രണ്ട് കോര്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം എന്നിവയാണ് കുഞ്ഞന്‍െറ മറ്റ് അഭ്യൂഹ സവിശേഷതകള്‍. എസ് ഫോറിന് നാല് കോര്‍ 1.6 ജിഗാഹെര്‍ട്സ് പ്രോസസറായിരുന്നു. എന്നാല്‍ എസ്ത്രീ മിനിക്ക് നാല് ഇഞ്ച് WVGA 480 x 800 പിക്സല്‍ റസല്യൂഷനായിരുന്നു. ഒരു ജി.ബി റാം, അഞ്ച് എം.പി ക്യാമറ, വി.ജി.എ സെക്കന്‍ഡറി ക്യാമറ, ഒരു ജിഗാഹെര്‍ട്സ് രണ്ട് കോര്‍ പ്രോസസര്‍, 1500 എം.എ.എച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീന്‍ എന്നിവയായിരുന്നു വിശേഷങ്ങള്‍.

  • ഗ്യാലക്സി നോട്ട് ത്രീ

ഒരു വിശേഷം കൂടിയുണ്ട്. 5.9 ഇഞ്ച് സ്ക്രീനുമായി ഫാബ്ലറ്റായ ഗ്യാലക്സി നോട്ട് രണ്ടിന്‍െറ പിന്മുറക്കാരന്‍ വരുന്നു. പേര് നോട്ട് ത്രീ എന്നായിരിക്കും. അമേരിക്കയില്‍ നോട്ട് ത്രീ പുറത്തിറക്കുമെന്നാണ് കൊറിയ ടൈംസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഏറ്റവും പുതിയ ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ് (ഒഎല്‍ഇഡി) സാങ്കേതികവിദ്യയായിരിക്കും മൂന്നാമനില്‍ ഉപയോഗിക്കുക. ഫുള്‍ ഹൈ ഡെഫനിഷനായിരിക്കും റസലൂഷന്‍. ഈവര്‍ഷം ആഗസ്റ്റില്‍ പുറത്തിറക്കുമെന്നാണ് ടെക്ലോകം ആണയിടുന്നത്.

സൂപ്പര്‍ അമോലെഡ് 720 x 1280 പിക്സല്‍ എച്ച്.ഡി റസലൂഷനുള്ള 5.5 ഇഞ്ച് സ്ക്രീനായിരുന്നു ഗ്യാലക്സി നോട്ട് രണ്ടിന്. അതായത് ഒരു ഇഞ്ചില്‍ 267 പിക്സല്‍. 2012 ആഗസ്റ്റിലായിരുന്നു നോട്ട് രണ്ട് അവതരിപ്പിച്ചത്. സെപ്റ്റംബറിലാണ് വിപണിയിലിറങ്ങിയത്. ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീന്‍, എട്ട് മെഗാപിക്സല്‍ ക്യാമറ, നാല് കോര്‍ 1.6 ജിഗാഹെര്‍ട്സ് പ്രോസസര്‍ തുടങ്ങിയവയായിരുന്നു സവിശേഷതകള്‍.

comments powered by Disqus