അരലക്ഷം ആപ്പുകളുമായി ‘വിന്‍ഡോസ് സ്റ്റോര്‍’
  • മൈക്രോസോഫ്റ്റിന്‍റ വിന്‍ഡോസ് എട്ട് ഓപറേറ്റിങ് സിസ്റ്റത്തിന്‍റ ആപ്ളിക്കേഷന്‍ ചന്തയായ ‘വിന്‍ഡോസ് സ്റ്റോറില്‍’ ഉല്‍പന്നങ്ങളുടെ എണ്ണം അരലക്ഷം കടന്നു. ആപുകളുടെ എണ്ണം പരിശോധിക്കുന്ന വെബ്സൈറ്റായ മെട്രോസ്റ്റോര്‍ സ്കാനര്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. 2012 ഫെബ്രുവരി 29നാണ് സ്റ്റോര്‍ ആരംഭിച്ചത്. സൗജന്യവും പണം നല്‍കി സ്വീകരിക്കാവുന്നതുമായ ആപ്ളിക്കേഷനുകളാണ് ഇതിലുള്ളത്. വില 1.5 ഡോളര്‍ മുതല്‍ 1000 ഡോളര്‍ വരെ വരും.
  • നിലവില്‍ 50, 304 ആപ്ളിക്കേഷനുകളാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 46,784 എണ്ണം സൗജന്യമാണ്. 3,520 എണ്ണത്തിന് കാശുകൊടുക്കണം. 2012 നവംബറില്‍ സൗജന്യ ആപുകളുടെ എണ്ണം 20,610 ആയിരുന്നു. 87 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം പ്രതിദിനം 400 ആപുകള്‍ സ്റ്റോറിലേക്ക് ചേര്‍ക്കുന്നുണ്ടായിരുന്നു. വര്‍ഷാവസാനത്തോടെ എണ്ണം 30,000 കടന്നു. എന്നാല്‍ ഈവര്‍ഷം ഫെബ്രുവരിയില്‍ പ്രതിദിനം സമര്‍പ്പിക്കുന്ന ആപുകളുടെ എണ്ണം 150ലേക്ക് താഴ്ന്നു. അതിനാല്‍ 50, 000 എന്ന ലക്ഷ്യം കടക്കാന്‍ നേരത്തെ കഴിഞ്ഞില്ല. എണ്ണം കൂട്ടാന്‍ ആപ് ഡവലപ്പര്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ ‘കീപ് ദ കാഷ്’ പദ്ധതി ആരംഭിച്ചിട്ടുണ്ട്. അതായത്് ആപുകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഒന്നിന് 100 ഡോളറാണ് ലഭിക്കുക. ഈ മാര്‍ച്ച് എട്ട്മുതല്‍ ജൂണ്‍ 30 വരെയാണ് ഇതിന്‍െറ കാലാവധി.
  • വിന്‍ഡോസ് സ്റ്റോര്‍ വിന്‍ഡോസ് എട്ടിലും വിന്‍ഡോസ് ആര്‍.ടിയിലും പ്രവര്‍ത്തിക്കുന്ന ലാപ്ടോപ്, ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ക്കു വേണ്ടിയുള്ള ആപ്ളിക്കേഷന്‍, ഗെയിം വിപണിയാണ്. വിന്‍ഡോസ് ഫോണുകള്‍ക്കായി വിന്‍ഡോസ് ഫോണ്‍ സ്റ്റോര്‍ വേറെയുണ്ട്. അതേസമയം, ആപ്പിളിന്‍െറ മാക് ആപ് സ്റ്റോറില്‍ ഇപ്പോള്‍ 14,065 ആപ്ളിക്കേഷനുകളാണുള്ളത്. ആരംഭിച്ച 2011 ജനുവരിയില്‍ ഇതില്‍ 1000 ആപുകളാണുണ്ടായിരുന്നത്. 2012 നവംബറിലേതിനേക്കാള്‍ വെറും 1500 ആപുകളാണ് ഇപ്പോള്‍ കൂടുതലുള്ളത്. ഇത് വിന്‍ഡോസ് ഒ.എസില്‍ ആളുകള്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്‍റ സൂചനയാണെന്നാണ് ടെക്ലോകം പറയുന്നത്.
comments powered by Disqus