ഐ.വി.എഫ് ചികിത്സ 15,000 രൂപക്ക്

ലണ്ടന്‍: വന്ധ്യതാ ചികിത്സയില്‍ ഭീമമായ ചെലവു വരുന്ന ഐ.വി.എഫ് ( ടെസ്റ്റ്യൂബ് ശിശു ചികില്‍സ) വെറും 15000 രൂപ ചെലവില്‍ ചെയ്യാമെന്ന് വിദഗ്ധര്‍.
ഇന്ത്യയില്‍ രണ്ട് ലക്ഷം രൂപ ചെലവ് വരുന്ന ഐ.വി.എഫ് രീതിക്ക് ബ്രിട്ടനില്‍ 5000 പൗണ്ട് ( നാലര ലക്ഷം രൂപ) ചെലവ് വരുന്നുണ്ട്. ഇത് കേവലം 170 പൗണ്ടിന് ചെയ്യാമെന്നാണ് ബെല്‍ജിയത്തിലെ ഒരു പറ്റം വന്ധ്യതാ ഡോക്ടര്‍മാര്‍ പറയുന്നത്.

പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും ലബോറട്ടറിയില്‍ യോജിപ്പിച്ച് ചുരുങ്ങിയ ദിവസം ടെസ്റ്റ്യൂബില്‍ വളര്‍ത്തിയശേഷം ഭ്രൂണം അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ നിക്ഷേപിക്കുന്നതാണ് ടെസ്റ്റ്യൂബ് ശിശു ചികിത്സ. ഉയര്‍ന്ന വിതാനത്തിലുള്ള കാര്‍ബണ്‍ ഡയോക്സൈഡിന്‍െറ ഇന്‍കുബേറ്ററിലാണ് തുടക്കത്തില്‍ ഭ്രൂണം വളരുന്നത്.

ഇതാണ് ഈ ചികിത്സയിലെ പ്രധാന ചെലവുകളിലൊന്ന്. ഇതിനുപകരം ചുരുങ്ങിയ ചെലവില്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഉല്‍പാദിപ്പിക്കാമെന്നാണ് ഡോക്ടര്‍മാര്‍ തെളിയിച്ചിട്ടുള്ളത്.
ഇത്തരത്തില്‍ 12 കുട്ടികള്‍ക്ക് ജന്മം നല്‍കിയതായും മനുഷ്യന്‍െറ പ്രത്യുല്‍പാദനവും ഭ്രൂണ ചികിത്സയും ചര്‍ച്ച ചെയ്ത യൂറോപ്യന്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പ്രഫ. വില്യം ഓംബലീറ്റ് പറയുന്നു.

comments powered by Disqus