അങ്ങകലെ ഗ്ളാസ് മഴ പെയ്യുന്ന നീലനിറമുള്ള ഗ്രഹം

മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന സൗരയൂഥത്തിന് പുറത്തുള്ള വിദൂരമായ ഗ്രഹത്തിന്‍െറ നിറം തിരിച്ചറിയുന്നതില്‍ ആദ്യമായി ഗവേഷകര്‍ വിജയിച്ചു. കടും നീലനിറമുള്ള ഗ്രഹം. അതും ഗ്ളാസ് മഴ (സിലിക്കേറ്റ് ദ്രാവകം)പെയ്യുന്നത്. ഹബിള്‍ ടെലിസ്കോപ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തില്‍ ഭൂമിയില്‍നിന്ന് 63 പ്രകാശവര്‍ഷം അകലെയാണ് HD 189733b എന്ന് പേരുള്ള ഈ ഗ്രഹത്തെ ഗവേഷകര്‍ കണ്ടത്തെിയത്.

ഗ്രഹാന്തരീക്ഷത്തിലെ സിലിക്കേറ്റ് മഴയുടെ ഫലമായാണ് കടുംനീലനിറം. പകല്‍ ആയിരം ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവുള്ള അന്തരീക്ഷത്തില്‍ മണിക്കൂറില്‍ 7000 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും വീശുന്നതായി നാസയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും അറിയിച്ചു. 2005ലാണ് ഈ ഗ്രഹത്തെ കണ്ടത്തെിയതെങ്കിലും നിറം തിരിച്ചറിയുന്നത് ഇപ്പോഴാണ്. 2007ല്‍ ഇതിലെ ഇന്‍ഫ്രാറെഡ് പ്രകാശത്തെ (അതായത് ചൂട്) നാസയുടെ സ്പിറ്റ്സര്‍ സ്പേസ് ടെലിസ്കോപ് അളന്നു. മാതൃനക്ഷത്രത്തിന് അഭിമുഖമായിരിക്കുന ഭാഗം ഇന്‍ഫ്രാറെഡിനാല്‍ പ്രകാശമാനവും എതിര്‍ഭാഗം ഇരുണ്ടതുമായിരിക്കും. അതിനാല്‍ ഇരുഭാഗത്തും ഊഷ്മാവ് വ്യത്യസ്തമായിരിക്കും.

അതുകൊണ്ട് പ്രകാശമാനമായ ചൂടുള്ള ഭാഗത്തുനിന്ന് ഇരുണ്ട തണുത്ത ഭാഗത്തേക്ക് വന്‍ കാറ്റടിക്കുന്നു. മാതൃനക്ഷത്രത്തില്‍നിന്ന് 2.9 ദശലക്ഷം മൈല്‍ അകലെയാണ് ഈ ഗ്രഹം സ്ഥിതിചെയ്യുന്നത്.

ഭൂമിക്ക് ഏറ്റവും സമീപത്തുള്ള അന്യഗ്രഹങ്ങളില്‍ ഒന്നാണിത്. മാതൃനക്ഷത്രത്തിന് മുന്നിലൂടെ ഗ്രഹം കടന്നു പോകുന്നത് ഭൂമിയില്‍നിന്ന് ടെലിസ്കോപുകളിലൂടെ കാണാന്‍ കഴിയും. അങ്ങനെയാണ് നിറം പ്രത്യക്ഷപ്പെട്ടത്. ഹബിളിലെ സ്പേസ് ടെലിസ്കോപ് ഇമേജിങ് സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ചാണ് നിറം വേര്‍തിരിച്ചെടുത്തത്.

ബഹിരാകാശത്തുനിന്ന് നോക്കിയാല്‍ ഭൂമി നീലനിറത്തിലാണ് കാണപ്പെടുക. ഇത് ഭൂമിയില്‍ എമ്പാടുമുള്ള കടലുകള്‍ ചുവപ്പ്, പച്ച നിറങ്ങള്‍ ആഗിരണം ചെയ്ത് നീലനിറം പ്രതിഫലിപ്പിക്കുന്നതിനാലാണ്. എന്നാല്‍ ഇവിടെ പ്രകാശത്തെ ചിതറിത്തെറിപ്പിക്കുന്ന സിലിക്കേറ്റ് മഴയാണ് നീല നിറത്തിന് കാരണമാകുന്നത്്. നിറം കണ്ടത്തൊന്‍ എത്രമാത്രം പ്രകാശം ഗ്രഹത്തിന്‍െറ പ്രതലം പ്രതിഫലിപ്പിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പരിശോധിച്ചത്്്. വിശദാംശങ്ങള്‍ ആഗസ്റ്റ് ഒന്ന് ലക്കം അസ്ട്രോഫിസിക്കല്‍ ജേര്‍ണല്‍ ലെറ്റേഴ്സിലുണ്ടാവും

photo courtesy: nasa

comments powered by Disqus