ഒടിച്ചുമടക്കാവുന്ന ബാറ്ററിയുമായി ശാസ്ത്രജ്ഞര്‍

യാഥാര്‍ഥ വലുപ്പത്തിന്‍െറ 300 ശതമാനത്തോളം വലിച്ചു നീട്ടാവുന്നതും ഒടിച്ചുമടക്കാവുന്നതുമായ ലിഥിയം-അയണ്‍ ബാറ്ററി ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. അമേരിക്കയിലെ നോര്‍ത് ഈസ്റ്റേണ്‍ സര്‍വകലാശാലയിലെ യോങ്ഗാങ് ഹുവാങ്ങും ഇല്ലിനോയ്സ് സര്‍വകലാശാലയിലെ ജോണ്‍ എ. റോജര്‍സുമാണ് ഏതു തരത്തിലും രൂപം മാറ്റാവുന്ന ബാറ്ററി വികസിപ്പിച്ചത്.

മടക്കിയാലും വലിച്ചുനീട്ടിയാലും പിണച്ചുകെട്ടിയാലും പ്രവര്‍ത്തിക്കുമെന്നതാണ് ഇതിന്‍െറ പ്രത്യേകത. എപ്രകാരവും വിസ്തൃതമാക്കാവുന്ന നൂതന ഇലക്ട്രോണിക് ഉപകരണം നിര്‍മിക്കാനുള്ള ശ്രമങ്ങളാണ് ബാറ്ററിയുടെ കണ്ടുപിടിത്തത്തിലേക്ക് ഇവരെ എത്തിച്ചത്. വയറിന്‍െറ സഹായമില്ലാതെ ചാര്‍ജാവുന്ന ബാറ്ററി ഇലക്ട്രോണിക് ഉപകരണം പ്രവര്‍ത്തിക്കാന്‍ സഹായകമാകും. ഈ ഉപകരണം മനുഷ്യന്‍െറ ആന്തരികാവയവങ്ങള്‍ ഉള്‍പ്പെടെ എവിടെയും ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. തലച്ചോറില്‍ നിന്നുള്ള സന്ദശേങ്ങള്‍ മുതല്‍ ഹൃദയത്തിന്‍െറ പ്രവര്‍ത്തനം വരെ ഇവക്ക് നിരീക്ഷിക്കാനാവും. സാധാരണ കാഠിന്യം കൂടിയതും പരന്നതുമായ ബാറ്ററികള്‍ ഇത്തരം സാഹചര്യങ്ങളില്‍ പരാജയപ്പെടുകയാണ് പതിവ്.

ബാറ്ററി ഘടകങ്ങള്‍ വളച്ചുകൂട്ടിയ വയറുകള്‍കൊണ്ട് ബന്ധിപ്പിച്ച് വലിച്ചുനീട്ടാവുന്ന പോളിമറില്‍ ഇണക്കിയിരിക്കുകയാണ്. പോളിമര്‍ വലിച്ചു നീട്ടുമ്പോള്‍ വയറുകള്‍ നിവരും. അതിനാല്‍ ബാറ്ററി ഘടകങ്ങള്‍ തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെടുകയോ പ്രവര്‍ത്തനം നിലയ്ക്കുകയോ ചെയ്യുന്നില്ല. ബാറ്ററി ഉപയോഗിച്ച് ഒരു എല്‍.ഇ.ഡി കത്തിച്ച സമയത്തുതന്നെ ഗവേഷകര്‍ ബാറ്ററി വലിച്ചുനീട്ടിയിട്ടും ലൈറ്റ് കത്തി.

comments powered by Disqus