മൂത്രം പരിശോധിക്കാന്‍ ഒരു ആപ്ളിക്കേഷന്‍

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് മൂത്രം പരിശോധിച്ച് രോഗമറിയാം. ഇന്ത്യക്കാരനായ യുവഗവേഷകന്‍ മിഷ്കിന്‍ ഇംഗവേല്‍ ഇതിനുള്ള‘ 'യുചെക്ക്’ എന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്ളിക്കേഷന്‍ വികസിപ്പിച്ചു.

ലോസ് ആഞ്ചലസിലെ ടെക്നോളജി, എജൂക്കേഷന്‍ ആന്‍റ് ഡിസൈന്‍ (ടെഡ് 2013) വേദിയില്‍ ഇംഗവേല്‍ തന്‍െറ കണ്ടത്തെല്‍ അവതരിപ്പിച്ചു.
മൂത്രത്തില്‍ ടെസ്റ്റ് സ്ട്രിപ്പ് മുക്കി സ്മാര്‍ട്ട്ഫോണ്‍ ക്യാമറ ഉപയോഗിച്ച് സ്ട്രിപ്പിന്‍െറ ഫോട്ടോയെടുക്കണം. യുചെക്ക് ട്രിപ്പിലെ നിറങ്ങള്‍ പരിശോധിച്ച് ഫലങ്ങള്‍ മുന്നിലത്തെിക്കും. പ്രമേഹം, മൂത്രനാളിയിലെ അണുബാധ തുടങ്ങി 25 രോഗങ്ങള്‍ ഇതുവഴി അറിയാം. സ്വന്തമായ കുറഞ്ഞ ചെലവില്‍ മൂത്രം പരിശോധിക്കാന്‍ പുതിയ ‘ ആപ്’ സഹായിക്കും.
മുംബൈയിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ യുചെക്കിന്‍െറ പരീക്ഷണം നടക്കുകയാണെന്ന് ഇംഗവേല്‍ അറിയിച്ചു. 1200 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ കൃത്യമായ ഫലങ്ങളാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഐഫോണിനുള്ള യുചെക്ക് ആപ് ആപ്പിള്‍ സ്റ്റോറിന്‍െറ അനുമതി കാക്കുകയാണ്. മാര്‍ച്ച് അവസാനത്തോടെ ഇത് ഡൗണ്‍ലോഡ് ചെയ്യാമെന്നാണ് പ്രതീക്ഷ. പരിശോധനക്കാവശ്യമായ കളര്‍-കോഡഡ് മാപ്പും ടെസ്റ്റ് സ്ട്രിപ്പുമടങ്ങിയ ഒരു പാക്കറ്റ് 20 ഡോളറിന് (എകദേശം 1000 രൂപ) നല്‍കും. സ്മാര്‍ട്ട്ഫോണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഏകദേശം 50 രൂപ ചെലവ് വരും.

മുംബൈയിലെ ബയോസെന്‍സ് ടെക്നോളജീസ് സഹസ്ഥാപകനാണ് 29കാരനായ ഇംഗവേല്‍.ശരീരത്തില്‍നിന്ന് രക്തം കുത്തിയെടുക്കാതെ രക്തം പരിശോധിക്കാവുന്ന സംവിധാനമായ ‘ടച്ച് എച്ച്ബി’ കഴിഞ്ഞവര്‍ഷം ഇംഗവേല്‍ അവതരിപ്പിച്ചിരുന്നു. രക്തത്തിലെ ഹീമോഗ്ളോബിന്‍ നില മനസിലാക്കാനാണിത് ഉപയോഗിച്ചിരുന്നത്. എല്‍.ഇ.ഡി.കളുടെയും ഫോട്ടോഡയോഡുകളുടെയും സഹായത്തോടെയാണ് ഇതില്‍ രക്തം പരിശോധിക്കുന്നത്.

comments powered by Disqus