കുഞ്ഞന്‍ വയര്‍ലസ് ചാര്‍ജറുമായി എല്‍ജി

വയറുകളില്ലാത്ത ലോകമാണ് ഇവരുടെ ലക്ഷ്യമെന്ന് തോന്നുന്നു. വയറുകള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന കാലത്തെ അവര്‍ അടര്‍ത്തിമാറ്റി വയറുകളില്ലാത്ത ഭൂമി ഒരുക്കാന്‍ വെമ്പല്‍ കൊള്ളുകയാണെന്ന് തോന്നും ചില കണ്ടുപിടിത്തങ്ങള്‍ കണ്ടാല്‍. അത്തരമൊരു ഉപകരണവുമായാണ് എല്‍ജിയുടെ വരവ്.

വയര്‍ലസ് ചാര്‍ജര്‍ ഇന്നിപ്പോള്‍ അത്ര പുതുമയൊന്നുമല്ല. നോക്കിയ ലൂമിയ സീരീസ് ഫോണുകള്‍ എത്രയോ മുമ്പെ അവ വിപണിയിലത്തെച്ച് മിടുക്കുകാട്ടി.
പക്ഷേ ഇവിടെ ‘ലോകത്തെ ഏറ്റവും ചെറിയ വയര്‍ലസ് ചാര്‍ജര്‍’ എന്ന വിശേഷണവുമായാണ് കൊറിയന്‍ കമ്പനിയായ എല്‍ജി എത്തുന്നത്. 6.9 സെന്‍റീമീറ്റര്‍ വ്യാസമുള്ള WCP-300 എന്ന പേരുള്ള ചാര്‍ജര്‍ കൈയില്‍ ഒതുങ്ങിയിരിക്കും. ചാര്‍ജിങ് ഭാഗത്തിന് 1.7 മടങ്ങ് വിസ്താരം കൂടുതലുണ്ട് പുതിയ മോഡലില്‍. എന്നാല്‍ ഇതിന് അത്ര വലുപ്പക്കുറവൊന്നുമില്ല. മറ്റ് വയര്‍ലസ് ചാര്‍ജറുകളേക്കാള്‍ അല്‍പം ചെറുതാണെന്നേയുള്ളൂ.

ഫെബ്രുവരി അവസാനം ബാഴ്സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഈ ചാര്‍ജര്‍ എല്‍ജി അവതരിപ്പിച്ചത്. മൈക്രോ യു.എസ്.ബി കേബിളാണ് ചാര്‍ജറിലേക്ക് വൈദ്യുതിയത്തെിക്കുന്നത്. ഇത് കുത്താന്‍ യു.എസ്.ബി പോര്‍ട്ടുമുണ്ട്. ചാര്‍ജറില്‍.

‘വൈദ്യുതകാന്തിക ഇന്‍ഡക്ഷന്‍’ സാങ്കേതികവിദ്യയാണ് വയര്‍ലസ് ചാര്‍ജറുകള്‍ ഉപയോഗിക്കുന്നത്. ഇന്‍ഡക്ഷന്‍ കുക്കറുകളിലെപ്പോലെ വൈദ്യുതകാന്തിക ഇന്‍ഡക്ഷനിലൂടെ കാന്തികമണ്ഡലം സൃഷ്ടിക്കുമ്പോള്‍ വൈദ്യുതപ്രവാഹമുണ്ടാകുന്നു. ഈ പ്രതലത്തില്‍ ഫോണുകള്‍ വെച്ചാല്‍ ബാറ്ററി ചാര്‍ജാവുകയും ചെയ്യുന്നു.

Qi ( ചീ എന്ന് വിളിക്കും ) ഇന്‍ഡക്ടീവ് വൈദ്യുതി നിലവാരത്തിലുള്ള എല്ലാ സ്മാര്‍ട്ട്ഫോണുകളും ഇതുപയോഗിച്ച് ചാര്‍ജുചെയ്യാനാവും.
എല്‍.ജി.സ്പെക്ട്രം 2, എല്‍ജി നിര്‍മിച്ച ഗൂഗിളിന്‍െറ നെക്സസ് 4 , ഒപ്റ്റിമസ് ജി പ്രോ, ഒപ്റ്റിമസ് വു 2, ഒപ്റ്റിമസ് എല്‍ടിഇ 2 തുടങ്ങിയ സ്മാര്‍ട്ട്ഫോണുകള്‍ വയര്‍ലസ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കും. ദക്ഷിണ കൊറിയയില്‍ 60 ഡോളര്‍ (ഏകദേശം 3,300 രൂപ) ആണ് വയര്‍ലസ് ചാര്‍ജറിന്‍െറ വില.

comments powered by Disqus