പുഞ്ചക്കൊയ്ത്ത് അതിവേഗത്തിൽ
text_fieldsകോട്ടയം: ജില്ലയിൽ പുഞ്ചക്കൊയ്ത്ത് ആരവം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 44 പാടശേഖരങ്ങളിലാണ് കൊയ്ത്ത് ആരംഭിച്ചത്. കല്ലറ, ആർപ്പൂക്കര, നീണ്ടൂർ പഞ്ചായത്തുകളിലെ പാടങ്ങളിലാണ് കൊയ്ത്ത് തുടങ്ങിയത്. ഇതിൽ 15 പാടങ്ങളിലേത് പൂർത്തിയായി.
മറ്റിടങ്ങളിൽ കൊയ്ത്തിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണ്. അയ്മനം, വെച്ചൂർ, തലയാഴം പഞ്ചായത്തുകളിലാണ് ഇനി ആരംഭിക്കാനുള്ളത്. മാർച്ച് അഞ്ചോടെ മുഴുവൻ പാടശേഖരങ്ങളിലും വിളവെടുപ്പ് ആരംഭിക്കുമെന്ന് സപ്ലൈകോ പാഡി മാർക്കറ്റിങ് വിഭാഗം പറയുന്നു. ജില്ലയിലെ 44 കൃഷിഭവനുകൾക്ക് കീഴിലായി 460 പാടശേഖരങ്ങളിലാണ് നെൽകൃഷിയുള്ളത്.
എന്നാൽ, വേനൽമഴ എത്തുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്. മാർച്ച് പകുതിയോടെ മഴ പെയ്യുമെന്ന പ്രവചനമാണ് കർഷകർക്കിടയിൽ അങ്കലാപ്പ് സൃഷ്ടിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ മികച്ച വിളവ് ലഭിച്ചത് ഇവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. വേനൽമഴ ശക്തമായാൽ പ്രതീക്ഷകൾ തകിടംമറിയുമെന്ന് കർഷകർ പറയുന്നു.
ഇത്തവണ വിത്ത് വിതക്കുന്ന സമയത്ത് മഴ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. പലരും രണ്ടുതവണ വിത നടത്തിയാണു നെൽച്ചെടികൾ വളർത്തിയെടുത്തത്. തുടക്കത്തിൽ ഇത് കൃഷിയെ ദോഷകരമായി ബാധിച്ചെങ്കിലും വിളവിനെ ബാധിച്ചില്ലെന്നാണ് കർഷകരുടെ വിലയിരുത്തൽ.
കൃഷിയുടെ ചെലവ് ഏറിയതിനാൽ ഏക്കറിന് 20 ക്വിന്റൽ നെല്ലെങ്കിലും കിട്ടിയാലേ പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂവെന്നും ഇവർ പറയുന്നു. നിലവിൽ കൊയ്ത്തു കഴിഞ്ഞ സ്ഥലങ്ങളിൽ ഇതിനടത്തായിരുന്നു വിളവ്. എപ്രിൽ അവസാനത്തോടെയാകും പുഞ്ചക്കൊയ്ത്ത് അവസാനിക്കുക.
നെല്ല് സംഭരണവും പുരോഗമിക്കുകയാണ്. നിലവിൽ 44 മില്ലുകളാണ് സംഭരണത്തിന് രംഗത്തുള്ളത്.
15 പാടശേഖരങ്ങളിലെ സംഭരണം പൂർത്തിയായി. ഈ സീസണിൽ ജില്ലയിൽനിന്ന് 48,000 ടൺ നെല്ലാണ് പ്രതീക്ഷിക്കുന്നതെന്നു പാഡി മാർക്കറ്റിങ് ഓഫിസർ ആർ. പ്രസന്നകുമാർ പറഞ്ഞു. ഇതുവരെ നെല്ല് സംഭരണത്തിന് 10,215 കർഷകരാണ് സപ്ലൈകോയിൽ രജിസ്റ്റർ ചെയ്തത്. 22,615 ഏക്കറിലെ നെല്ലാകും ഇവരിൽനിന്ന് സപ്ലൈകോ ശേഖരിക്കുക.
എസ്.ബി.ഐ, കനറാ ബാങ്ക് എന്നിവ ചേർന്നുള്ള കൺസോർട്യം വഴി കർഷകർക്ക് വായ്പയായാണ് നെല്ലിന്റെ പണം നൽകുന്നതെന്നും സപ്ലൈകോ ഉദ്യോഗസ്ഥർ പറഞ്ഞു. നെല്ല് സംഭരണത്തിന് സപ്ലൈകോക്ക് ധനവകുപ്പ് 203 കോടികൂടി അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.