വിഷജലം തുറന്നുവിട്ടു; യുവാക്കളുടെ ലക്ഷങ്ങളുടെ കരിമീൻ ചത്തുപൊങ്ങി
text_fieldsപള്ളുരുത്തി: കണ്ണമാലി ചെറിയകടവ് സ്വദേശികളായ അഞ്ചു ചെറുപ്പക്കാർ ചേർന്ന് നടത്തിയ കൂട് മത്സ്യ കൃഷിയിടത്തിലേക്ക് വിഷജലം ഒഴുകിയെത്തിയതോടെ ലക്ഷങ്ങൾ വിലമതിക്കുന്ന കരിമീൻ ചത്തുപൊങ്ങി.
കല്ലഞ്ചേരി കായലിനോട് ചേർന്ന് ചെറിയ കടവിന് സമീപമാണ് കണ്ണമാലി സ്വദേശികളായ ജെൻസൻ, മിഥുൻ, ജോൺസൺ, ഷിഗിൻ, വിബിൻ എന്നിവരുടെ കൂട്ടായ്മയിൽ സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി കൂട് മത്സ്യകൃഷി പദ്ധതി ആവിഷ്കരിച്ചത്.
അഞ്ചുമാസം മുമ്പ് കൂടുകൾ തീർത്ത് 3000 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ചൊവ്വാഴ്ച പുലർച്ച മീനുകൾ കൂട്ടിൽ ചത്ത് കിടക്കുന്ന കാഴ്ചയാണ് കണ്ടത്. കണ്ണമാലിയിലെ ഫാക്ടറിയിൽനിന്ന് വിഷജലം തുറന്നുവിട്ടതാണ് കാരണമെന്നാണ് പരാതി. ഏതാനും ദിവസമായി കായലിലെ വെള്ളത്തിന് ചുവപ്പു കലർന്ന നിറമാണെന്ന് തൊഴിലാളികൾ പറയുന്നു. വിളവെടുപ്പിന് ഒന്നര മാസം മാത്രം ബാക്കി നിൽക്കെയാണ് മീനുകൾ ചത്തുപൊങ്ങിയത്. ആറുമാസത്തെ അധ്വാനവും മുടക്കുമുതലും നഷ്ടപ്പെട്ട നിരാശയിലാണ് സുഹൃത്തുക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.