ദമ്മാം: 45 വർഷം നീണ്ട ദാമ്പത്യത്തിനുശേഷം 72 വയസ്സുകാരി വയോധികക്ക് ഭർത്താവിനെ ഒഴിവാക്കാൻ (ഫസഹ്) ചെയ്യാൻ സൗദി സിവിൽ കോടതി അനുമതി നൽകി. ജിദ്ദയിൽ നടന്ന സംഭവം പ്രാദേശിക അറബ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 15 വർഷമായി ഭർത്താവ് തന്നെ അവഗണിക്കുകയും കിടക്കയിൽനിന്ന് ഒഴിവാക്കുകയും ചെയ്യുന്നതിനാൽ തനിക്ക് മോചനം വേണമെന്നായിരുന്നു വയോധികയുടെ ആവശ്യം. ഭർത്താവിെൻറ ഇത്തരത്തിലുള്ള സമീപനം തനിക്ക് സാമൂഹികവും മാനസികവുമായി ഉപദ്രവമുണ്ടാക്കുന്നുവെന്നും ഇവർ ആരോപിച്ചു.
വിശദമായ അന്വേഷണങ്ങൾക്കും അനുരഞ്ജന ശ്രമങ്ങൾക്കും ഒടുവിൽ ആരോപണത്തിൽ ഉറച്ചുനിന്ന സ്ത്രീക്ക് ഭർത്താവിനെ ഒഴിവാക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. വിധി വന്ന ഈ ആഴ്ച മുതൽ മൂന്ന് മാസത്തേക്ക് 'ഇദ്ദ' കാലാവധി ആചരിക്കാൻ കോടതി സ്ത്രീയോട് ആവശ്യപ്പെട്ടു. മാത്രമല്ല, ശരീഅത്ത് നിയമപ്രകാരം നിർദേശിച്ചിട്ടുള്ള നിബന്ധനകളുടെയും വ്യവസ്ഥകളുടേയും അടിസ്ഥാനത്തിൽ പുതിയ വിവാഹ കരാറിൽ ഏർപ്പെടാമെന്നും കോടതി അറിയിച്ചു. എന്നാൽ, ഇദ്ദാ കാലാവധിക്കു ശേഷം മാത്രമേ ഇതിന് അനുവാദമുള്ളൂ. ഭർത്താവിൽനിന്ന് ഗർഭം ധരിച്ച് ഏഴുമക്കളെ പ്രസവിച്ചിട്ടും കടുത്ത വിദ്വേഷത്തിനും കാപട്യത്തിനും താൻ ഇരയായെന്ന് വയോധിക കോടതിയിൽ വാദിച്ചു.
ഇസ്ലാമിക ശരീഅത്ത് വിഭാവനം ചെയ്തിട്ടുള്ള വാത്സല്യം, കരുണ, പാർപ്പിടം, പവിത്രത എന്നിങ്ങനെയുള്ള വിവാഹത്തിെൻറ ഉത്തമ ലക്ഷ്യങ്ങൾ തെൻറ പേരിൽ സാക്ഷാൽക്കരിക്കപ്പെട്ടിട്ടില്ലെന്നും ഇവർ അറിയിച്ചു. ഇതു പരിഗണിച്ച് സ്വതന്ത്രയായി പോകാൻ തന്നെ അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ, താൻ ഭാര്യയിൽ സന്തുഷ്ടയാെണന്നും എല്ലാ ആവശ്യങ്ങളും നിവർത്തിച്ചിട്ടുണ്ടെന്നും ഭാര്യയെ ഉപേക്ഷിക്കാൻ മനസ്സ് അനുവദിക്കുന്നില്ലെന്നും ഭർത്താവും വാദിച്ചു.
ഇതു കൂടി പരിഗണിച്ച് അനുരഞ്ജന സമിതിയുടെ മുന്നിലേക്ക് കോടതി ഇരുവരേയും അയച്ചുവെങ്കിലും സ്ത്രീ വിവാഹ മോചനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. എന്തു കാരണങ്ങളുടെ പേരിലായാലും താൻ ഭർതൃവീട്ടിലേക്ക് മടങ്ങില്ലെന്ന് അവർ ആവർത്തിച്ചു. ഒടുവിൽ 45 വർഷം നീണ്ടുനിന്ന വിവാഹ കരാർ അവസാനിപ്പിച്ച് സ്ത്രീയെ സ്വതന്ത്രയാക്കി കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.