അടുക്കള തോട്ടത്തിൽ നിന്ന് നല്ല വിളവ് കിട്ടണമെങ്കിൽ നല്ല പരിപാലനം നൽകണം. ബാക്ടീരിയൽ വാട്ടം, ദ്രുതവാട്ടം, കരിവള്ളിക്കേട്, ഇലപ്പുള്ളി എന്നിവയാണ് അടുക്കളക്കൃഷിയെ ബാധിക്കുന്നവയിൽ പ്രധാനം. ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ജൈവവളം അടിസ്‌ഥാന വളമായി നൽകിയാൽ ഈ രോഗങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാം. വിപുലമായ കൃഷിയാണെങ്കിൽ ഒരു സെന്‍റിന് 100 കിലോ വേണ്ടി വരും. അടിവളമായി നൽകാൻ കഴിഞ്ഞില്ലെങ്കിൽ പല തവണയായി മേൽവളമായും നൽകാം. കേരള കാർഷിക സർവകലാശാലാകേന്ദ്രങ്ങളിൽ ട്രൈക്കോഡെർമ ലഭ്യമാണ്.
100 കിലോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളത്തിൽ ഒരു കിലോ ട്രൈക്കോഡെർമ ചേർത്ത് നന്നായി ഇളക്കി ചെറുതായി നനച്ച് വീണ്ടും ഇളക്കി തണലിൽ നനഞ്ഞ ചണച്ചാക്കു കൊണ്ടു മൂടിയിടാം. 3 ദിവസത്തിലൊരിക്കൽ ചെറുതായി നനച്ച് വീണ്ടും ഇളക്കി മൂടി വയ്ക്കണം. രണ്ടാഴ്ച കൊണ്ട് ട്രൈക്കോഡെർമ എന്ന കുമിളിൻ്റെ പച്ചനിറത്തിലുള്ള പൂപ്പൽ വളർന്നിരിക്കും.
നെല്ലു കുത്തുന്ന മില്ലിൽനിന്നു ലഭിക്കുന്ന ഉമിച്ചാരം രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന സിലിക്കോൺ അടങ്ങിയതായതിനാൽ അടുക്കളത്തോട്ടത്തിൽ സമൃദ്ധമായി ഉപയോഗിക്കാം. അടിസ്‌ഥാനവളത്തോടൊപ്പം സെന്റൊന്നിന് 50 കിലോ വരെ ചേർക്കാം.
വിളകളുടെ ആരോഗ്യം ഉറപ്പു വരുത്താൻ ആഴ്‌ചയിലൊരിക്കൽ എഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവ സ്ലറി, ഹരിതകഷായം എന്നിവ മാറി മാറി തളിക്കാം.
അടുക്കളത്തോട്ടത്തെ നശിപ്പിക്കുന്ന പച്ചത്തുള്ളൻ, മുഞ്ഞ എന്നിവയെ നശിപ്പിക്കാൻ വേപ്പെണ്ണ എമൽഷൻ ആഴ്‌യിലൊരിക്കൽ തളിക്കാം.
ഇലയുടെ അടിയിൽ കാണുന്ന വെള്ളീച്ചയെ നിയന്ത്രിക്കുന്നതിന് മഞ്ഞക്കെണി അവിടവിടെയായി തൂക്കുക. പയറിലെ ചാഴിയെ അകറ്റാനുള്ള വെളിച്ചക്കെണിയായി പന്തം വൈകുന്നേരം 6 മുതൽ 7 മണി വരെ വയ്ക്കാം. മിത്രകീടമായ ചിലന്തികളുണ്ടെങ്കിൽ നിയന്ത്രണം എളുപ്പമാക്കാം. ഇതിനായി പുതയെന്ന നിലയിൽ വൈക്കോൽ നിക്ഷേപിക്കാം. പാവലും പടവലവും കൃഷി ചെയ്യുമ്പോൾ പന്തലിൽ തന്നെ വൈക്കോൽ വച്ചു കൊടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.