കേളകം: കാലാവസ്ഥ വ്യതിയാനം മൂലം ഉൽപാദനം കുറയുകയും കരിഞ്ഞുണങ്ങുകയും ചെയ്തപ്പോൾ കശുമാവ് കർഷകർക്ക് വാഗ്ദാനമായി അടക്കാത്തോട്ടിലെ പടിയക്കണ്ടത്തിൽ ജിജു തയാറാക്കിയ ‘കാഷ്യു കിങ്’ ഇനം കശുമാവ് നിറയെ കായ്ച്ച് നിൽക്കുന്നത് കർഷകർക്കും പ്രതീക്ഷയാവുന്നു.
തന്റെ മൂന്നര ഏക്കർ കൃഷിയിടത്തിൽ കശുമാവുകളുടെ രാജാവായി സ്വന്തമായി വികസിപ്പിച്ചെടുത്ത കാഷ്യു കിങ് തൈകളുടെ വിളവെടുപ്പ് കാലമാണിപ്പോൾ. സ്വന്തം നഴ്സറിയിൽ ഗ്രാഫ്റ്റ് ചെയ്ത് സജ്ജമാക്കി നട്ടുവളർത്തി വിളയിച്ചയിനമായ കാഷ്യു കിങ് നിറയെ കായ്ഫലം തരുന്ന ഇനമാണ്.
രണ്ടര പതിറ്റാണ്ടായി കാർഷിക തൈകൾക്കായി നഴ്സറി നടത്തുകയും മിസ്റ്റ് -ഡ്രിപ് ഇറിഗേഷൻ പദ്ധതികൾ സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധയിടങ്ങളിൽ സംവിധാനിക്കുകയും ചെയ്യുന്ന ജിജു കർഷകർക്ക് സുപരിചിതനാണ്.
കശുമാവിലെ സമൃദ്ധമായ വിളവ് കാണാൻ നിരവധി പേർ എത്തുന്നതായി അദ്ദേഹം പറഞ്ഞു. തൈകൾ നട്ട് രണ്ടാം വർഷം മുതൽ വിളവെടുക്കാവുന്ന കശുമാവിൽനിന്ന് ശേഖരിക്കുന്ന കശുവണ്ടി 80 എണ്ണം തൂക്കിയാൽ ഒരുകിലോ ലഭിക്കും.
കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ വൈവിധ്യകൃഷി നടത്തി ലഭിച്ച അനുഭവ സമ്പത്താണ് പുതിയ കൃഷി ഇനങ്ങൾ കണ്ടെത്താൻ ജിജുവിന് പ്രചോദനം. കണ്ണൂരിന്റെ മലയോര മേഖലകളിലും മറ്റ് ജില്ലകളിലും കർണാടകയുടെ വിവിധ മേഖലകളിലും കാഷ്യു കിങ് ഇനം കശുമാവുകൾ നിറയെ കായ്ഫലം ലഭിച്ച് തുടങ്ങിയതായും അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.