മണ്ണിനെ ജീവനുള്ളതാക്കും, ജീവാണുവളങ്ങൾ

മണ്ണിലുള്ള ഉപകാരികളായ സൂക്ഷ്മാണുക്കളെ കണ്ടെത്തി, വേർതിരിച്ചെടുത്ത് പരീക്ഷണശാലയിൽ വളർത്തി കൃഷിയിൽ ഉപയോഗിക്കാൻ പാകത്തിൽ രൂപപ്പെടുത്തിയെടുക്കുന്ന സൂക്ഷ്ജീവികളെയാണ് ജീവാണുവളങ്ങൾ എന്നുപറയുന്നത്. വിളകളുടെ വളർച്ചക്ക് ആവശ്യമായ പ്രാഥമിക മൂലകങ്ങൾ നൽകാൻ കഴിയുന്നവയാണ് ഇവ. മറ്റുജൈവവളങ്ങളോടൊപ്പം ചേർത്ത് ഉപയോഗിച്ചാൽ വിളകളുടെ വളർച്ച കൂടുതൽ പരിപോഷിപ്പിക്കാനും ഇവക്ക് സാധിക്കുന്നു.

അന്തരീക്ഷത്തിലെ പാക്യജനകം (നൈട്രജൻ) ആഗിരണം ചെയ്തു അമോണിയയാക്കി മാറ്റി ചെടികൾക്ക് ലഭ്യമാകാൻ സഹായിക്കുന്നതിനോടൊപ്പം മണ്ണിൽ ലയിക്കാത്ത മൂലകങ്ങളെ ലയിപ്പിച്ച്‌ വേരുകൾക്ക് വലിച്ചെടുക്കാൻ പാകത്തിൽ രൂപപ്പെടുത്താനും, ഹോർമോണുകൾ ഉൽപാദിപ്പിച്ച് ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താനും ഇവ സഹായിക്കുന്നു.

അസറ്റോബാക്ടർ, അസോസ്പൈറില്ലം, മൈക്കോറൈസ എന്നിവയാണ് പ്രധാനപ്പെട്ട ജീവാണുവളങ്ങൾ.

അസറ്റോബാക്ടർ

മണ്ണിൽ സ്വാതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ഈ ബാക്റ്റീരിയക്ക് അന്തരീക്ഷത്തിലെ പാക്യജനകത്തെ വലിച്ചെടുത്തു അമോണിയയാക്കി മാറ്റാൻ കഴിവുണ്ട്. ഒരു ഹെക്ടറിൽ ഏകദേശം 20-25കിലോഗ്രാം വരെ നൈട്രജൻ ലഭ്യമാക്കാൻ ഇവക്കുകഴിയും. വിളകളുടെ 20-30 ശതമാനം വരെ നൈട്രജൻ ആവശ്യകത നികത്താൻ ഇതുമതിയാകും. കൂടാതെ സസ്യഹോർമോണുകൾ ഉൽപാദിപ്പിച്ച് വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

അസോസ്പൈറില്ലം

മണ്ണിലും ചെടികളുടെ വേരിലും വസിക്കുന്ന സൂക്ഷ്മജീവികളാണിവ. ഒരു സെൻറ് കൃഷിയിടത്തിൽ 60 ഗ്രാം മുതൽ 100ഗ്രാം വരെ നൈട്രജൻ പ്രധാനം ചെയ്യാനും വിളകളുടെ വളർച്ചക്കും വിള വർധനവിന് പങ്കുവഹിക്കാനും ഇവക്കു സാധിക്കും.

മൈക്കോറൈസ അഥവാ കുമിൾവേരുകൾ

എല്ലാതരം പച്ചക്കറികൾക്കും ഏറെ അനുയോജ്യമായ ജീവാണുവളമാണ് ഇവ. വിളകളുടെ വളർച്ചക്ക് ഒരു ടോണിക് ആയി പ്രവർത്തിക്കാൻ ഇവക്കു കഴിയുന്നു. ചെടികളിൽ നിന്ന് അന്നജം സ്വീകരിച്ചു വളരുന്ന ഈ സൂക്ഷ്മ കുമിൾ വേരുകൾ മണ്ണിൽനിന്ന് ചെടികളുടെ വളർച്ചക്കാവശ്യമായ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങി 15 ഓളം സൂക്ഷ്മ മൂലകങ്ങൾ വലിച്ചെടുത്ത് ചെടികൾക്ക് പ്രദാനം ചെയ്യുന്നു.

ചെടികൾക്ക് നല്ല വേരുപടലം ഉണ്ടാകാനും രോഗപ്രതിരോധശേഷി ഉണ്ടാകുന്നതിനും ഇവ സഹായിക്കുന്നു. വേരുകളിൽ പറ്റിപ്പിടിച്ചു വളരുന്ന ഇവയുടെ തന്തുക്കൾ അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുത്ത് ചെടികൾക്ക് നൽകുന്നതിനാൽ വരൾച്ചയിൽ നിന്നും രക്ഷനേടാൻ കഴിയുന്നു.

എങ്ങനെ ഉപയോഗിക്കാം

അസോസ്പൈറില്ലം, അസറ്റോബാക്ടർ എന്നിവ വിത്തിൽ പുരട്ടിയും പറിച്ചുനടുമ്പോൾ തൈകളുടെ വേരുകൾ ഇവയുടെ മിശ്രിതത്തിൽ മുക്കിയും അല്ലെങ്കിൽ ജൈവവളത്തോടൊപ്പം ചേർത്തോ നടാം. 500 ഗ്രാം ഉപയോഗിച്ച് അഞ്ചു മുതൽ 10 കിലോ വിത്ത് പുരട്ടാവുന്നതാണ്. 250 ഗ്രാം 750 മില്ലി ഗ്രാം വെള്ളത്തിൽ കലർത്തി വേരുകൾ മുക്കി അര മണിക്കൂറിനുശേഷം നടാം. രണ്ടുമുതൽ നാലു കിലോഗ്രാം വരെ മണ്ണിൽ നേരിട്ട് ജൈവവളത്തോടൊപ്പം നൽകാൻ സാധിക്കും.

മൈക്കോറൈസ ഒരു ചതുരശ്ര മീറ്ററിന് 200 ഗ്രാം പൊടി എന്ന തോതിൽ വിതറി ഉപയോഗിക്കാം. പറിച്ചുനടുന്ന ചെടികൾക്ക് ഒന്നിന് അഞ്ച് ഗ്രാം എന്ന കണക്കിൽ മണ്ണിൽ ചേർത്തിളക്കി ഉപയോഗിക്കാം. ചെടികളുടെ ഏതൊരു വളർച്ചാഘട്ടത്തിലും ജീവാണുവളങ്ങൾ ഉപയോഗിക്കാവുന്നതാണ്.

എവിടെ ലഭ്യമാകും

നഴ്‌സറികൾ, വളങ്ങൾ വിൽക്കുന്ന കടകൾ, കൃഷികേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിവിധ പേരുകളിൽ ലഭ്യമാണ്.

ജീവാണു വളങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ഗുണമേന്മ ഉള്ളതായിരിക്കണം.

2. കാലാവധി കഴിഞ്ഞത് ഉപയോഗിക്കരുത്.

3. ജീവാണു വളങ്ങൾ നേരിട്ട് സൂര്യപ്രകാശം തട്ടാതെ സൂക്ഷിക്കുക.

4. ജീവാണുക്കളുടെ വളർച്ച ത്വരിതപ്പെടുന്നതിനായി മറ്റ് ജൈവവളങ്ങളോടൊപ്പം ഉപയോഗിക്കുക.

5. വേനൽക്കാലത്ത് ഉപയോഗിക്കുമ്പോൾ ജലസേചനം അതിനോടൊപ്പം നടത്തുക. ജീവാണുക്കളുടെ വളർച്ചയെ ഇത് ത്വരിതപ്പെടുത്തും.

Tags:    
News Summary - Biofertilizers keep the soil alive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.