അതിരപ്പിള്ളി: എണ്ണപ്പനക്കുരുവിന് മതിയായ വില ലഭിക്കാത്തതിനെ തുടർന്ന് കാലടി പ്ലാന്റേഷൻ കോർപറേഷനിലെ എണ്ണപ്പന തോട്ടത്തിലെ വിളവെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചു. തോട്ടത്തിലുണ്ടാകുന്ന എണ്ണപ്പനക്കുരുവിന്റെ വിൽപ്പന ഓരോ മാസവും പ്രത്യേകമായാണ് നടക്കുക. മേയ് മാസത്തിലെ എണ്ണപ്പനക്കുരുവിന് ടെൻഡർ വെച്ചിട്ടും ലേലം എടുക്കാൻ ആളില്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
മറ്റ് സ്ഥലങ്ങളിൽ നിന്ന് ഈ സീസണിൽ എണ്ണപ്പനക്കുരു ലഭിക്കുമെന്നതിനാലാണ് പതിവായി ലേലം കൊള്ളാനെത്തുന്ന കമ്പനികൾ വിട്ടുനിന്നത്. തിങ്കളാഴ്ച വീണ്ടും ലേലം നടക്കും. ലേലം എടുക്കാനാളില്ലെങ്കിൽ ലക്ഷങ്ങളുടെ നഷ്ടമാണ് കോർപറേഷന് ഉണ്ടാവുക. ലേലത്തിൽ എടുക്കാനാളില്ലാത്തതിനാൽ വിളവെടുപ്പ് നടത്തിയാൽ കുരുക്കൾ ഫലപ്രദമായി ശേഖരിച്ചു വെക്കാനാവില്ല. കഠിനമായ താപനില ഉയർന്ന സാഹചര്യത്തിൽ അവ ഉണങ്ങി പോവുകയേയുള്ളു.
പിന്നീട് അതിൽ നിന്ന് ആവശ്യമായ അളവിൽ ഓയിൽ ഉൽപാദിപ്പിക്കാനാവില്ല. അതിനാൽ തൽക്കാലം വിളവെടുക്കാതെ മരത്തിൽ തന്നെ നിർത്തിയിരിക്കുകയാണ്. 500ഓളം ടൺ ഈ മാസം വിറ്റഴിഞ്ഞില്ലെങ്കിൽ കോർപ്പറേഷന് കാര്യമായ നഷ്ടം സംഭവിക്കും. മൂന്ന് വട്ടമാണ് ലേലം വിളി നടക്കുക. മൂന്നാം വട്ടവും മതിയായ വിലക്ക് ലേലത്തിൽ പോയില്ലെങ്കിൽ കുറഞ്ഞ വിലക്ക് നൽകേണ്ടി വരും. അപ്പോഴും കോർപ്പറേഷന് നഷ്ടം സംഭവിക്കാനിടയുണ്ട്.
അതേസമയം, പ്ലാന്റേഷൻ കോർപ്പറേഷനിലെ ചില ഉദ്യോഗസ്ഥർ ഇ- വേ ബില്ല് കൊടുക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് എണ്ണപ്പനക്കുരു ലേലം ചെയ്യപ്പെടാത്തതിന് കാരണമെന്ന് ആരോപണമുണ്ട്. പല ലോഡുകളും കയറ്റിയ അന്ന് തന്നെ ബില്ല് കൊടുക്കാത്തതു കൊണ്ട് കെട്ടിക്കിടക്കുന്ന അവസ്ഥ വരാറുണ്ട്. കെട്ടിക്കിടന്നാൽ ലോഡുകളിലെ എണ്ണപ്പനക്കുരു ഉപയോഗശൂന്യമായി നാശമാകാനിടയുണ്ടെന്നാണ് പരാതി. ഇതിനാൽ കമ്പനികൾക്ക് ഇവിടെ നിന്ന് ലേലം കൊള്ളാൻ വൈമുഖ്യമുണ്ടത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.