അടിമാലി: കൊക്കോ വില വീണ്ടും ഉയരുമ്പോഴും ഗുണം കിട്ടാതെ കര്‍ഷകര്‍. ചൊവ്വാഴ്ച 580 രൂപക്കാണ് കൊക്കോ വില്‍പ്പന നടന്നത്. വില ഇനിയും ഉയരാന്‍ സാധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇത് പ്രതീക്ഷ നല്‍കുന്നുവെങ്കിലും വിളവ് വളരെ കുറവായതാണ് കർഷകർക്ക് തിരിച്ചടിയായത്.
ഈ വര്‍ഷമാദ്യം 1000 രൂപക്ക് മുകളില്‍ വില വന്നെങ്കിലും പിന്നീട് 300 രൂപയില്‍ താഴേക്ക് വന്നിരുന്നു. രോഗം മൂലം കൃഷി വ്യാപകമായി നശിച്ചത് വീണ്ടും വില ഉയരാന്‍ കാരണമായി. അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് കൃഷിക്ക് തിരിച്ചടി. കൂടാതെ വന്യമൃഗ ശല്യവും പ്രശ്‌നമാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്പാദനം 70 ശതമാനത്തിലേറെ കുറഞ്ഞതും വിനയായി. ഹൈറേഞ്ചില്‍ മറ്റ് ക്യഷിയോടൊപ്പം ഇടവിളയായിട്ടാണ് കൊക്കോ കൃഷി ചെയ്തിട്ടുള്ളത്. തനിവിളയായി കൃഷി ചെയ്യുന്നവരുമുണ്ട്. ആഴ്ചതോറും വിളവെടുപ്പ് നടത്താമെന്നതിനാല്‍ മറ്റു വിളകള്‍ക്ക് വിലയിടിവ് ഉണ്ടായപ്പോള്‍ കര്‍ഷകര്‍ക്ക് താങ്ങായി നിന്നത് കൊക്കോകൃഷിയാണ്. കേടുവന്ന കൊക്കോ വിപണിയിലെത്തുന്നത് വ്യാപാരത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയും ഉണ്ട്. ഇപ്പോള്‍ കായ് ചീയുകയും ഫംഗസ് ബാധിക്കുകയും ചെയ്തതോടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു.
ജലസേചന സൗകര്യമൊരുക്കിയാല്‍ വര്‍ഷം മുഴുവന്‍ വിളവ് ലഭിക്കുന്ന ഏക കൃഷിയാണ് കൊക്കോ. മറ്റ് കൃഷികളെ അപേക്ഷിച്ച് ഉല്‍പാദന ചെലവ് കുറവായതിനാല്‍ മറ്റു വിളകള്‍ക്ക് വിലയിടിഞ്ഞപ്പോള്‍ നിരവധി കര്‍ഷകര്‍ കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. കൊക്കോയ്ക്ക് മഴയും തണുപ്പും ആവശ്യമാണെങ്കിലും അധികമായി മഴ ലഭിച്ചതാണ് ഇത്തവണ വിനയായത്. കൂടുതലായി വേനല്‍മഴ ലഭിച്ചതിനാല്‍ ചെടികളില്‍ രോഗം രൂക്ഷമാണ്. 30 ദിവസത്തിനിടെ മൂന്നുതവണ മരുന്ന് തളിക്കേണ്ടതാണ്.
ഇന്ത്യയില്‍ മൊത്തം ഉല്‍പാദിപ്പിക്കുന്ന കൊക്കോയുടെ 82 ശതമാനവും കേരളത്തിൽ നിന്നാണ്. ഇതില്‍ 70 ശതമാനം ഉല്‍പാദനവും ഇടുക്കി ജില്ലയിലാണ്. അടിമാലി, കൊന്നത്തടി, വെള്ളത്തൂവല്‍, രാജാക്കാട്, തങ്കമണി, വാത്തികുടി, വാഴത്തോപ്പ്, കഞ്ഞിക്കുഴി തുടങ്ങിയ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ ഉല്‍പാദനം ഉള്ളത്. ചോക്ലേറ്റ് നിര്‍മാണത്തിനാണ് കൊക്കോ കൂടുതലായും ഉപയോഗിക്കുന്നത്. കാമറൂണ്‍, നൈജീരിയ, ഐവറി കോസ്റ്റ്, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ഇവിടെയും കൃഷി വലിയ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.