വിളവെടുപ്പ് വേളയിലെ വിലത്തകർച്ചയിൽനിന്ന് നാളികേര കർഷകരെ സംരക്ഷിക്കാൻ കൊപ്രയുടെ താങ്ങുവില ഉയർത്തിയത് വിപണിയിൽ അനുകൂല തരംഗം സൃഷ്‌ടിച്ചു. ദക്ഷിണേന്ത്യയിൽ നാളികേരോൽപന്നങ്ങൾ നടപ്പ് വർഷത്തെ ഏറ്റവും ഉയർന്ന തലത്തിലാണ്. വെളിെച്ചണ്ണക്ക് പ്രദേശിക വിപണികളിൽ അലയടിച്ച ഉത്സവകാല ഡിമാൻഡും മുന്നേറ്റത്തിന് വേഗത പകർന്നു. ഈ വർഷം ഉൽപാദനം കുറഞ്ഞതിനാൽ ദക്ഷിണേന്ത്യയിൽ പച്ചത്തേങ്ങയുടെ ലഭ്യത പതിവിലും കുറഞ്ഞതും വിപണി നേട്ടമാക്കി. കേന്ദ്രം അടുത്ത സീസണിലെ കൊപ്രയുടെ താങ്ങുവില 11,582 രൂപയായി ഉയർത്തി. നിലവിൽ വിപണി വില 14,500 രൂപയാണ്. പുതുക്കിയ താങ്ങ് വിലയുമായി താരതമ്യം ചെയ്യുമ്പോൾ വിപണി വില ഉയർന്ന് നിൽക്കുകയാണെങ്കിലും വിളവെടുപ്പ് വേളയിൽ വിലത്തകർച്ച തടയാൻ ഈ താങ്ങുവില ഉപകരിക്കും.
സർക്കാർ ഏജൻസികൾ താങ്ങുവിലക്ക് സംഭരിക്കാനുള്ള തയാറെടുപ്പുകൾ ഫെബ്രുവരി-മാർച്ച് കാലയളവിൽ തുടക്കം കുറിച്ചാൽ മാത്രമേ കേരളത്തിലും തമിഴ്‌നാട്ടിലും വിളവെടുപ്പ് ഊർജിതമാകുന്ന ഘട്ടത്തിൽ വിപണി ഇടപെടലിന് അവസരം ലഭിക്കൂ. സംസ്ഥാന സർക്കാരും കൃഷിവകുപ്പും ഉണർന്ന് പ്രവർത്തിച്ചാൽ സീസണിലെ വില തകർച്ചയെ തടയാനാവും. പിന്നിട്ട ഏതാനും വർഷങ്ങളായി സംസ്ഥാനത്ത് കൊപ്രസംഭരണം കടലാസിൽ മാത്രമായി ഒതുങ്ങുകയാണ്. പച്ചത്തേങ്ങ സംഭരണമാണ് പലപ്പോഴും ഇവിടെ നടക്കുന്നത്. അതിർത്തി ജില്ലകളിൽ സംഭരണ കേന്ദ്രങ്ങളിൽ തമിഴ്‌നാട്ടിൽനിന്നുള്ള പച്ചത്തേങ്ങ ഇടംപിടിക്കാറാണ് പതിവ്. വാരാന്ത്യം കൊച്ചിയിൽ കൊപ്ര 14,500ലും വെളിെച്ചണ്ണ 21,900 രൂപയിലുമാണ്.
*******
കുരുമുളക് പുതുവർഷം ശക്തമായ കുതിപ്പ് കാഴ്ച വെക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. ഉൽപാദന മേഖലകളിൽ കരുതൽ ശേഖരം കുറഞ്ഞതിനാൽ അടുത്ത വർഷത്തെ പുതിയ ചരക്ക് കൂടുതലായി വിറ്റുമാറാൻ തോട്ടം മേഖല ഉത്സാഹിക്കില്ല. സംസ്ഥാനത്ത് നിലനിന്ന പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താൽ വിളവ് പല ഭാഗങ്ങളിലും കുറയുമെന്ന സൂചനയാണ് കർഷകരിൽനിന്ന് ലഭ്യമാവുന്നത്. ടെർമിനൽ മാർക്കറ്റിൽ നാടൻ കുരുമുളക് വരവ് നാമമാത്രമാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 63,200 രൂപയിലും ഗാർബിൾഡ് 65,200 രൂപയിലുമാണ്.
*******
ഏഷ്യൻ റബർ മാർക്കറ്റിൽ വാരാവസാനം ഉണർവ് ദൃശ്യമായെങ്കിലും വാരാരംഭം മുതൽ ഉൽപന്നം വിൽപനക്കാരുടെ നിയന്ത്രണത്തിലായിരുന്നു. ചൈനീസ് ടയർ വ്യവസായിക മേഖലയിൽനിന്ന് റബറിന് ഡിമാൻഡ് കുറഞ്ഞത് തായ്‌ലൻഡ് വിപണിയായ ബാങ്കോക്കിനെ ഒരവസരത്തിൽ പിടിച്ചുലച്ചു. തുടർച്ചയായ ദിവസങ്ങളിലെ വില ഇടിവിനിടയിൽ നിരക്ക് 20,156 രൂപയിൽനിന്ന് 19,451 രൂപ വരെ ബാങ്കോക്കിൽ താഴ്‌ന്ന ശേഷം വാരാന്ത്യം 19,561 രൂപയിലാണ്. ഒരു വിഭാഗം വ്യവസായികളെ താഴ്‌ന്ന റേഞ്ചിൽ പുതിയ വാങ്ങലുകൾക്ക് വാരാന്ത്യം ഉത്സാഹിച്ചു.
ചൈനീസ് സാമ്പത്തിക മേഖല അടുത്ത വർഷം വളർച്ച കൈവരിക്കാൻ വേണ്ട ഊർജിത നടപടികളുമായി മുന്നേറുകയാണ് ബെയ്ജിങ്. ചൈനീസ് നീക്കങ്ങൾ രാജ്യാന്തര റബർ മാർക്കറ്റിന് ഊർജം പകരും. ഡോളറുമായുള്ള വിനിമയത്തിൽ യുവാനും യെന്നിനും നേരിട്ട തിരിച്ചടികളും സാമ്പത്തിക മേഖലയിലെ മാന്ദ്യവും റബർ വിലയിൽ പ്രതിഫലിക്കും. ഫെഡറൽ റിസർവും ബാങ്ക് ഓഫ് ജപ്പാനും തമ്മിലുള്ള പണ നയങ്ങളുടെ സ്വാധീനം യെന്നിന്റെ മൂല്യം അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 157.88ലേക്ക് ദുർബലമാക്കി. രൂപയുടെ മൂല്യവും ചരിത്രത്തിലെ ഏറ്റവും ദുർബലമായ അവസ്ഥയിലാണ്. രൂപ ഇടിഞ്ഞത് ടയർ വ്യവസായികളെ വിദേശ റബർ ഇറക്കുമതിയിൽനിന്നും പിന്തിരിപ്പിക്കാം. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ വില 18,800 രൂപയിൽ വിപണനം നടന്നു.
*******
ആഗോള സ്വർണം റെക്കോഡ് പ്രകടനം കാഴ്‌ചവെച്ച വർഷമാണ് കടന്നുപോകുന്നത്. വർഷാരംഭത്തിൽ ട്രോയ് ഔൺസിന് 1991 ഡോളറിൽനിന്നും ഒക്‌ടോബറിൽ 2791 ഡോളർ വരെ മുന്നേറിയ മഞ്ഞലോഹം വാരാന്ത്യം 2621 ഡോളറിലാണ്. കേരളത്തിൽ പിന്നിട്ടവാരം സ്വർണവില പവന് 56,800 രൂപയിൽനിന്നും 57,080ലേക്ക് കയറി. സ്വർണം ഒക്‌ടോബറിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 59,640 രൂപ വരെ സഞ്ചരിച്ചു. രൂപക്ക് കാലിടറിയതും ആഗോള സ്വർണത്തിലെ ബുള്ളിഷ് മനോഭാവവും കണക്കിലെടുത്താൽ പവൻ 62,000 - 65,000ലേക്ക് മുന്നിലുള്ള വർഷം ചുവട്‌വെക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.